ന്യൂഡല്‍ഹി: വാക്‌സിനാണ് ഇന്ത്യയില്‍ പരിഹാരം. കണ്ടെത്താനായില്ലെങ്കില്‍ 90 കോടിയിലധികം ആളുകള്‍ക്ക് രോഗബാധ ഉണ്ടാവുമെന്ന് വിദഗ്ധര്‍. കോവിഡ് മഹാമാരി പ്രതിരോധത്തിനുള്ള വാക്‌സിന്‍ ഉടന്‍ ലഭിച്ചില്ലെങ്കില്‍ ഇന്ത്യയിലെ 60 മുതല്‍ 70 ശതമാനം ജനങ്ങളും വൈറസ് ബാധിതരാവുമെന്ന് പൊതുജനാരോരോഗ്യ വിദഗ്ധന്‍ ഡോ. ഡേവിഡ് ബിഷായ് പറയുന്നു. ജയ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മാനേജ്‌മെന്റ് ആന്റ് റിസര്‍ച്ച് (ഐഐഎച്ച്എംആര്‍) സംഘടിപ്പിച്ച വെബിനാറില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഡോ. ബിഷായ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡിനെ ചെറുക്കാന്‍ കഴിവുള്ള വാക്‌സിന്‍ വികസിപ്പിക്കാന്‍ 18 മുതല്‍ 24 മാസം വരെ എടുക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അപ്പോഴേക്കും ഇന്ത്യയിലെ ജനസംഖ്യയുടെ 70 ശതമാനമെങ്കിലും കോവിഡ് ബാധിതരാവാന്‍ സാധ്യതയുണ്ട്. ‘ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കോവിഡ്- 19ന്റെ സ്വാധീനം: നയവും പ്രത്യാഘാതങ്ങളും’ എന്ന വിഷയത്തില്‍ നടത്തിയ വെബിനാറില്‍ സംസാരിക്കുകയായിരുന്നു ഡോ. ബിഷായ്. ഇന്ത്യ ദരിദ്രരുടെ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ഇതുവരെ 67,152 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് 2,206 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
രാജ്യത്തെ സുസ്ഥിര വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ആരോഗ്യം. കൊറോണ വൈറസ് പ്രതിസന്ധി വലിയ സ്വാധീനം ചെലുത്തുമെന്നതിനാല്‍ ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യ കൂടുതല്‍ ചെലവഴിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് പ്രഫസറാണ് ഡോ. ബിഷായ്.

