റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അബനി റോയ് അന്തരിച്ചു

November 26, 2021 - 11:15 am

ന്യൂഡല്‍ഹി: ആര്‍.എസ്.പി. മുന്‍ ദേശീയ സെക്രട്ടറിയും മുന്‍ രാജ്യസഭാംഗവുമായ അബനി റോയ്(84) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ബുധനാഴ്ച 11നായിരുന്നു അന്ത്യം. 1959 ല്‍ ആര്‍.എസ്.പിയില്‍ ചേര്‍ന്ന അദ്ദേഹം ട്രേഡ് യൂണിയന്‍ രംഗത്താണ് പ്രധാനമായും ശ്രദ്ധയൂന്നിയത്. ദീര്‍ഘകാലം പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായും പ്രവര്‍ത്തിച്ചു. ബംഗാളിലെ മുന്‍നിര ഇടതുനേതാക്കളില്‍ ഒരാളാണ്. മൂന്നുതവണ രാജ്യസഭാംഗമായി.

ബി.ജെ.പിയെ ചെറുക്കാന്‍ ഇടതുപക്ഷം ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കണമെന്ന ആശയം തുടക്കം മുതല്‍ ശക്തമായി ഉയര്‍ത്തിയ നേതാക്കളില്‍ ഒരാളായിരുന്നു. 2009 ജൂെലെയില്‍ ആര്‍.എസ്പിയില്‍നിന്ന് രാജിസമര്‍പ്പിച്ച ചരിത്രവും റോയ്ക്കുണ്ട്. ഭാരതി ടെലികോമും ദക്ഷിണാഫ്രിക്കയിലെ ടെലികോം വമ്പന്‍മാരായ എം.ടി.എന്നും തമ്മിലുള്ള കരാര്‍ ദേശസുരക്ഷയ്ക്ക് വിഘാതമാണെന്ന് കാട്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കത്തെഴുതിയ റോയ്ക്ക് ഒരു വിഭാഗം നേതാക്കളില്‍നിന്നുണ്ടായ എതിര്‍പ്പാണ് രാജിയിലേക്ക് നയിച്ചത്.

എന്നാല്‍, പാര്‍ട്ടിയില്‍ അമ്പതു വര്‍ഷത്തോളം തികച്ച റോയ്യുടെ രാജിക്കത്ത് പാര്‍ട്ടി സ്വീകരിച്ചില്ല. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ വസതിയില്‍ എത്തിച്ച ഭൗതികശരീരത്തില്‍ നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചു. സംസ്‌കാരം ലോധി റോഡ് ശ്മശാനത്തില്‍ നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *