മലപ്പുറം : സാംസ്കാരിക വകുപ്പിന്റ കീഴിലുള്ള സമം പദ്ധതിയുടെ ഭാഗമായി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി വനിതകൾക്ക് വേണ്ടി നടത്തിയ പാട്ടെഴുത്ത് ശില്പശാലയുടെ ഭാഗമായി 12/02/2022 ശനിയാഴ്ച സർട്ടിഫിക്കറ്റ് വിതരണവും ശിൽപ്പശാലയിൽ പങ്കെടുത്ത വനിതകളുടെ രചന സമാഹാരത്തിന്റ പ്രകാശനവും നടത്തി.
കൊവിഡ് പ്രതിസന്ധി കാരണമാണ് 2021 ഒക്ടോബർ 23 മുതൽ ഡിസംബർ 24 വരെ നടത്തിയ ക്ലാസുകൾ ഓൺലൈൻ ആക്കേണ്ടി വന്നത്.മാപ്പിളപ്പാട്ടിന്റെ സുൽത്താൻ മാരായ ശ്രീ ബാപ്പു വാവാട് , ശ്രീ ഫൈസൽ എളേറ്റിൽ , ശ്രീ പക്കർ പന്നൂർ, ഡോക്ടർ രാജേന്ദ്രൻ , ഡോക്ടർ അബ്ദുൽ ലത്തീഫ്, പ്രെഫ: സുബൈദ വി കെ , പ്രെഫ: കെഎൻ ഭരതൻ, ഡോക്ടർ സൈതലവി സി , ശ്രീ കെ വി അബൂട്ടി, ഡോ: കെ പി സമീറ ഹനീഫ്, തുടങ്ങിയ പ്രഗല്ഭരായ വ്യക്തിത്വങ്ങൾ ഓൺലൈൻ ക്ലാസുകൾ എടുക്കുകയുണ്ടായി.
തുടർച്ചയായ ഒമ്പത് ശനിയാഴ്ചകളിൽ പകൽ 3 മണി മുതൽ 4 മണി വരെ നടത്തിയ ഈ ശിൽപ്പശാലയുടെ ഉദ്ഘാടനം പ്രൊഫ: സുജ സൂസൻ ജോർജ് (സമം പ്രോഗ്രാം ചെയർ പേഴ്സൺ & മലയാളം മിഷൻ,അധ്യക്ഷൻ ഡോ : ഹുസൈൻ രണ്ടത്താണി, (അക്കാദമിക് ചെയർമാൻ) സ്വാഗതം ഡോ: ഷംസാദ് ഹുസൈൻ ( കോഴ്സ് ഡയറക്ടർ )നന്ദി ശ്രീമതി എംകെ ജയഭാരതി (കോഴ്സ് കോ-ഡയറക്ടർ എന്നിവർ നിർവ്വഹിച്ചു.
ഫെബ്രുവരി12-ാം തിയ്യതി ശനിയാഴ്ച നടന്ന സർട്ടിഫിക്കറ്റ് വിതരണത്തോടനുബന്ധിച്ച് ബാപ്പു വാവാട്, ഹസൻ നെടിയനാട് എന്നിവരുടെ നേതൃത്വത്തിൽ ഏകദിന ഓഫ് ലൈൻ ക്ലാസും സംഘടിപ്പിക്കുകയുണ്ടായി.കേരളത്തിൻറെ തെക്ക് മുതൽ വടക്ക് വരെയുള്ള ഭാഗങ്ങളിൽ നിന്നായി ജാതിമത ഭേദമന്യോ തട്ടമിട്ട വരും പൊട്ടുകുത്തി വരുമായി മുപ്പത്തിയഞ്ചോളം വനിതകൾ ശില്പ ശാലയിൽ പങ്കെടുക്കുകയും സ്വന്തമായി രചന സമർപ്പിക്കുകയും ചെയ്തു.
പാട്ട് എഴുത്തുകാരുടെ രചന പ്രകാശനം ശ്രീ ഫൈസൽ എളേറ്റിൽ നിർവ്വഹിച്ചു . വൈദ്യർ അക്കാദമി സെക്രട്ടറി ശ്രീ റസാക്ക് മാഷ് ക്ലാസിനെ കുറിച്ചും അക്കാദമിയെ കുറിച്ചും വിശദമായി സംസാരിച്ചു.



