തിരുവനന്തപുരം : ഇടതുമുന്നണിയില്‍ ഒരംഗം വീതമുളള നാല് ഘടക കക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതം രണ്ട് മന്ത്രി സ്ഥാനങ്ങള്‍ പങ്കുവയ്ക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകളില്‍ സിപിഎം നിര്‍ദ്ദേശം. കേരളാ കോണ്‍ഗ്രസ് (ബി),കോണ്‍ഗ്രസ് (എസ്),ഐഎന്‍എല്‍,ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നിവര്‍ക്കാണ് മന്ത്രിസ്ഥാനം പങ്കിടേണ്ടി വരിക. ലോക് താന്ത്രിക് ജനതാ ദളിന് മന്ത്രിസ്ഥാനം ഇല്ല. സിപിഐ കയ്യൊഴിയുന്ന ചിഫ് വിപ്പ് സ്ഥാനം കേരളാ കോണ്‍ഗ്രസ് എംന് നല്‍കിയേക്കാം. മന്ത്രിസ്ഥാനം ലഭിച്ച ഘടക കക്ഷികളില്‍ നിന്ന് രാമചന്ദ്രന്‍ കടന്നപ്പളളി(കോണ്‍ഗ്രസ് എസ്),അഹമ്മദ് ദേവര്‍കോവില്‍(ഐഎന്‍എല്‍), ആന്റണി രാജു(ജനാധിപത്യ കേരളാ കോണ്‍ഗ്രസ്), എന്നിവര്‍ മന്ത്രിമാരാകും.
എന്നാല്‍ കേരളാ കോണ്‍ഗ്രസ് (ബി) യില്‍ നിന്നുളള ഗണേഷ് കുമാര്‍ മന്ത്രി ആകുമെന്ന കരുതപ്പെട്ടിരുന്നെങ്കിലും രണ്ടര വര്‍ഷക്കാലത്തേക്കായി മന്ത്രിസ്ഥാനം സ്വീകരിക്കണമോ എന്നതില്‍ പാര്‍ട്ടിയില്‍ ആശയക്കുഴപ്പം ഉണ്ട്. വകുപ്പിനെക്കുറിച്ച് പഠിച്ചുവരുമ്പോഴേക്കും സമയം തീരുമെന്നാണ് ഗണേശിന്റെ നിലപാട്. മുന്നണിയോഗം ചേര്‍ന്ന് അന്തിമ നിലപാട് അറിയിക്കും.
രണ്ട് അംഗങ്ങളുളള ജനതാദള്‍ എസുമായി എല്‍ജെഡി ലയിക്കണമെന്ന നിര്‍ദ്ദേശമാണ് സിപിഎം മുന്നോട്ടു വെച്ചിരുന്നത്. 17/05/21 നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ രണ്ട് സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ക്കുമായി ഒരു വകുപ്പ് നല്‍കാനേ നിവര്‍ത്തിയുളളുവെന്ന് എല്‍ജെഡി നേതാക്കളെ സിപിഎം അറിയിച്ചു. എന്നാല്‍ മന്ത്രിസ്ഥാനമില്ലെങ്കില്‍ ബോര്‍ഡ് ,കോര്‍പ്പറേഷന്‍ പദവികള്‍ അടക്കം സ്വീകരിക്കേണ്ടതില്ലെന്നാണ് എല്‍ജെഡിയിലെ വികാരം. എന്നാല്‍ മുന്നണി വിടുകയില്ല.
രണ്ടുകൂട്ടര്‍ക്കുമായി മൂന്ന് അംഗങ്ങളുളളതിനാല്‍ ഒരു മന്ത്രിസ്ഥാനമെന്നാണ് ജെഡിഎസിനോടും വ്യക്തമാക്കിയത്. ലയനകാര്യം സിപിഎം വീണ്ടും സൂചിപ്പിച്ചപ്പോള്‍ തങ്ങള്‍ മുന്‍കൈ എടുത്തിട്ടും അവരാണ് വഴങ്ങാത്തത് എന്ന് ജെഡിഎസ് നേതാക്കള്‍ പ്രതികരിച്ചു. രണ്ട് അംഗങ്ങുളള അവര്‍ക്ക് ഒരു മന്ത്രിയെന്നാണ് തത്വത്തിലുളള ധാരണ. നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും സിപിഐക്കും 12 മന്ത്രിമാരും സ്പീക്കറും സിപിഎം നും എന്ന ധാരണ അന്തിമമാക്കി. കേരളാകോണ്‍ഗ്രസ് എം നേതാക്കള്‍ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ആവര്‍ത്തിച്ചെങ്കിലും ഒന്നേ ഉളളുവെന്ന് സിപിഎം വ്യക്തമാക്കി. .ചീഫ് വിപ്പ് കാര്യം ചര്‍ച്ചയുണ്ടായില്ല. അതേസമയം വകുപ്പ് വിഭജനകാര്യം മുഖ്യമന്ത്രിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്.
ഇടുക്കി എംഎല്‍എ റോഷി അഗസറ്റിനായിരിക്കും കേരളാ കോണ്‍ഗ്രസ് എംന്റെ മന്ത്രി. ഇന്നലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം റോഷി അഗസ്റ്റിനെ കക്ഷിനേതാവായി തെരഞ്ഞെടുത്തു. ഡെപ്യൂട്ടി ലീഡറായി തെരഞ്ഞെടുക്കപ്പെട്ട ഡോ എന്‍ ജയരാജ് ഗവ.ചീഫ് വിപ്പ് സ്ഥാനം ലഭിച്ചാല്‍ ആസ്ഥാനം സ്വീകരിക്കും. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.

