അന്തിക്കാട്: അപകടത്തില്‍ പെട്ട് വലത്കാലും തോളെല്ലും തകര്‍ന്ന തെരുവ് നായക്ക് നാട്ടുകാരും തളിക്കുളം അനിമല്‍ കെയര്‍ സൊസൈറ്റിയും ചേര്‍ന്ന് സംരക്ഷണം ഒരുക്കി. അന്തിക്കാട് ആല്‍സെന്ററിലെ ജുഗ്രയെന്ന നാലുവയസുളള തെരുവ് നായ്ക്കാണ് നാട്ടുകാരുടെ കനിവില്‍ തണലൊരുക്കിയത്. അപകടത്തില്‍ നായയുടെ കാലിന്റെ രണ്ടുഭാഗങ്ങളില്‍ എല്ല് ഒടിഞ്ഞിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകരെത്തി കുത്തിവയ്‌പ്പെടുക്കുകയും , പ്ലാസ്റ്റര്‍ ഇടുകയും ചെയ്തു. ശരീരത്തിന്റെ പലയിടങ്ങളിലും ആഴത്തില്‍ മുറിവുകളുണ്ട്.
സംഭവം നടന്നയുടന്‍ നാട്ടുകാര്‍ മൃഗ സ്‌നേഹിയായ അന്തിക്കാട് കല്ലിടവഴി സ്വദേശി പിവി അശോകനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തളിക്കുളം അനിമല്‍ കെയര്‍ സൊസൈറ്റി പ്രവര്‍ത്തകരായ പിആര്‍ രമേഷ് ,കെ കെ ശൈലേഷ്, അജിത്കുമാര്‍ ഏങ്ങണ്ടിയൂര്‍, സത്യന്‍ വാക്കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ മണിക്കൂറുകളെടുത്താണ് നായക്ക് ചികിത്സ നല്‍കിയത്.
മൂന്നാഴ്ചയോടെ സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷ.ഒരുവര്‍ഷം മുമ്പ് ജുഗനെ ചില സാമൂഹ്യ ദ്രോഹികള്‍ ചേര്‍ന്ന കഴുത്തിന് വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. അന്ന് മുറിവില്‍ പുഴുവരിച്ച് കിടന്നിരുന്ന നായയെ പിവി അശോകന്റെ നേതൃത്വത്തില്‍ ഒരുപറ്റം മൃഗസ്‌നേഹികളാണ് മണ്ണുത്തി വെറ്റിനരി ആശുപത്രിയില്‍ എത്തിച്ച് വിദഗ്ദചികിത്സ ലഭ്യമാക്കിയത്.



