നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിക്കാപട്ടണം എന്ന ചിത്രത്തിൽ മഞ്ജു വാര്യർ സൗബിൻ ഷാഹിർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഞ്ജുവും സൗബിനും ആദ്യമായാണ് ഒരു ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ ഒരുമിക്കുന്നത്.
കഴിഞ്ഞദിവസം ലൊക്കേഷനിൽ ജോയിൻ ചെയ്ത മഞ്ജുവാര്യർ സൗബിൻ ഷാഹിറിനൊപ്പം കോമ്പിനേഷൻ സീനുകളിൽ ഇന്നലെ മുതൽ അഭിനയിച്ചു തുടങ്ങി. ഏറെ രസകരമായ കഥാപാത്രത്തെയാണ് വെള്ളരിക്കാ പട്ടണത്തിൽ ഇരുവരും അവതരിപ്പിക്കുന്നത്.
ഒഡീഷനിലൂടെ തിരഞ്ഞെടുത്ത മുപ്പതിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മാധ്യമപ്രവർത്തകനായ എസ് ശരത് കൃഷ്ണയും മഹേഷ് വെട്ടിയാറും ചേർന്ന് രചന നിർവഹിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ഫുൾ ഓൺ സ്റ്റുഡിയോസ് ആണ്. ചായാഗ്രഹണം അലക്സ് പുളിക്കൽ, സംഗീതം സച്ചിൻ മന്നത്ത്, പ്രൊഡക്ഷൻ ഡിസൈനർ ജോതിഷ് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, ഗാനങ്ങൾ വിനയ് ശശികുമാർ എന്നിവർ നിർവഹിക്കുന്നു.
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ചെങ്ങന്നൂരിൽ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. 45 ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിട്ടുള്ളത്.

