റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മികച്ച അങ്കണവാടി പ്രവര്‍ത്തകരായി ഇ.എന്‍. രത്നമ്മയും ഡി. സേതുലക്ഷ്മിയും

September 12, 2021 - 8:29 pm

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ 2019-2020 ലെ മികച്ച അങ്കണവാടി പ്രവര്‍ത്തകയ്ക്കുള്ള പുരസ്‌കാരത്തിന് ഇ.എന്‍. രത്‌നമ്മയും ഡി. സേതു ലക്ഷ്മിയും അര്‍ഹയായി. വെളിയന്നൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ മുപ്പത്തിമൂന്നാം നമ്പര്‍ കുളങ്ങരമറ്റം അങ്കണവാടിയിലെ അധ്യാപികയാണ് ഇ.എന്‍. രത്‌നമ്മ. 42 വര്‍ഷത്തെ അധ്യാപക ജീവിതത്തില്‍ നിന്നും ഈ വര്‍ഷം വിരമിക്കാനിരിക്കെയാണ് മികച്ച അങ്കണവാടി പ്രവര്‍ത്തകയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് തേടിയെത്തിയത്. 2001ലാണ് ഈ അങ്കണവാടിയിലേക്ക് ടീച്ചര്‍ എത്തുന്നത്.

അങ്കണവാടിയിലും വാര്‍ഡ് തലത്തിലും നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളും കോവിഡ് കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് ടീച്ചറെ അവാര്‍ഡിനര്‍ഹയാക്കിയത്. ഒരൊറ്റ കോവിഡ് രോഗി പോലും ഇല്ലാത്ത വാര്‍ഡായി നാലാം വാര്‍ഡിനെ മാറ്റാന്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചെന്ന് ഇ.എന്‍. രത്‌നമ്മ ടീച്ചര്‍ പറഞ്ഞു. 2018ല്‍ മികച്ച ശുചിത്വ അങ്കണവാടിയായി കുളങ്ങരമറ്റം അങ്കണവാടിയെ തിരഞ്ഞെടുത്തിരുന്നു. നിലവില്‍ 20 കുട്ടികളാണ് ഇവിടെയുള്ളത്. വെളിയന്നൂര്‍ പടിഞ്ഞാറേ പീടിക സ്വദേശിനിയാണ് ഇ.എന്‍. രത്‌നമ്മ.

വാഴൂര്‍ ഗ്രാമപഞ്ചായത്തിലെ നന്ത്യാട്ടുപടി 96-ാം നമ്പര്‍ അങ്കണവാടിയിലെ ടീച്ചറാണ് ഡി. സേതു ലക്ഷ്മി. കോവിഡ് മഹാമാരിയുടെ കാലത്തും അങ്കണവാടി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയതാണ് സേതുലക്ഷ്മിയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. 2000 ല്‍ ജോലിയില്‍ പ്രവേശിച്ച കാലം മുതല്‍ സന്നദ്ധ പ്രവര്‍ത്തനത്തില്‍ സജീവമാണ് സേതു ടീച്ചര്‍. പളയകാലത്തും കോവിഡ് പടര്‍ന്നപ്പോഴും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2008 ല്‍ എസ്.എസ്.എ യുടെ ജില്ലയിലെ ഏറ്റവും മികച്ച അങ്കണവാടി, 2011 ല്‍ ബ്ലോക്ക് തലത്തില്‍ ഏറ്റവും മികച്ച കൗമാര ക്ലബ്, 2017 ല്‍ പഞ്ചായത്ത് തലത്തില്‍ മികച്ച ശുചിത്വ അങ്കണവാടി എന്നീ അവാര്‍ഡുകളും സേതുലക്ഷ്മിക്ക് ലഭിച്ചിരുന്നു. സാമൂഹികസുരക്ഷാ ക്ഷേമ പദ്ധതികള്‍ താഴേത്തട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് താന്‍ ഊന്നല്‍ കൊടുക്കുന്നതെന്ന് സേതുലക്ഷ്മി പറയുന്നു. 21 വര്‍ഷത്തിനിടെ താന്‍ പഠിപ്പിച്ചു വിട്ട കുട്ടികളെ തുടര്‍ന്നുള്ള ജീവിതത്തിലും ശ്രദ്ധിക്കാറുണ്ടെന്നും ടീച്ചര്‍ പറഞ്ഞു.

നിലവില്‍ 20 കുട്ടികളാണ് അങ്കണവാടിയിലുള്ളത്. കൗമാര ക്ലബില്‍ 25 ഉം  വയോജനക്ലബില്‍ 36 ഉം അംഗങ്ങളുണ്ട്. പൊതുപ്രവര്‍ത്തക കൂടിയായ ടീച്ചര്‍ വാഴൂര്‍ ഗ്രാമ പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്സണാണ്. ഭര്‍ത്താവ് സുകുമാരന്‍ നായര്‍ ബിസിനസുകാരനാണ.് മൂത്ത മകന്‍ വിനീത് റബ്കോയില്‍ ജോലി ചെയ്യുന്നു. ഇളയ മകന്‍ അര്‍ജുന്‍ എന്‍ജിനീയറാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *