ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിര്‍ രാജസ്ഥാനിലെ ഉദയ്പുരില്‍ ഇന്നു തുടങ്ങാനിരിക്കെ, പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കു മടങ്ങിവരാന്‍ രാഹുല്‍ ഗാന്ധി തയാറാണെന്നു കോണ്‍ഗ്രസ് നേതാക്കള്‍.പാര്‍ട്ടിയെ അടിമുടി മാറ്റുക, 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇന്നും നാളെയും ചിന്തന്‍ ശിബിര്‍ നടത്തുന്നത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം സ്വീകരിക്കണമെന്നു മാര്‍ച്ച് 14 നു ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ അധീര്‍ രഞ്ജന്‍ ചൗധരി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ തയാറാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.2019 ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. തുടര്‍ന്നു സോണിയാ ഗാന്ധി ഇടക്കാല പ്രസിഡന്റായി. പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ചും ചിന്തന്‍ ശിബിറില്‍ ചര്‍ച്ചയുണ്ടാകും.
രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കെന്ന് കോണ്‍ഗ്രസ് നേതാക്കള്‍
