ബൊപ്പണ്ണ സഖ്യം സെമിയില്‍

പാരിസ്: ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ – ഹോളണ്ടിന്റെ മാറ്റ്വെ മിഡില്‍കൂപ് സഖ്യം ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാം പുരുഷ ഡബിള്‍സ് സെമി ഫൈനലില്‍ കടന്നു. ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ആദ്യമായാണു ബൊപ്പണ്ണ സെമിയിലെത്തുന്നത്. കൂടാതെ 2015 ന് ശേഷം ആദ്യമായാണ് അദ്ദേഹം ഒരു ഗ്രാന്‍സ്ലാം സെമിയിലെത്തുന്നത്.

ബ്രിട്ടന്റെ ലോയിഡ് ഗ്ലാസ്പൂള്‍ – ഫിന്‍ലന്‍ഡിന്റെ ഹെന്റി ഹെലിവോറ സഖ്യത്തെയാണു തോല്‍പ്പിച്ചത്. സ്‌കോര്‍: 4-6, 6-4, 7-6 (3). 42 വയസുകാരനായ ബൊപ്പണ്ണയും 38 വയസുകാരനായ മാറ്റ്വെയും സെമിയിലെത്താന്‍ രണ്ട് മണിക്കൂറിലധികം പൊരുതി. നാളെ നടക്കുന്ന സെമിയില്‍ മാഴ്സലോ അറിവാലോ- ജീന്‍ ജൂലിയന്‍ റോജര്‍ സഖ്യത്തെ അവര്‍ നേരിടും. അവസാന സെറ്റിലെ നീണ്ട പോരാട്ടം ടൈ ബ്രേക്കറിലേക്ക് പോയി. മൂന്ന് പോയിന്റിന് പിന്നിട്ടുനിന്ന ശേഷം തുടര്‍ച്ചയായി പത്ത് പോയിന്റ് നേടിയാണ് ബൊപ്പണ്ണ സഖ്യം ജയിച്ചത്. 2017 ല്‍ ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഗബ്രിയേല ഡബ്രോവിസ്‌കിയുമൊത്ത് കിരീടം നേടാന്‍ ബൊപ്പണ്ണയ്ക്കായി.

വനിതാ സിംഗിള്‍സില്‍ ഇറ്റലിയുടെ മാര്‍ട്ടിന ട്രെവസാന്‍ സെമി ഫൈനലില്‍ കടന്നു. കാനഡയുടെ ലെയ ഫെര്‍ണാണ്ടസിനെയാണു മാര്‍ട്ടിന മറികടന്നത്. ലോക 59-ാം നമ്പര്‍ താരമാണു മാര്‍ട്ടിന. 17-ാം സീഡാണ് ലെയ. സ്‌കോര്‍: 6-2,6-7 (3/7), 63. യു.എസിന്റെ കോകോ ഗൗഫാണു മാര്‍ട്ടിനയെ സെമിയില്‍ നേരിടുക. യു.എസിന്റെ തന്നെ സ്ലോയാന്‍ സ്റ്റീഫന്‍സിനെയാണു ഗൗഫ് തോല്‍പ്പിച്ചത്. സ്‌കോര്‍: 7-5, 6-2. കോകോയുടെ കരിയറില്‍ ആദ്യമായാണു ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനലില്‍ കളിക്കുന്നത്. 18 വയസുകാരിയായ ഗൗഫ് ലോക റാങ്കിങ്ങില്‍ 23-ാം സ്ഥാനത്താണ്. ശനിയാഴ്ചയാണു സെമി മത്സരം. പുരുഷ സിംഗിള്‍സില്‍ കൗമാര താരം ഹോള്‍ഗര്‍ റൂണി ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കുന്ന ആദ്യ ഡെന്‍മാര്‍ക്ക് താരമെന്ന നേട്ടം കുറിച്ചു. 2021 സീസണിലെ റണ്ണര്‍ അപ്പ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ അട്ടിമറിച്ചാണു റൂണിയുടെ മുന്നേറ്റം. സ്‌കോര്‍: 7-5, 3-6, 6-3,6-4. 19 വയസുകാരനായ റൂണി ലോക റാങ്കിങ്ങില്‍ 40-ാം സ്ഥാനത്താണ്. സെമിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ എട്ടാം സീഡ് നോര്‍വേയുടെ കാസ്പര്‍ റൂഡിനെയാണു റൂണി നേരിടുക. യാന്‍ ലെസ്ലിക്കു ശേഷം ഗ്രാന്‍സ്ലാം സെമിയില്‍ കളിക്കുന്ന ആദ്യ ഡെന്‍മാര്‍ക്ക് താരമെന്ന റെക്കോഡാണു റൂണിയെ കാത്തിരിക്കുന്നത്. സ്പെയിന്റെ 19 വയസുകാരന്‍ കാര്‍ലോസ് അല്‍കാറസും ക്വാര്‍ട്ടറില്‍ കടന്നു.

