കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് സ്‌ത്രീകളെയും കുട്ടികളെയും ഉപയോഗിക്കുന്നത് വര്‍ദ്ധിച്ചുവരികയാണെന്ന് കസ്‌റ്റംസ്. കഴിഞ്ഞ ദിലസം പുലര്‍ച്ചെ മസ്‌ക്കറ്റില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിനി അടിവസ്‌ത്രത്തിനുളളില്‍ പാഡിനുളളില്‍ ഒളിപ്പാച്ചായിരുന്നു സ്വര്‍ണം കടത്തിയത്. കൈക്കുഞ്ഞുമായിട്ടായിരുന്നു യുവതി എത്തിയത്. പീരിയഡ് ആയതുകൊണ്ടാണ് പാഡ് ധരിച്ചതെന്നാണ് യുവതി പറഞ്ഞത്. വിശദമായ പരിശോധനയില്‍ പേസ്റ്റ് രൂപത്തിലുളള സ്വര്‍ണം പിടികൂടുകയായിരുന്നു.
പാന്‍സില്‍ തേച്ചുപിടിപ്പിച്ച സ്വര്‍ണം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് പിടിയിലായത്. മെറ്റല്‍ ഡിറ്റക്ടര്‍ വഴിയുളള പരിശോധനയില്‍ എളുപ്പം പിടികൂടാന്‍ സാധ്യത കുറവായതിനാലാണ് ഈ രീതി സ്വീകരിക്കുന്നത്. കഴിഞ്ഞ ഓഗസ്‌റ്റിലും കണ്ണൂരില്‍ വസ്‌ത്രത്തില്‍ തേച്ചുപിടിപ്പിച്ച സ്വര്‍ണം പിടികൂടിയിരുന്നു.
ചോക്ലേറ്റിനുളളിലും പാത്രംകഴുകാന്‍ ഉപയോഗിക്കുന്ന സ്‌ക്രബ്ബ്‌റബറിനുളളിലും ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചിട്ടുണ്ട്. കടലാസ് രൂപത്തിലും റിബണിന്റെ രൂപത്തിലും പലപ്പോഴും സ്വര്‍ണം പിടികൂടിയിട്ടുണ്ട്. മലദ്വാരത്തിലും വൈദ്യുതോപകരണങ്ങളിലും ഒളിപ്പിച്ചുകടത്തുന്നതാണ് പതിവ് രീതി. വസ്‌ത്രത്തിന്റെ ബെല്‍റ്റിന്റെ ഭാഗത്തും മറ്റും തുന്നിച്ചേര്‍ത്ത് സ്വര്‍ണം കടത്താറുണ്ട്. സ്‌ത്രീകള്‍ തങ്ങളുടെ ജനനേന്ദ്രിയത്തിനുളളിലും സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതും പതിവാണ്.




