തിരുവനന്തുപുരം : സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ലഭിക്കാത്ത ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോവിഡ് കാലത്ത് സര്‍ക്കാര്‍ നല്‍കുന്ന 1000 രൂപ ധനസഹായം ഇതുവരെ 13.06 ലക്ഷം പേര്‍ക്ക് (88 ശതമാനം) നല്‍കിയതായി രജിസ്ട്രാര്‍ ഓഫ് കോ-ഓപറേറ്റീവ്‌സ് സൊസൈറ്റീസ് ഡോ: നരസിംഹുഗാരി ടി.എല്‍. റെഡ്ഢി അറിയിച്ചു.
ആകെ 14.78 ലക്ഷം പേര്‍ക്കാണ് ഇതുപ്രകാരം ആനുകൂല്യം നല്‍കുന്നത്. സര്‍വീസ് സഹകരണ ബാങ്കുകള്‍ വഴിയാണ് വിതരണം. ജൂണ്‍ 15 നകം പൂര്‍ത്തിയാകുന്ന വിധത്തിലാണ് സഹകരണ സ്ഥാപനങ്ങള്‍ തുക വിതരണം ചെയ്യുന്നത്.
സഹകരണ ബാങ്ക് ജീവനക്കാര്‍ ഗുണഭോക്താക്കളെ നേരിട്ട് കണ്ടാണ് തുക നല്‍കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് മുന്‍കരുതലുകള്‍ എടുത്ത് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് വിധേയമായാണ് വിതരണം. ഗുണഭോക്താക്കള്‍ നേരിട്ട് സത്യവാങ് മൂലം നല്‍കിയാണ് തുക വാങ്ങേണ്ടത്. അതുകൊണ്ട് സ്ഥലത്തില്ലാത്തവര്‍ക്ക് നേരിട്ട് കൈപ്പറ്റാനാവില്ല. അങ്ങനെയുള്ള വരുടെയും അനര്‍ഹരുടെയും തുക തിരിച്ചടയ്ക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. 15നുള്ളില്‍ തന്നെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും നേരിട്ട് പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.




