ന്യൂഡൽഹി, 2026 നവംബർ 16 –
എട്ട് തൊഴിലാളികൾക്ക് പരിക്കേറ്റ അപകടത്തിൽ രണ്ടുപേർ അറസ്റ്റിൽ
ഡൽഹിയിലെ പഹാർഗഞ്ചിൽ നിർമാണത്തിലിരുന്ന ഹോട്ടൽ കെട്ടിടം തകർന്ന് എട്ട് തൊഴിലാളികൾക്ക് പരിക്കേറ്റ സംഭവത്തിൽ കെട്ടിട ഉടമയെയും കരാറുകാരനെയും പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ഉടമ രമൺ, കരാറുകാരൻ അൻവർ എന്നിവരാണ് അറസ്റ്റിലായത്. നവംബർ 15നായിരുന്നു അപകടം. ഭാരതീയ ന്യായസംഹിതയിലെ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട അശ്രദ്ധയ്ക്കുള്ള 290, ജീവനും വ്യക്തിസുരക്ഷയും അപകടത്തിലാക്കുന്നതിനുള്ള 125(എ), പൊതുസേവകന്റെ ഉത്തരവ് ലംഘിക്കുന്നതിനുള്ള 223(എ), പൊതുവായ ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തിക്കുള്ള 3(5) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തതായി സെൻട്രൽ ഡിസിപി രോഹിത് രാജ്ബീർ സിങ് അറിയിച്ചു.
വായുമലിനീകരണം നിയന്ത്രിക്കാൻ തുറസ്സായ സ്ഥലങ്ങളിലെ നിർമാണത്തിന് വിലക്കുണ്ടായിരിക്കെയാണ് ഇവിടെ പണി നടന്നത്. പഴയ ഡൽഹിയിലെ ചാവ്രി ബസാറിൽ അനുമതിയില്ലാതെ നിർമിച്ചിരുന്ന മൂന്നുനില കെട്ടിടം തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചതിന് പത്തുദിവസത്തിന് ശേഷമാണ് പുതിയ അപകടം. സുരക്ഷിതമല്ലാത്ത നിർമാണവും അപര്യാപ്തമായ മുൻകരുതലുകളും ദുർബലമായ പരിശോധനയും ആവർത്തിക്കുന്നതായാണ് സംഭവങ്ങൾ വ്യക്തമാക്കുന്നത്. ദുരന്തമുണ്ടാകുമ്പോൾ മാത്രമാണ് പല നിയമലംഘനങ്ങളും ശ്രദ്ധയിൽപ്പെടുന്നത്.
ഹെൽമറ്റും സുരക്ഷാ ഉപകരണങ്ങളും പരിശോധനയുള്ളപ്പോൾ മാത്രം
ഹെൽമറ്റില്ലായ്മയും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളുടെ കുറവും നീണ്ട ജോലിസമയവും സമയപരിധിക്കുള്ളിൽ പണി തീർക്കാനുള്ള സമ്മർദവും പതിവാണെന്ന് തൊഴിലാളികൾ പറയുന്നു. വ്യാവസായിക സുരക്ഷാ ഷൂസ്, കൈയുറകൾ, യൂണിഫോം, നിലവാരമുള്ള ഹെൽമറ്റ് എന്നിവ കരാറുകാർ നൽകുന്നില്ലെന്ന് മണ്ഡാവലിയിൽനിന്നുള്ള നിർമാണത്തൊഴിലാളി രാജ പറഞ്ഞു. നവംബർ അഞ്ചിന് ചാവ്രി ബസാറിലെ നിർമാണസ്ഥലത്തും അദ്ദേഹം ഉണ്ടായിരുന്നു. കൈവശമുള്ള വസ്ത്രങ്ങളും സാധനങ്ങളുമായി ജോലിക്കെത്താനാണ് കരാറുകാർ പറയുന്നതെന്ന് രാജ വ്യക്തമാക്കി. പരിശോധനയോ ഉദ്യോഗസ്ഥരുടെ സന്ദർശനമോ പ്രതീക്ഷിക്കുമ്പോൾ മാത്രമാണ് ചിലപ്പോൾ സുരക്ഷാ ഉപകരണങ്ങൾ പുറത്തെടുക്കുന്നത്. സാധാരണ ലഭിക്കാത്ത യൂണിഫോമും അപ്പോൾ ധരിക്കാൻ ആവശ്യപ്പെടും.
നാലും അഞ്ചും നിലകളുള്ള കെട്ടിടങ്ങൾ 20 മുതൽ 25 ദിവസത്തിനുള്ളിൽ ഉയർത്തുന്നുണ്ടെന്നും രാജ പറഞ്ഞു. രാവിലെ ഏൽപ്പിക്കുന്ന ജോലി വൈകുന്നേരത്തിനകം തീർക്കണമെന്നാണ് കരാറുകാരുടെ ആവശ്യം. മാസം ഏകദേശം 17,000 മുതൽ 18,000 രൂപ വരെ നേടാൻ ദിവസവും കുറഞ്ഞത് 12 മണിക്കൂർ ജോലി ചെയ്യണം. ഞായറാഴ്ച അരദിവസം മാത്രമാണ് അവധി. ജോലിക്കിടെ എപ്പോൾ എന്തുസംഭവിക്കുമെന്നും അത് ജീവൻ കവരുമോയെന്നും അറിയാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.
പണി തീർക്കാനുള്ള തിരക്ക് കെട്ടിടത്തിന്റെ ഉറപ്പിനെയും ബാധിക്കുന്നു
അടിസ്ഥാന സുരക്ഷപോലും പല നിർമാണസ്ഥലങ്ങളിലും ഇല്ലെന്ന് നിരവധി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡൽഹി അഗ്നിരക്ഷാസേനാ ഡിവിഷണൽ ഫയർ ഓഫീസർ എ. കെ. ജയ്സ്വാൾ പറഞ്ഞു. ഹെൽമറ്റ്, സുരക്ഷാ ഷൂസ്, കണ്ണട എന്നിവപോലും ലഭ്യമല്ല. മറ്റ് സുരക്ഷാ മുൻകരുതലുകളുടെയും പ്രഥമശുശ്രൂഷയുടെയും കാര്യം അതിലും മോശമാണ്. പണത്തിനാണ് പ്രാധാന്യമെന്നും സുരക്ഷ അവസാന പരിഗണനയിൽപ്പോലുമില്ലെന്നും അദ്ദേഹം വിമർശിച്ചു. അപകടമുണ്ടാകുന്നതുവരെ ഒന്നും സംഭവിക്കില്ലെന്നാണ് എല്ലാവരും കരുതുന്നത്. നിർദേശിച്ചാലും ചില തൊഴിലാളികൾ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാൻ മടിക്കാറുണ്ട്. എന്നാൽ, അവ നൽകുകയും ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് കരാറുകാരാണ്. സുരക്ഷാ ഉപകരണങ്ങളില്ലാതെ ജോലി അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ദുർബലമായ ബീമുകളും സ്ലാബുകളും മതിയായ ഘടനാപരിശോധനയുടെ അഭാവവും കോൺക്രീറ്റ് ഉറയ്ക്കാൻ സമയം നൽകാത്തതും കെട്ടിടത്തിന്റെ സ്ഥിരതയെ ബാധിക്കുമെന്ന് ജയ്സ്വാൾ ചൂണ്ടിക്കാട്ടി. മുൻ സ്ലാബ് ഉറച്ച് ബലപ്പെടുന്നതിന് മുമ്പുതന്നെ അടുത്ത മേൽക്കൂരയുടെ സ്ലാബ് നിർമിക്കാൻ കരാറുകാർ തിരക്കുകൂട്ടുന്നു. ഉയരത്തിൽ ജോലി ചെയ്യുന്നവർക്ക് വീഴ്ച തടയുന്ന ശരീരം മുഴുവൻ ബന്ധിപ്പിക്കുന്ന സുരക്ഷാബെൽറ്റുകളും പലപ്പോഴും ഉണ്ടാകില്ല. പല സ്ഥലങ്ങളിലും പ്രഥമശുശ്രൂഷാ സൗകര്യങ്ങളും സ്ട്രെച്ചറുകളും ലഭ്യമല്ല. തുറന്ന ഇടങ്ങളും പുറത്തേക്കുള്ള വഴികളും കുറവായതിനാൽ അടിയന്തരസാഹചര്യത്തിൽ തൊഴിലാളികൾക്ക് രക്ഷപ്പെടാനും കെട്ടിടം തകർന്നാൽ രക്ഷാപ്രവർത്തകർക്ക് അവരിലേക്കെത്താനും ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വിലക്ക് മറികടക്കാൻ അപകടകരമായ ഇടങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്നെന്ന് ആരോപണം
നിയന്ത്രണങ്ങളുണ്ടായിട്ടും നിർമാണം തുടരുന്നത് സുരക്ഷാനിയമങ്ങൾ നടപ്പാക്കുന്നതിലെ വിടവ് വ്യക്തമാക്കുന്നതായി ഡൽഹി നിർമാണത്തൊഴിലാളി ബോർഡ് അംഗം പ്രൊഫസർ സിദ്ധേശ്വർ പി. ശുക്ല പറഞ്ഞു. തുറസ്സായ സ്ഥലങ്ങളിലെ നിർമാണവിലക്ക് മറികടക്കാൻ തൊഴിലാളികളെ ഭൂഗർഭനിലകളിലും അടഞ്ഞതോ അപകടകരമോ ആയ മറ്റ് ഇടങ്ങളിലും ജോലി ചെയ്യിപ്പിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. തൊഴിലാളികളുടെ സാമ്പത്തിക ബുദ്ധിമുട്ട് കരാറുകാർ ചൂഷണം ചെയ്യുന്നു. വലിയ നിർമാണക്കമ്പനികൾപോലും മതിയായ സുരക്ഷ ഒരുക്കുന്നില്ല. ചില സംഭവങ്ങളിൽ തൊഴിലാളികൾ മരിക്കുമ്പോൾ കുറച്ച് പണം നൽകി മൃതദേഹം നാട്ടിലേക്ക് അയയ്ക്കുകയാണെന്നും ഇത്തരം പല മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
12 മണിക്കൂർ ജോലി പതിവാകുകയാണെന്ന് ശുക്ല പറഞ്ഞു. ദീർഘനേരം ജോലി ചെയ്യിച്ചിട്ടും രേഖകളിൽ മിനിമം വേതനം നൽകുന്നതായാണ് കാണിക്കുന്നത്. തൊഴിലുടമകൾ സുരക്ഷാ ഉപകരണങ്ങൾ നൽകാത്തിടത്ത് നിർമാണത്തൊഴിലാളി ബോർഡ് ഇടപെട്ട് അവ ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതോടൊപ്പം ഉടമകളെയും കരാറുകാരെയും ഉത്തരവാദികളാക്കണമെന്നും വ്യക്തമാക്കി.
നിയമം നടപ്പാക്കാൻ ശക്തമായ പരിശോധനയും പിഴയും വേണമെന്ന് ആവശ്യം
1996ലെ കെട്ടിട–മറ്റ് നിർമാണത്തൊഴിലാളികളുടെ തൊഴിലും സേവനവ്യവസ്ഥകളും നിയന്ത്രിക്കുന്ന നിയമം റദ്ദാക്കിയത് സുരക്ഷ ദുർബലപ്പെടുത്തിയെന്ന് നിർമാണത്തൊഴിലാളികൾക്കായുള്ള ദേശീയ പ്രചാരണസമിതി കോഓർഡിനേറ്റർ സുഭാഷ് ഭട്നാഗർ പറഞ്ഞു. വർഷങ്ങളായുള്ള പോരാട്ടത്തിനൊടുവിൽ കൊണ്ടുവന്ന നിയമത്തിൽ തൊഴിലാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഇരുനൂറിലധികം വ്യവസ്ഥകളുണ്ടായിരുന്നു. അവയിൽ പലതും പുതിയ സംവിധാനത്തിൽ ലഭ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. ഈ നിയമത്തിനും 1996ലെ നിർമാണത്തൊഴിലാളി ക്ഷേമ സെസ് നിയമത്തിനും പകരമായി 2020ലെ തൊഴിൽസുരക്ഷ, ആരോഗ്യം, തൊഴിൽസാഹചര്യ കോഡും സാമൂഹികസുരക്ഷാ കോഡുമാണ് കൊണ്ടുവന്നത്. ഇവ 2025 നവംബർ 21ന് പ്രാബല്യത്തിൽ വന്നു. പുതിയ സംവിധാനം നിരവധി സുരക്ഷാവ്യവസ്ഥകൾ ദുർബലപ്പെടുത്തിയെന്നും പിഴയ്ക്കും നിയമപാലന നോട്ടീസുകൾക്കും മുൻഗണന നൽകുന്നത് ലംഘനങ്ങൾ തടയാനുള്ള കരുത്ത് കുറച്ചെന്നും ഭട്നാഗർ വാദിച്ചു.
പുതിയ സംവിധാനത്തിലെ സുരക്ഷാസമിതികളുടെ ഫലപ്രാപ്തിയെയും അദ്ദേഹം ചോദ്യംചെയ്തു. വലിയ തൊഴിലാളിസംഖ്യയില്ലാത്ത ഡൽഹിയിലെ ചെറുകിട വീടുനിർമാണ സ്ഥലങ്ങളിൽ ഇവ എത്രത്തോളം ഫലപ്രദമാകുമെന്നതാണ് ചോദ്യം. നിയമങ്ങൾ നടപ്പാക്കാൻ ഫലപ്രദമായ പരിശോധനാസംവിധാനം വേണമെന്നും സുരക്ഷാനിയമം ലംഘിക്കുന്നതിനുള്ള പിഴ, സുരക്ഷാ ഉപകരണങ്ങൾ നൽകാനുള്ള ചെലവിനേക്കാൾ ഗണ്യമായി കൂടുതലാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തലസ്ഥാനത്ത് കെട്ടിടങ്ങൾ ഉയരുമ്പോഴും അവ നിർമിക്കുന്നവരുടെ സുരക്ഷാപ്രതിസന്ധി ദുരന്തമുണ്ടാകുന്നതുവരെ ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണ് ആവർത്തിക്കുന്ന തകർച്ചകൾ വ്യക്തമാക്കുന്നത്.