ബെയ്ജിങ്: രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ചില കൊറോണ വൈറസ് സാംപിളുകള്‍ നശിപ്പിച്ചതായി ചൈന സമ്മതിച്ചു. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനിലെ സയന്‍സ് ആന്റ് എഡ്യുക്കേഷന്‍ വിഭാഗം സൂപ്പര്‍വൈസര്‍ ലിയു ഡെങ്ഫെങ് ബെയ്ജിങ്ങില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചില ലബോറട്ടറികളില്‍ ഉണ്ടായിരുന്ന വൈറസ് സാംപിളുകള്‍ നശിപ്പിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ജനുവരി മൂന്നിന് ഉത്തരവു നല്‍കിയിരുന്നു. എന്നാലിത് മാരകമായ വൈറസിനെ കൈകാര്യംചെയ്യാന്‍ ശേഷിയില്ലാത്ത ലാബുകളില്‍ സൂക്ഷിച്ചിരുന്ന വൈറസുകളെ നശിപ്പിക്കാനായിരുന്നു. ലാബുകളുടെ സുരക്ഷ ഉറപ്പാക്കാനും മാരകമായ ഇത്തരം അജ്ഞാത രോഗാണുക്കള്‍മൂലമുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനുമായിരുന്നു നടപടിയെന്നും ലിയു പറഞ്ഞു.
ഇതേത്തുടര്‍ന്ന് പ്രമുഖ ചൈനീസ് കമ്പനിയായ ഹുവാവേയ്ക്കുമേല്‍ അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തി. സെമികണ്ടക്ടറുകള്‍ രൂപകല്‍പന ചെയ്യാനും നിര്‍മിക്കാനും അമേരിക്കന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍നിന്നാണ് ഹുവാവേയെ വിലക്കിയത്. ആഗോളതലത്തില്‍ ഉപയോഗിക്കുന്ന സെമികണ്ടക്ടറുകളില്‍ ഏറിയപങ്കും രൂപകല്‍പന ചെയ്യുന്നതും നിര്‍മിക്കുന്നതും അമേരിക്കയിലാണ്. അമേരിക്കന്‍ ടെക്നോളജി ഉപയോഗിക്കുന്ന മറ്റ് വിദേശ കമ്പനികളുമായും ഹുവാവേയ്ക്ക് ഇനി സഹകരിക്കാനാവില്ല.
ഹുവാവേയെ വിലക്കിയ നടപടിക്കു ബദലായി ഏതാനും അമേരിക്കന്‍ കമ്പനികളെ തങ്ങളും കരിമ്പട്ടികയില്‍ പെടുത്തുകയാണെന്ന് ചൈന പ്രഖ്യാപിച്ചു. ചൈനയില്‍ മികച്ച വിപണിയും ഉയര്‍ന്ന വരുമാനവുമുള്ള ആപ്പിള്‍, ബോയിങ്, ക്വാല്‍കോം, സിസ്‌കോ സിസ്റ്റംസ് എന്നിവയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് ചൈനീസ് പത്രമായ ഗ്‌ളോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബോയിങ് വിമാനങ്ങള്‍ വാങ്ങുന്നതും ചൈന നിറുത്തിയേക്കും.

