തിരുവനന്തപുരം: നിരവധി കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുവാന്‍ ഉണ്ട്.പുറത്തിറങ്ങാന്‍ വയ്യാതെ വീട്ടില്‍ കുടുങ്ങിപ്പോയ ജനങ്ങള്‍ക്കും ഉണ്ട് ഒരുപാട് കാര്യങ്ങള്‍ പറയാനും അറിയിക്കാനും.ഓണ്‍ലൈന്‍ സൗകര്യങ്ങളും ഫോണും മാത്രമാണ് പ്രധാന വഴികള്‍. പക്ഷേ കൊല്ലം സിറ്റി കമ്മീഷണറുടെ ഒഴികെ എല്ലാ വെബ്‌സൈറ്റുകളും വര്‍ഷങ്ങളായി നിശ്ചലവും നിശബ്ദവും ആണ്. ലോക് ഡൗണിനു ശേഷം രാജ്യത്ത് സര്‍ക്കാര്‍ വെബ്‌സൈറ്റുകളുടെ ട്രാഫിക് 400 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് കണക്ക്. ജനങ്ങള്‍ക്ക് ഏറ്റവുമധികം ആവശ്യമുള്ള വകുപ്പാണ് പോലീസ്. പക്ഷെ, വെബ്‌സൈറ്റില്‍ ഡാറ്റയില്ലാത്തവരോ അപ്‌ഡേറ്റ് ചെയ്യാത്തവരോ ആണ് കൊല്ലം സിറ്റി ഒഴികെ ബാക്കിയെല്ലാവരും.

ലോക ഡൗണ്‍ നിരോധനാജ്ഞയും പാലിക്കുന്ന തിരക്കിനിടയില്‍ വെബ്‌സൈറ്റ് പരിപാലിക്കാന്‍ കഴിഞ്ഞില്ല എന്ന് ന്യായത്തിനു സ്ഥാനമില്ല. കോവിഡ് വരുന്നതിനുമുമ്പ് തന്നെ വെബ്‌സൈറ്റുകള്‍ അപ്‌ഡേഷന്‍ ഇല്ലാതെ നിശ്ചലമായി കഴിഞ്ഞിരുന്നു.
പോലീസ് സൂപ്രണ്ടുമാരുടെയും കമ്മീഷണര്‍മാരുടെയും ഓഫീസുമായി അനുബന്ധിച്ച് ഇത്തരം കാര്യങ്ങള്‍ക്ക് പ്രത്യേക ചുമതലക്കാരെ നിയമിക്കാ വുന്നതാണ്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ ഈ സംവിധാനം പിഴവില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് സംബന്ധിച്ചും അല്ലാതെയുമുള്ള അറിയിപ്പുകള്‍ മിക്ക ദിവസങ്ങളിലും അപ്‌ഡേറ്റ് ചെയ്യുന്നത് കാണാന്‍ കഴിയും. എന്നാല്‍ തലസ്ഥാനത്ത് പോലും ഈ വക കാര്യങ്ങളൊന്നും ഇല്ല. നോക്കാനും കേള്‍ക്കാനും ആളില്ലാത്ത വെബ്‌സൈറ്റിലേക്ക് അടിയന്തര വിവരങ്ങളോ പരാതികളോ അറിയിച്ചിട്ട് കാര്യമൊന്നുമില്ല. എന്നാല്‍ ലോക് ഡൗണില്‍ വെബ് സൈറ്റുകളുടെ പ്രവര്‍ത്തനം പ്രധാനപ്പെട്ട ആവശ്യമാണ്. ജനങ്ങളുടെ സഞ്ചാരം നിയന്ത്രിച്ചിരുന്ന സാഹചര്യത്തില്‍ പോലീസുമായി ആയി ബന്ധപ്പെട്ട് അറിയിക്കുവാനും അറിയുവാനും നിരവധി കാര്യങ്ങളുണ്ട്. ജില്ലയിലെ പോലീസ് സംവിധാനത്തെയാണ് പ്രായോഗികമായി ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്നത്. പക്ഷേ അവ പ്രവര്‍ത്തനസജ്ജം അല്ല.

പത്തനംതിട്ട, കണ്ണൂര്‍, കോഴിക്കോട് റൂറല്‍ പോലീസ് സൂപ്രണ്ടുമാരുടെ വെബ്‌സൈറ്റ് ശൂന്യമാണ്. ആരംഭിച്ച പടി കിടക്കുന്നു. തിരുവനന്തപുരം റൂറല്‍ പോലീസ് സൂപ്രണ്ടിന്റെ സൈറ്റില്‍ 2018 ജൂണ്‍ 18-നാണ് അവസാനമായി പോസ്റ്റിംഗ് നടന്നത്. കൊല്ലം റൂറല്‍ 13-7-15 -നും ആലപ്പുഴ റൂറല്‍ 13-7-15-നും ഇടുക്കി റൂറല്‍ 29-11-16നും കൊച്ചി സിറ്റി പോലീസ് 22-08-19-നും കൊച്ചി റൂറല്‍ 27-2-20-നും തൃശ്ശൂര്‍ സിറ്റി 8-6-18-നും തൃശ്ശൂര്‍ റൂറല്‍ 9-10-18-നും കോഴിക്കോട് സിറ്റി 30-12-19-നും പാലക്കാട് റൂറല്‍ 23-4-20-നും മലപ്പുറം റൂറല്‍ 15-1-20-നും വയനാട് റൂറല്‍ 15-5-17-നുമാണ് അവസാനമായി പോസ്റ്റിംഗ് നടത്തിയിട്ടുള്ളത്.
കൊറോണ കാലത്തെങ്കിലും ഹൈടെക് ആകുവാന്‍ ജില്ലാ പോലീസ് സൂപ്രണ്ടുമാരുടെ ഓഫീസുകള്‍ ശ്രമിക്കേണ്ടതാണ്.

