സിൽവർ ലൈനിന് അനുമതി നൽകണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നീതി ആയോ​ഗ് യോ​ഗത്തിൽ

ദില്ലീ: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിനുവേണ്ടി നീതി ആയോ​ഗ് യോ​ഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിലിന് പച്ചക്കൊടിയില്ലെന്ന് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കിയതിന് പിന്നാലെയാണ് ദില്ലിയിലെത്തി പരിഹാരമുണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ അപകടങ്ങൾ കുറക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കു ന്നതിനുമായി പദ്ധതിക്ക് അംഗീകാരം നൽകണമെന്നാണ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ പിണറായി ആവശ്യപ്പെട്ടത്.

സംസ്ഥാനങ്ങൾക്കുള്ള ജി എസ് ടി നഷ്ടപരിഹാരം അഞ്ച് വർഷത്തേക്ക് കൂടി നീട്ടണമെന്നും കേരളം യോഗത്തിൽ ആവശ്യപ്പെട്ടു. ബഫർ സോൺ വിഷയത്തിൽ കേന്ദ്രം ഇടപെട്ട് നിയമ പരിഹാരമുണ്ടാക്കണമെന്നതായിരുന്നു യോഗത്തിൽ കേരളത്തിന്റെ മറ്റൊരു ആവശ്യം. കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തിനുള്ള വായ്പ പരിധി കൂട്ടണമെന്നും ദേശീയ പാതാ വികസനം സമയ ബന്ധിതമായി പൂർത്തിയാക്കണമെന്നും പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവും, ബിജെപിയുമായുള്ള ഭിന്നതയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും യോഗം ബഹിഷ്ക്കരിച്ചിരുന്നു. മുഖ്യമന്ത്രിമാർ, കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. സംസ്ഥാനങ്ങളിലെ സാമ്പത്തിക സാഹചര്യം, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ, കൊവിഡ്, മങ്കിപോക്സ് വ്യാപനത്തിനിടയിലെ ആരോഗ്യമേഖലയിലെ വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിലാണ് നീതി ആയോഗ് ചർച്ച നടത്തിയത്.

തങ്ങളുടെ സംസ്ഥാനത്തോട് കേന്ദ്ര സർക്കാർ വിവേചനം കാട്ടുന്നുവെന്ന് ആരോപിച്ചാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു വിട്ടുനിൽക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് ചന്ദ്രശേഖർ റാവു കത്തയച്ചിരുന്നു. ബിഹാർ നിയമസഭ സ്പീക്കറെ മാറ്റണമെന്ന ആവശ്യം ബിജെപി തള്ളിയതോടെയാണ് നിതീഷ് കുമാർ നിലപാട് കടുപ്പിച്ചത്. നിതി ആയോഗ് യോഗം ബഹിഷ്ക്കരിച്ച അദ്ദേഹം ദില്ലിയിൽ നടന്ന യോഗത്തിലേക്ക് സംസ്ഥാനത്ത് നിന്ന് പകരം പ്രതിനിധിയെയും അയച്ചിരുന്നില്ല. ബിഹാറിലെ നിയമസഭാ മണ്ഡലങ്ങളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ജനത ദർബാറിൽ അദ്ദേഹം പങ്കെടുത്തു. രാഷ്ട്രപതി ദ്രൗപദി മുർമ്മുവിന്റെ സത്യപ്രതിജ്ഞ, മുൻരാഷ്ട്രപതി രാംനാഥ് കൊവിന്ദിന്റെ യാത്രയയപ്പ് ചടങ്ങുകളിൽ നിന്നും നിതീഷ് കുമാർ വിട്ടുനിന്നിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →