കൊച്ചി: സംസ്ഥാനത്തെ തകർന്ന റോഡുകളുമായി ബന്ധപ്പെട്ട് ഹൈക്കോതിയുടെ രൂക്ഷ വിമർശനം. റോഡിലെ കുഴിയിൽ വീണു മരിക്കാതെ വീട്ടിലെത്താമെന്ന ഉറപ്പ് ജനങ്ങൾക്ക് കിട്ടണമെന്നും പൊതുമരാമത്ത് വകുപ്പിലെയും തദ്ദേശസ്ഥാപനങ്ങളിലെയും എൻജിനിയർമാർ ഉൾപ്പെടെയുള്ളവരുടെ അശ്രദ്ധ കൊണ്ടാണ് ഇത്തരത്തിൽ മരണമുണ്ടാകുന്നതെന്നും ഹൈക്കോടതി. സംസ്ഥാനത്തെ തകർന്ന റോഡുകളുമായി ബന്ധപ്പെട്ട് പരാതികൾ പരിഗണിക്കവേയാണ് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനമുണ്ടായത്.
വേണ്ടപ്പെട്ടവർ ഇത്തരത്തിൽ അപകടത്തിൽപ്പെടുമ്പോഴേ പ്രയാസമുണ്ടാകൂ.ഇവിടെ നൂറു രൂപയ്ക്ക് റോഡ് നിർമ്മിക്കാൻ കരാറുണ്ടാക്കിയാൽ പകുതിത്തുക പോലും റോഡിനു വേണ്ടി ചെലവിടുന്നില്ല.എൻജിനിയർമാർ അറിയാതെ ഇത്തരം അഴിമതികൾ നടക്കില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.സമയബന്ധിതമായി റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും മികച്ച റോഡുകളുണ്ടാക്കാനും കഴിയുന്നില്ലെങ്കിൽ എന്തിനാണ് എൻജിനിയർമാരെന്ന ചോദ്യം കോടതി ആവർത്തിച്ചു.
കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട ഹർജികളിൽ, റോഡുകൾ സംരക്ഷിക്കാനായില്ലെങ്കിൽ എൻജിനിയർമാർ രാജിവയ്ക്കണമെന്ന് നേരത്തെ വിമർശിച്ചിരുന്നു.തുടർന്ന്, റോഡുകളെക്കുറിച്ചുള്ള പരാതികൾ ജനങ്ങൾക്ക് നേരിട്ടറിയിക്കാമെന്നും പറഞ്ഞിരുന്നു.
നിരവധി പരാതികളാണ് ലഭിച്ചതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.തിരുവനന്തപുരം മുതൽ കാസർകോടു വരെയുള്ള ജില്ലകളിലെ തകർന്ന റോഡുകളെക്കുറിച്ചു പരാതി ലഭിച്ചിട്ടുണ്ട്.ചില കരാറുകാർക്കെതിരെയും എൻജിനിയർമാർക്കെതിരെയും പരാതികളുണ്ട്.ഹർജികൾ ഇന്നു വീണ്ടും പരിഗണിക്കും

