പാരമ്പര്യസ്വത്തില്‍ മുസ്ലിം സ്ത്രീ വിവേചനം; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

കൊച്ചി: പാരമ്പര്യ സ്വത്തവകാശത്തില്‍ മുസ്ലിം സ്ത്രീകളോടു വിവേചനമുണ്ടെന്ന പരാതിയില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. സ്വത്തവകാശം സംബന്ധിച്ച ശരിയത്ത് നിയമം ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ചുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കുന്നതിനാണിത്. ഇക്കാര്യത്തില്‍ സുപ്രീം കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും സര്‍ക്കാരിനു വേണമെങ്കില്‍ നിയമം നിര്‍മ്മിക്കാമെന്നുമുള്ള ഹൈക്കോടതി വിധിയ്ക്കെതിരേയുള്ള അപ്പീലിലാണ് സര്‍ക്കാര്‍ നിലപാട് അറിയിക്കേണ്ടത്. നിയമ സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍, സുപ്രീംകോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഓണ്‍െലെന്‍ യോഗമാണു നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്നു മുസ്ലിം സമുദായത്തിലെ വിവിധ സംഘടകളുടെ പ്രതിനിധികളുമായും ചര്‍ച്ച നടത്തിയശേഷമാകും. സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയെ അറിയിക്കുക. നിലവിലുള്ള ശരിയത്ത് നിയമം കേന്ദ്ര നിയമമായതിനാല്‍, കേന്ദ്ര സര്‍ക്കാരാണു ഒന്നാം എതിര്‍കക്ഷി.പെണ്‍കുട്ടികളോടുള്ള വിവേചനം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 19, 21, 25 എന്നിവയുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു ഖുറാന്‍ സുന്നത്ത് സൊെസെറ്റി അടക്കമുള്ളവര്‍ ഹര്‍ജി നല്‍കിയത്.

പാരമ്പര്യ സ്വത്തവകാശത്തില്‍ ശരിയത്തുനിയമം മുഹമ്മന് നബി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിച്ച് എഴുതിയതാണെന്നാണു ഹര്‍ജിക്കാരുടെ വാദം. സ്വത്തില്‍ മാത്രമല്ല, പല വിഷയത്തിലും ലിംഗ അസമത്വമുണ്ട്.പ്രവാചകന്‍ യഥാര്‍ഥത്തില്‍ പറയാത്തതാണു ശരിയത്തിലുള്ളതെന്നാണു അവരുടെ വാദം. പിതാവ് മരിച്ചാല്‍, നാമമാത്ര അവകാശം മാത്രമാണു സ്ത്രീകള്‍ക്കു ലഭിക്കുന്നത്. പലയിടത്തും അനീതി നിലനില്‍ക്കുന്നുണ്ട്.

വളരെ നിര്‍ണായക വിഷയമായതിനാല്‍ സര്‍ക്കാരിനു തിടുക്കത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ല. അഭിപ്രായ ഐക്യമുണ്ടായാല്‍ മാത്രമാണ് നിയമം കൊണ്ടുവരുന്നതില്‍ ഉള്‍പ്പെടെ നിലപാടെടുക്കാന്‍ കഴിയൂ. മാത്രമല്ല, മുസ്ലിം ലീഗ് ശരിയത്ത് ഹര്‍ജിക്കാരുടെ വാദത്തെ ശക്തമായി എതിര്‍ക്കുകയുമാണ്. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളനുസരിച്ചു മുസ്ലിം വ്യക്തിനിയമം പിന്തുടരാന്‍ അവകാശമുണ്ടെന്നും ഭരണഘടനാവിരുദ്ധമാണെന്ന വാദം തെറ്റാണെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.മുസ്ലിം സ്ത്രീകളുടെ സ്വത്തവാകാശം സംബന്ധിച്ച ശരിയത്ത് നിയമം ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം.

ശരിയത്ത് നിയമത്തിലെ പല വസ്തുതകളും വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നു ചൂണ്ടിക്കാട്ടി ഖുറാന്‍ സുന്നത്ത് സൊെസെറ്റിയാണ് ഹര്‍ജിക്കാര്‍. ഇതിനെതിരേ മുസ്ലിംലീഗ് എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ചേകന്നൂര്‍ മൗലവി സ്ഥാപിച്ച പുരോഗമന സ്വഭാവമുള്ള സംഘടനയാണ് ഖുറാന്‍ സുന്നത്ത് സൊെസെറ്റി. സ്ത്രീകളോടുള്ള വിവേചനം ഭരണഘടനാ വിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നാണ് വാദം.നിലവിലെ ശരിയത്ത് നിയമമനുസരിച്ചു മുസ്ലിം സ്ത്രീകളുടെ സ്വത്തവകാശം വിവേചനപരമായ രീതിയിലാണ് നടപ്പാക്കുന്നതെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഖുറാന്‍ പറയുന്നതു മരണപ്പെട്ട വ്യക്തിയുടെ സ്വത്തുക്കള്‍ മക്കളില്ലെങ്കില്‍ മാത്രമാണ് അയാളുടെ സഹോദരങ്ങള്‍ക്കു ലഭിക്കൂവെന്നാണ്. എന്നാല്‍, വ്യക്തിനിയമം അതിനെ ആണ്‍കുട്ടി ഇല്ലെങ്കില്‍ എന്ന രീതിയിലാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യം സ്വാമിയും കക്ഷി ചേര്‍ന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →