തിരുവനന്തപുരം: എം എം മണിയുടേത് അധിക്ഷേപം തന്നെയെന്ന് എംഎൽഎ കെ കെ രമ. ടിപി വധത്തെ ന്യായീകരിക്കാനുള്ള വെപ്രാളമാണ് സഭയിൽ കണ്ടത്. എല്ലാ അംഗങ്ങളെയും മഹതി എന്നാണോ എം എം മണി വിശേഷിപ്പിക്കുന്നത് എന്ന് ചോദിച്ച കെ കെ രമ, എം എം മണിയുടേത് വാസ്തവ വിരുദ്ധമായ പ്രസ്താവനയാണെന്നും ന്യൂസ് അവറിൽ പ്രതികരിച്ചു.
അധിക്ഷേപം സിപിഎമ്മിൻറെ ശൈലിയാണെന്നും പ്രകോപിപ്പിച്ചത് ഭരണകക്ഷിക്കെതിരായ വിമർശനങ്ങളാണെന്നും കെ കെ രമ വിമർശിച്ചു. വിവാദ പ്രസ്താവന നടത്തുമ്പോൾ മുഖ്യമന്ത്രിയും എം എം മണിയെ തിരുത്തിയില്ലെന്നും രമ വിമർശിച്ചു. ആക്ഷേപങ്ങളെ വ്യക്തപരമായി എടുക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, കെ കെ രമയ്ക്കെതിരായ പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണ് മുതിർന്ന സിപിഎം നേതാവും എംഎൽഎയുമായ എം എം മണി. മഹതി നല്ല ഒന്നാന്തരം ഭാഷയാണെന്ന് പറഞ്ഞ എം എം മണി, നിയമസഭയിൽ വന്നാൽ ഇനിയും വിമർശനം കേൾക്കേണ്ടിവരുമെന്നും പറഞ്ഞു. രമയെ മുൻ നിർത്തിയുള്ള യുഡിഎഫിൻറെ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും സീറ്റ് ജനതാദളിന് കൊടുത്തത് കൊണ്ട് മാത്രമാണ് രമ ജയിച്ചതെന്നും എം എം മണി തൊടുപുഴയിൽ പറഞ്ഞു

