പാലിയേക്കര ടോള്‍പ്ലാസ അടച്ചുപൂട്ടണമെന്ന് ആവശ്യം

തൃശൂര്‍: ദേശീയപാതയില്‍ 60 കി.മീറ്ററിനുള്ളില്‍ ഒരു ടോള്‍പ്ലാസ എന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ പാലിയേക്കര ടോള്‍പ്ലാസ വേണ്ടെന്നുവെക്കാന്‍ കേരളം നടപടിയെടുക്കാത്തതില്‍ ആശങ്ക. ഇവിടെ ജീവനക്കാര്‍ ഗുണ്ടകളെ പോലെയാണ് യാത്രികരോടു പെരുമാറുന്നതെന്ന ആക്ഷേപം ശക്തമാണ്. സംഘര്‍ഷങ്ങളും പതിവാണ്.

വാഹനത്തിലെ ഫാസ്ടാഗില്‍ ആവശ്യത്തിനു തുക ഉണ്ടായാലും പ്ലാസയിലെ റീഡിങ് നടക്കാത്തതിനാല്‍ യാത്രികരെ ഞെക്കിപ്പിഴിഞ്ഞ് ഇരട്ടിത്തുക ഈടാക്കുകയാണ്. സെന്‍സറുകളുടെ ശേഷിക്കുറവ് മൂലമുണ്ടാകുന്ന പിഴയ്ക്ക് ടോള്‍പ്ലാസയാണ് ഉത്തരവാദികളെങ്കിലും യാത്രികര്‍ക്കു പിഴയൊടുക്കേണ്ടിവരുന്നു.സമാന കേസുകളുണ്ടായാല്‍ മറ്റു പ്ലാസകളില്‍ ജീവനക്കാര്‍ വാഹനങ്ങള്‍ക്കടുത്തേക്ക് മെഷിനുമായി എത്തി പരിശോധിക്കുകയാണ് പതിവ്. പാലിയേക്കരയില്‍ ഏകപക്ഷീയമായി ഇരട്ടിതുക ഈടാക്കുന്നു. ജീവനക്കാര്‍ അവഹേളനവും ഗുണ്ടായിസവുമാണ് കാട്ടുന്നതെന്നു കാട്ടി പലരും പരാതിപ്പെട്ടിട്ടും നടപടിയില്ല. പോലീസ് എയ്ഡ്‌പോസ്റ്റുമില്ല. ടോള്‍ ജീവനക്കാരുടെ ശകാരം കേട്ട് പ്രതികരിക്കാനാകാതെ സ്ഥലംവിടേണ്ട അവസ്ഥയിലാണ് യാത്രികര്‍. കഴിഞ്ഞദിവസം ഇരുമ്പുവടിയുമായാണ് യാത്രികരെ ആക്രമിക്കാന്‍ ജീവനക്കാരെത്തിയത്.
ടോള്‍ കമ്പനികള്‍ നിയമത്തെ വെല്ലുവിളിക്കുമ്പോള്‍ സര്‍ക്കാര്‍ ഒന്നുമറിയാതെ ഇരിക്കുകയാണെന്ന് ഡി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് ചൂണ്ടിക്കാട്ടി. 19 ടോള്‍ ബൂത്തുകള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക രംഗത്തുവന്നിട്ടും കേരളത്തിന് മിണ്ടാട്ടമില്ല.

2008 ലെ നാഷണല്‍ ഹൈവേസ് ഫീ റൂള്‍സ് അമെന്‍ഡ്‌മെന്റ് പ്രകാരം 60 കിലോ മീറ്ററിനുള്ളില്‍ ഒരു ദിശയില്‍ ഒന്നില്‍ കൂടുതല്‍ ടോള്‍ പ്ലാസകള്‍ സ്ഥാപിക്കാന്‍ അനുമതിയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഇത്തരത്തിലുള്ള പ്ലാസകള്‍ നിര്‍ത്തുമെന്നു വ്യക്തമാക്കിയത്. എം.പിമാര്‍ പാലിയേക്കരയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ കാര്യം പരിഗണിക്കാമെന്ന് സഭയില്‍ പ്രഖ്യാപിച്ചതുമാണ്. ഏക തടസമായി ചൂണ്ടിക്കാണിച്ചത് നഷ്ടപരിഹാരം നല്‍കണമെന്നുള്ള കാര്യമാണ്.കരാര്‍ തുകയില്‍ അധികം പിരിച്ചെടുത്തതുകൊണ്ടു പാലിയേക്കര ടോള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യം ശക്തമാണ്.

Share
അഭിപ്രായം എഴുതാം