തൃശൂര്‍:കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിന് രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ല. അദ്ദേഹത്തിന് കഴിഞ്ഞ സെപ്തംബര്‍ 23നാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നത്. പിന്നീട് രോഗം ഭേദമായി . കോവിഡ് വാക്സിന് എടുക്കുന്നതിന് ഏപ്രില്‍ 15ന് ബുക്കുചെയ്തിരുന്നു. ജലദോഷവും മണമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ടെസ്റ്റ് ചെയ്തത്. നേരത്തെ കോവിഡ് വന്നിരുന്നതിനാല്‍ അതീവ ശ്രദ്ധയോടെയാണ് പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നത് . എങ്കിലും വീണ്ടും രോഗബാധ ഉണ്ടാവുകയായിരുന്നു. മകന് നിരഞ്ജന് കൃഷ്ണക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെങ്കിലും രോഗം ഭേദമാകുന്നതുവരെ ആശുപത്രിയില്‍ തുടരും. താനുമായി ഈ ദിവസങ്ങളില്‍ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുളളവര് നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടു. നമ്മുടെ രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗമാണിപ്പോഴുളളത്. അതീവ ജാഗ്രത വേണ്ട സന്ദര്‍ഭമാണിത്. അതുകൊണ്ട് എല്ലാവരും വലിയ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ടതുണ്ട്. കോവിഡിന്റെ രണ്ടാം തരംഗത്തേയും നമുക്ക് അതിജീവിക്കേണ്ടതുണ്ട്. അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

