സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു. ലളിതിനെ ശുപാര്‍ശ ചെയ്തു

ന്യൂഡല്‍ഹി: ജസ്റ്റിസ് യു.യു. ലളിതിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണയാണ് യു.യു. ലളിതിന്റെ പേര് കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറിയത്. ഈ മാസം 26-നാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വിരമിക്കുന്നത്. ശിപാര്‍ശ അംഗീകരിക്കുന്നതോടെ ജസ്റ്റിസ് യു.യു. ലളിത് ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. എന്നാല്‍, 74 ദിവസം മാത്രമായിരിക്കും അദ്ദേഹത്തിന് ആ പദവിയില്‍ തുടരാനാവുക. നവംബര്‍ എട്ടിനാണ് ജസ്റ്റിസ് യു.യു. ലളിത് വിരമിക്കുന്നത്. വളരെ കുറഞ്ഞ കാലം മാത്രമായിരിക്കും അദ്ദേഹത്തിന് ചീഫ് ജസ്റ്റിസ് പദവിയില്‍ പ്രവര്‍ത്തിക്കാനാവുക. ഏറ്റവും കുറഞ്ഞ കാലം ചീഫ് ജസ്റ്റിസ് പദവി വഹിച്ചതിന്റെ റെക്കോഡ് ജസ്റ്റിസ് കമല്‍ നരേന്‍ സിങ്ങിന്റെ പേരിലാണ്. 1991-ല്‍ ചീഫ് ജസ്റ്റിസായ അദ്ദേഹം 17 ദിവസം മാത്രമാണ് ആ പദവിയില്‍ തുടര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ പിന്‍ഗാമിയായ ചുമതലയേറ്റ ജസ്റ്റിസ് എന്‍.വി. രമണയുടെ കാലാവധി 16 മാസത്തിലേറെയായിരുന്നു. 2014 ഓഗസ്റ്റ് 13-നാണ് സുപ്രീം കോടതി ജഡ്ജിയായി യു.യു. ലളിത് നിയമിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ പിതാവ് യു.ആര്‍. ലളിതും അഭിഭാഷകനായിരുന്നു, പിന്നീട് ഡല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →