മുംബൈ: യു.എസിലെ ന്യൂ ജഴ്‌സിയില്‍ ഇന്ത്യാക്കാരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. സോഫ്‌റ്റ് വെയര്‍ എഞ്ചിനീയറായ ബാലാജി ഭരത് രുദ്രവാര്‍ (32), ഭാര്യ ആരതി ബാലാജി(30) എന്നിവരെയാണ് ന്യൂ ജഴ്‌സിയിലെ നോര്‍ത്ത് ആര്‍സിംങ്‌ടണ്‍ ബറോയിലുളള വീട്ടില്‍ 7.4.2021 ബുധനാഴ്‌ച മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരും കുത്തേറ്റ നിലയിലായിരുന്നു. ഇവരുടെ നാലുവയസുളള മകള്‍ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് കരയുന്നത് ശ്രദ്ധയില്‍പെട്ട അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ബാലാജിയുടെ പിതാവ് ഭരത് രുദ്രവാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐ യോട് പറഞ്ഞു. വ്യാഴാഴ്‌ചയാണ് മരണ വിവരം നാട്ടിലറിയിച്ചതെന്നും രുദ്രവാര്‍ പറഞ്ഞു.
വിദഗ്‌ദ്ധപരിശോധനാ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാവൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ നിന്നുളള ബാലാജി ഭാര്യ ആരതിയുമൊത്ത് 2015 ലാണ് യുഎസിലേക്ക് പോയത് 2014 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. പ്രമുഖ ഇന്ത്യന്‍ സോഫ്‌റ്റ് വെയര്‍ കമ്പനിയിലായിരുന്നു ബാലാജിക്ക് ജോലി. ആരതി ജോലിക്ക് പോയിരുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഒരാഴ്‌ചയിലധികം സമയമെടുക്കും. ബാലാജിയുടെ സുഹൃത്തിനൊപ്പമാമണ് ഇപ്പോള്‍ മകളെന്നും ഭരത് രുദ്രവാര്‍ പറഞ്ഞു.

