മെക്സികോ: ന്യൂമെക്സിക്കോയിലുണ്ടായ കാട്ടു തീ കനത്ത നാശം വിതച്ചു. 240 വീടുകള്‍ പൂര്‍ണമായും കത്തി നശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മേഖലയിലെ ഒരു വീട്ടില്‍ നിന്ന് വൃദ്ധ ദമ്പതികളുടെ കരിഞ്ഞ മൃത ശരീരം കണ്ടെത്തിയിരുന്നു. മരിച്ച ദമ്പതികളുടെ പേരു വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അപകടം മുന്‍കൂട്ടി കണ്ട് ദമ്പതികളെ മാറ്റിപാര്‍പ്പിക്കാനിരിക്കെയാണ് അപകടമുണ്ടായത്. അപകട ശേഷം ഇരുവരെയും കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കത്തി കരിഞ്ഞ നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 16.6 ചതുരശ്ര കിലോമീറ്റര്‍ വനവും അടിക്കാടുകളും കത്തി നശിച്ചെന്ന് വനം വകുപ്പ് ഉദ്യേഗസ്ഥര്‍ പറഞ്ഞു. മേഖലയില്‍ കാറ്റടിക്കുന്നതിനാല്‍ തീ പിടിത്തമുണ്ടാകാനും പടരാനുമുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റില്‍ വൈദ്യുതി ലൈനുകള്‍ തകരുകയും ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലാവുകയും ചെയ്തതിനെ തുടര്‍ന്ന് ആയിരക്കണക്കിന് താമസക്കാരെ ഒഴിപ്പിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു. അതോടെ 5000ത്തോളം പേരെ കുടിയൊഴിപ്പിച്ചു. മെക്സിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടു തീയായി ഇതിനെ രേഖപ്പെടുത്തിയിട്ടുമുണ്ട്.




