കോട്ടയം : ആന പാപ്പാന്മാരുടെ കാരണവരായ ഓമന ചേട്ടൻ എന്ന കുന്നക്കാട്ട് ദാമോദരൻ നായർ (74) മടക്കമില്ലാത്ത ലോകത്തേക്ക് യാത്രയായി. പതിറ്റാണ്ടുകളോളം ആനകളുടെ കളി തോഴനായിരുന്ന ഓമനചേട്ടനെ അവസാനമായി യാത്രയാക്കാൻ പല്ലാട്ട് ബ്രഹ്മദത്തൻ ളാക്കാട്ടൂരിലെ വീടിന്റെ മുറ്റത്തെത്തി. ഈ രംഗം കണ്ടു നിന്നവരെ കണ്ണീരണിയിച്ചു.
പുതുപ്പള്ളി പാപ്പാലപറമ്പിൽ പോത്തൻ വർഗീസ്, സഹോദരൻ ചാക്കോ എന്നിവർ ചേർന്ന് 1999 ൽ അരുണാചൽപ്രദേശ് നിന്നും കേരളത്തിലെത്തിച്ച ബ്രഹ്മദത്തന് ഏറ്റവും വലിയ മുതൽക്കൂട്ട് ആയിരുന്നു ഓമന ചേട്ടൻ. ബ്രഹ്മദത്തന്റ ഹിന്ദിയിൽ നിന്നും മലയാളത്തിലേക്കുള്ള മാറ്റം ശരിയായി വരാൻ രണ്ടുമാസത്തോളം വേണ്ടിവന്നു. തടി പിടിച്ചും താപ്പാനയായും നടന്നിരുന്ന ബ്രഹ്മദത്തനെ ചട്ടം പഠിപ്പിച്ചത് ഓമന ചേട്ടനാണ്.
പാലായിലെ അഡ്വക്കേറ്റ് രാജേഷ് 11 വർഷത്തിനുശേഷം പല്ലാട്ട് ആനയെ ബ്രഹ്മദത്തൻ എന്ന പേരും നൽകി വാങ്ങിയപ്പോൾ ബ്രഹ്മദത്തന്റെ എല്ലാമായിരുന്ന പാപ്പാൻ ഓമന ചേട്ടനും കൂടെ പോരുകയായിരുന്നു. ഓമന ചേട്ടന്റെയും ബ്രഹ്മദത്തന്റെയും കൂട്ടും കളികളും എല്ലാവരുടെ ഇടയിലും ഇരുവരെയും പ്രിയപ്പെട്ടവരാക്കി മാറ്റി. വൻ പൂരങ്ങളിൽ തിടമ്പേറ്റി ബ്രഹ്മദത്തൻ നിൽക്കുമ്പോൾ ആന പാപ്പാന്മാരുടെ ഇടയിലെ കാരണവരായിരുന്ന ഓമന ചേട്ടനും ആദരം ഏറ്റുവാങ്ങുകയായിരുന്നു.
കുടമാളൂർ രാഘവൻ നായരുടെ ശിഷ്യനായ ഓമന ചേട്ടൻ തന്റെ പഠനത്തിന്റെ ആരംഭകാലത്ത് വെള്ളച്ചൂർ രംഗന് ഒപ്പവും പഠനത്തിന്റെ അവസാനഘട്ടത്തിൽ തിരുവമ്പാടി പഴയ ചന്ദ്രശേഖറിനൊപ്പവുമായിരുന്നു. തുടർന്ന് ചിന്നാനിക്കാട് അയ്യപ്പൻകുട്ടി, മണിമല വേവറ ബാലൻ, പൗവ്വത്ത് ഗംഗാധരൻ, തോട്ടേക്കാട്ട് രാമചന്ദ്രൻ എന്നീ ആനകൾക്ക് പിന്നാലെയാണ് ബ്രഹ്മദത്തൻ വന്നു ചേർന്നത്.
എരമല്ലൂർ മലയിൽ കുടുംബാംഗം പരേതയായ വിജയമ്മയാണ് ഓമന ചേട്ടന്റെ ഭാര്യ. മക്കൾ പ്രദീപ് (രാജേഷ് ) പ്രീത, പ്രിയ. മരുമക്കൾ അനിൽകുമാർ, രാജേഷ്, സിനി പ്രദീപ് എന്നിവരാണ്. ഓമന ചേട്ടന്റെ സംസ്കാരം വെള്ളിഴ്ച വൈകിട്ട് നാലുമണിക്ക് ളാകാട്ടൂരിലെ വീട്ടുവളപ്പിൽ നടന്നു,