റൊളാങ് ഗാരോസില്‍ ആദ്യമായാണു രണ്ട് കൗമാര താരങ്ങള്‍ ഒരേ സമയം ക്വാര്‍ട്ടറില്‍ കളിക്കുന്നത്. ലോക രണ്ടാം നമ്പര്‍ റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ ക്രൊയേഷ്യയുടെ വെറ്ററന്‍ താരം മാരിന്‍ സിലിച് തോല്‍പ്പിച്ചു. സ്‌കോര്‍: 6-2, 6-3, 6-2. 2014 ലെ യു.എസ്. ഓപ്പണ്‍ ചാമ്പ്യനെതിരേ സിലിച് ഒന്നാം സെറ്റ് മുതല്‍ ആധിപത്യം പുലര്‍ത്തി. ഒരു മണിക്കൂര്‍ 45 മിനിറ്റ് കൊണ്ടാണു 33 വയസുകാരനായ സിലിച്ച് മുന്നേറിയത്. ക്രൊയേഷ്യന്‍ താരം കരിയറില്‍ മൂന്നാം തവണയാണു ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കളിക്കുന്നത്. സിലിച്ചിനെതിരേ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണു മെദ്വദേവ് കളത്തിലെത്തിയത്. തുടര്‍ച്ചയായി നാല് ഗെയിമുകള്‍ ജയിച്ച സിലിച്ച് 31 മിനിറ്റ് കൊണ്ട് ഒന്നാം സെറ്റ് ജയിച്ചു. രണ്ടാം സെറ്റിലും മെദ്വദേവിനു മികവിലേക്കെത്താനായില്ല. തുടരന്‍ ഡബിള്‍ ഫാള്‍ട്ടുകള്‍ താരത്തിനു വിനയായി. മൂന്നാം സെറ്റില്‍ സിലിച്ച് തുടക്കത്തില്‍ തന്നെ 4-0 ത്തിന്റെ ലീഡ് നേടി. ഈ വര്‍ഷാന്ത്യം ലോക ഒന്നാം നമ്പര്‍ താരമായ മെദ്വദേവിന് തോല്‍വിയുടെ സമ്മര്‍ദം പിടികൂടിയതോടെ സിലിച്ചിന് എളുപ്പമായി. നോര്‍വേയുടെ കാസ്പര്‍ റൂഡ് പോളണ്ടിന്റെ ഹൂബര്‍ട്ട് ഹര്‍കാസിനെയാണു തോല്‍പ്പിച്ചത്. ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കളിക്കുന്ന ആദ്യ നോര്‍വേക്കാരനാണു റൂഡ്. ഇറ്റലിയുടെ 11-ാം സീഡ് യാനിക് സിന്നറും ക്വാര്‍ട്ടറിലെത്തി. റഷ്യയുടെ ആന്ദ്രെ റൂബലേവ് മത്സരത്തിനിടെ പരുക്കേറ്റു പിന്മാറിയിരുന്നു. ഒന്നാം സെറ്റിനിടെ റൂബലേവിന്റെ ഇടതു കാല്‍മുട്ടിനാണു പരുക്കേറ്റത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →