റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: കഞ്ഞിക്കുഴിയില്‍ മുല്ലപ്പൂ സംഭരണ കേന്ദ്രം ഒരുങ്ങി; മന്ത്രി പി. പ്രസാദ് നാളെ ഉദ്ഘാടനം ചെയ്യും

April 1, 2022 - 6:50 pm

ആലപ്പുഴ: കാര്‍ഷിക മേഖലയില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ സൃഷ്ടിച്ച കഞ്ഞിക്കുഴി പഞ്ചായത്തില്‍ മുല്ലപ്പൂ സംഭരണ കേന്ദ്രം സജ്ജമായി. സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം 2022 ഏപ്രില്‍ 2ന് രാവിലെ എട്ടിന് എസ്.എന്‍ കോളേജിനു സമീപത്തെ പച്ചക്കറി സംഭരണ -വിപണന കേന്ദ്രത്തില്‍ കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ചെയ്ത മുല്ലപ്പൂക്കള്‍ സംഭരിക്കാനാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഭരണകേന്ദ്രം ആരംഭിക്കുന്നത്. ഓരോ വാര്‍ഡില്‍ നിന്നും മുല്ലപ്പൂ ശേഖരിച്ച് സംഭരണ കേന്ദ്രത്തില്‍ എത്തിക്കും. പിന്നീട് ആവശ്യാനുസരണം ഇവ വിപണനം ചെയ്യും.

18 വാര്‍ഡുകളിലായി 288 ഗ്രൂപ്പുകളാണ് മുല്ലകൃഷി നടത്തുന്നത്. 1300 ചെടികള്‍ വീതം ഓരോ ഗ്രൂപ്പും കൃഷി ചെയ്തു. ആകെ 1670 തൊഴില്‍ ദിനങ്ങള്‍ വിനിയോഗിച്ചു. കഞ്ഞിക്കുഴി 1145 -ആം നമ്പര്‍ സഹകരണ സംഘമാണ് പൂക്കള്‍ സംഭരിക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് മുല്ലപ്പൂ സംഭരണ കേന്ദ്രം ആരംഭിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയനും വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാറും അറിയിച്ചു. പൂ വിപണിയെക്കുറിച്ചും ചെടികളുടെ പരിചരണം സംബന്ധിച്ചും പഞ്ചായത്തില്‍ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *