തിരുവനന്തപുരം: രണ്ടാം എൽ.ഡി.എഫ് സർക്കാറിൽ ഘടകകക്ഷികൾക്ക് മന്ത്രിസ്ഥാനം വീതംവെക്കുന്നത് സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി. 17/05/21 തിങ്കളാഴ്ച രാവിലെ 11ന് ചേർന്ന എൽ.ഡി.എഫ് യോഗത്തിലാണ് ഘടകകക്ഷികൾക്കുള്ള മന്ത്രിസ്ഥാനത്തിന്റെ എണ്ണം തീരുമാനിച്ചത്.
എൽ.ഡി.എഫിലെ ഒറ്റ എം.എൽ.എമാരുള്ള അഞ്ച് കക്ഷികളിൽ എൽ.ജെ.ഡി ഒഴികെ നാലിനും രണ്ടരവർഷം വീതം രണ്ട് മന്ത്രിസ്ഥാനങ്ങൾ പങ്കുവെക്കാൻ തീരുമാനമായി.
മുന്നണിയിലെ മുഴുവൻ ഘടകകക്ഷികളുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ഇതുസംബന്ധിച്ച് നാല് കക്ഷി നേതൃത്വങ്ങൾക്കും സി.പി.എം നിർദേശം നൽകിയിരുന്നു. സി.പി.എമ്മിന് ഇത്തവണ 12 മന്ത്രിമാരായി കുറയും. കഴിഞ്ഞ തവണ 13 മന്ത്രിമാർ ഉണ്ടായിരുന്നു.
സി.പി.ഐയ്ക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ലഭിക്കും. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ജെ.ഡി.എസ്, എന്‍.സി.പി. എന്നിവര്‍ക്ക് ഒരു മന്ത്രിസ്ഥാനം വീതവും എന്നതാണ് നിലവില്‍ തീരുമാനമായത്.
ശേഷിക്കുന്ന രണ്ട് മന്ത്രി സ്ഥാനങ്ങള്‍ നാല് ചെറുകക്ഷികള്‍ക്കായി രണ്ടര വര്‍ഷം വീതം എന്ന നിലയില്‍ വീതം വെക്കും എന്നതില്‍ അന്തിമ ധാരണയായി. കെ.ബി ഗണേഷ്കുമാര്, കടന്നപ്പള്ളി രാമചന്ദ്രന്, ആന്റണി രാജു, അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ക്കാണ് മന്ത്രി സ്ഥാനം രണ്ടരവര്‍ഷം വീതം ലഭിക്കുക.
കേരള കോൺഗ്രസ് (ബി)യും ജനാധിപത്യ കേരള കോൺഗ്രസും അഞ്ച് വർഷം മന്ത്രിസ്ഥാനം വേണമെന്ന് വാദിച്ചെങ്കിലും എല്ലാ ചെറുകക്ഷികളെയും ഉൾപ്പെടുത്തേണ്ടതുണ്ടെന്ന് സി.പി.എം വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷം കാബിനറ്റ് റാങ്ക് ലഭിച്ച തങ്ങൾക്ക് ഒറ്റക്ക് മന്ത്രിസ്ഥാനം വേണമെന്നും രണ്ടരവർഷം കൊണ്ട് വിഷയം പഠിക്കാൻ പോലും കഴിയില്ലെന്നുമായിരുന്നു കെ.ബി. ഗണേഷ് കുമാറിൻ്റെ വാദം.
ആദ്യം വിയോജിപ്പുണ്ടായിരുന്ന ജനാധിപത്യ കേരള കോൺഗ്രസ് പിന്നീട് സി.പി.എം നിർദേശം അംഗീകരിച്ചു. മന്ത്രിസ്ഥാനം നിഷേധിച്ചതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും എൽ.ജെ.ഡിയോട് സി.പി.എം അയഞ്ഞില്ല. ജെ.ഡി.എസിൽ ലയിക്കണമെന്ന് നേരത്തെ പറഞ്ഞത് സി.പി.എം നേതാക്കൾ ഓർമിപ്പിച്ചു.



