സി.ബി.ഐയെ വിലക്കാന്‍ ബംഗാളിന് സമ്പൂര്‍ണാധികാരമില്ലെന്നു കേന്ദ്രം

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബംഗാളിലുണ്ടായ കലാപം സംബന്ധിച്ച കേസുകളില്‍ അനുമതിയില്ലാതെ സി.ബി.ഐ. അന്വേഷണം തുടരുന്നതു ചോദ്യംചെയ്ത് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചു. അതേസമയം,സി.ബി.ഐക്കു വിലക്കേര്‍പ്പെടുത്താന്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനു പൂര്‍ണാധികാരമില്ലെന്നു കേന്ദ്രസര്‍ക്കാര്‍ ചോദ്യത്തിന് മറുപടിയായി സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്താനും ദേശീയപ്രാധാന്യമുള്ള കേസുകള്‍ അന്വേഷിക്കാനും സി.ബി.ഐക്ക് അധികാരമുണ്ടെന്നു കേന്ദ്രം സത്യവാങ്മൂലത്തിലൂടെ ബോധിപ്പിച്ചു. പശ്ചിമബംഗാളില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു കേസും അന്വേഷിക്കുന്നില്ലെങ്കിലും അതിനെതിരേയാണു സംസ്ഥാനസര്‍ക്കാരിന്റെ ഹര്‍ജിയെന്നു കേന്ദ്ര പഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

സി.ബി.ഐയാണു കേസുകള്‍ അന്വേഷിക്കുന്നത്. എന്നാല്‍, ഹര്‍ജിയില്‍ സി.ബി.ഐയെ എതിര്‍കക്ഷിയാക്കിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ സി.ബി.ഐ. നിരവധി കേസുകള്‍ അന്വേഷിക്കുന്നുണ്ട്.പല കേസുകളും ദേശീയതലത്തിലോ ഒന്നിലേറെ സംസ്ഥാനങ്ങളെയോ ബാധിക്കുന്നതാണ്. ഇത്തരം അന്വേഷണം രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ ബാധിക്കുന്നതോ സംസ്ഥാനസര്‍ക്കാരുകളുടെ അധികാരം കവരുന്നതോ അല്ല. സി.ബി.ഐ. അന്വേഷണത്തിന് അനുമതി നിഷേധിക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ അധികാരം എല്ലാ കേസുകളിലും ബാധകമല്ല.

മുമ്പു നല്‍കിയ അനുമതി പിന്‍വലിക്കാനുമാകില്ല. ഓരോ കേസിലുമുള്ള അനുമതി പ്രത്യേകമാണെന്നിരിക്കേ സി.ബി.ഐ. അന്വേഷണത്തിനാകെ വിലക്കേര്‍പ്പെടുത്താനാവില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →