ന്യൂഡൽഹി, 2026 നവംബർ 16 –
സംഘർഷമേഖല കടക്കാൻ വ്യാപാരക്കപ്പലുകൾക്ക് അകമ്പടി
ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ വിന്യസിച്ചിരിക്കുന്നത് ഇന്ത്യൻ വ്യാപാരക്കപ്പലുകൾക്ക് ആത്മവിശ്വാസവും ആവശ്യമായ സഹായവും നൽകാനാണെന്ന് നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ. യുദ്ധമേഖലയായി കണക്കാക്കപ്പെടുന്ന കടൽഭാഗങ്ങളിലൂടെ അവയെ സുരക്ഷിതമായി കടത്തിവിടുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന എഎൻഐയുടെ മൂന്നാമത് ദേശീയ സുരക്ഷാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഓപ്പറേഷൻ ഊർജ സുരക്ഷ’യുടെ ഭാഗമായി വടക്കൻ അറബിക്കടലിൽ നാവികസേന കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽനിന്ന് പുറത്തുവരുന്ന ഇന്ത്യൻ വ്യാപാരക്കപ്പലുകളെ സഹായിക്കാനും കപ്പൽനീക്കങ്ങൾ നിരീക്ഷിക്കാനും ഒമാൻ ഉൾക്കടലിന്റെ പ്രവേശനഭാഗത്തിന് സമീപം ഒരു പ്രത്യേക കപ്പലിനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സഹായം തേടിയെത്തിയത് പലതവണ
വിന്യസിച്ച കപ്പൽ പതിവായി പട്രോളിങ് നടത്തുകയും നിയോഗിച്ച മേഖലയിൽ തുടരുകയും അവിടത്തെ സംഭവവികാസങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് സ്വാമിനാഥൻ പറഞ്ഞു. ഇന്ത്യൻ വ്യാപാരക്കപ്പലുകൾക്ക് ആവശ്യമായപ്പോൾ സഹായം തേടാനാകുമെന്ന് ഉറപ്പാക്കാനാണ് ഈ ക്രമീകരണം.
“പലതവണ സഹായത്തിനായി അഭ്യർഥനകൾ വന്നിട്ടുണ്ട്. ഇന്ത്യൻ നാവികസേന അവിടെയുണ്ടെന്ന ഉറപ്പും ആത്മവിശ്വാസവും നമ്മുടെ വ്യാപാരക്കപ്പലുകൾക്ക് നൽകുകയാണ് പ്രധാന ദൗത്യം. ഹോർമുസ് കടലിടുക്കിൽനിന്ന് പുറത്തുവരുമ്പോൾ ആർക്കെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ അവിടെയുണ്ട്. യുദ്ധമേഖലയായി കണക്കാക്കപ്പെടുന്ന കടൽഭാഗങ്ങളിലൂടെ അകമ്പടി നൽകി അവയെ സുരക്ഷിതമായി പുറത്തേക്കെത്തിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ഇടുങ്ങിയ കടൽപ്പാതകളിൽ ആക്രമണസാധ്യത കൂടുതൽ
സംഘർഷബാധിത കടൽമേഖലകളിൽ സഞ്ചരിക്കുന്ന വ്യാപാരക്കപ്പലുകൾ നേരിടുന്ന അപകടങ്ങളും നാവികസേനാ മേധാവി വിശദീകരിച്ചു. ഹോർമുസ് കടലിടുക്ക്, ചെങ്കടൽ തുടങ്ങിയ ഇടുങ്ങിയ ജലപാതകളിലെ ഭൂമിശാസ്ത്രപരമായ പരിമിതികൾ കപ്പലുകളെ ആക്രമണത്തിന് കൂടുതൽ എളുപ്പത്തിൽ ഇരയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബാബ് അൽ മന്ദബ് കടലിടുക്ക് കടന്ന് ചെങ്കടലിലേക്ക് എത്തുന്ന ഭാഗവും ഹോർമുസ് കടലിടുക്കും വളരെ ഇടുങ്ങിയതാണ്. കപ്പലുകൾക്ക് ഈ വഴികളിലൂടെതന്നെ പോകേണ്ടിവരുന്നതിനാൽ ഇരുവശത്തുനിന്നും ആക്രമണം നേരിടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാപാരക്കപ്പലുകൾ യുദ്ധത്തിനോ സ്വയം പ്രതിരോധിക്കാനോ വേണ്ടി നിർമിച്ചവയല്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി അവയിൽ പ്രതിരോധത്തിനുള്ള ആയുധങ്ങളുമുണ്ടാകില്ല. അതിനാൽ വ്യാപാരക്കപ്പലിനെ ആക്രമിക്കുന്നത് പ്രയാസമുള്ള കാര്യമല്ലെന്നും ചെറിയൊരു സ്ഫോടകവസ്തുവിനുപോലും കപ്പലിന്റെ പ്രവർത്തനം തടസ്സപ്പെടുത്താനാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഡ്രോൺ ആക്രമണത്തിന്റെ ഫലം ഭൂമിശാസ്ത്രത്തെ ആശ്രയിക്കും
കടൽയുദ്ധത്തിൽ ഡ്രോണുകളുടെ ഉപയോഗം വർധിക്കുന്നുണ്ടെങ്കിലും അവയുടെ ഫലപ്രാപ്തി ഭൂമിശാസ്ത്രത്തെയും ലക്ഷ്യമിടുന്ന കപ്പലുകളുടെ സ്വഭാവത്തെയും ആശ്രയിച്ചിരിക്കുമെന്ന് സ്വാമിനാഥൻ പറഞ്ഞു. ചെങ്കടൽ, ഹോർമുസ് കടലിടുക്ക്, കരിങ്കടൽ എന്നിവിടങ്ങളിലെ അനുഭവങ്ങൾ എല്ലാ കടൽമേഖലകൾക്കും ഒരുപോലെ ബാധകമാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. കരിങ്കടലിൽ റഷ്യയുടെ കപ്പൽവ്യൂഹത്തിനെതിരെ യുക്രൈൻ സേന നടത്തിയ ഡ്രോൺ ആക്രമണങ്ങളും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
“കടൽ വളരെ വിശാലമാണ്. സഞ്ചാരത്തിന് അതിരുകളില്ലാത്തതിനാൽ ആവശ്യമായിടത്തേക്ക് നീങ്ങാം. കപ്പലുകൾ തമ്മിൽ 500 മുതൽ 600 മൈൽ വരെ അകലമുണ്ടാകാം. അത്തരമൊരു സാഹചര്യത്തിൽ ആക്രമിക്കാൻ വളരെ ദൂരപരിധിയുള്ള ആയുധസംവിധാനങ്ങൾ ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു. എന്നാൽ, ഇടുങ്ങിയ ജലപാതകളിൽ കപ്പലുകൾക്ക് ദിശമാറ്റാനും ഒഴിഞ്ഞുമാറാനും ഇടം കുറവാണ്. അതിനാൽ ആക്രമണത്തിന് കൂടുതൽ സാധ്യതയുണ്ടാകും. ചെങ്കടൽ, ഹോർമുസ് കടലിടുക്ക്, കരിങ്കടൽ തുടങ്ങിയ പരിമിതമായ ജലമേഖലകളിൽ ഭൂമിശാസ്ത്രമാണ് കാര്യങ്ങൾ നിർണയിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഡ്രോൺ സാങ്കേതികവിദ്യയിൽ നിക്ഷേപം വർധിപ്പിച്ച് നാവികസേന
ചില സംഘർഷമേഖലകളിൽ ഡ്രോണുകൾ ഫലപ്രദമായതുകൊണ്ട് മറ്റെല്ലാ കടൽസാഹചര്യങ്ങളിലും അതേ ഫലം ലഭിക്കുമെന്ന് കരുതരുതെന്ന് സ്വാമിനാഥൻ പറഞ്ഞു. ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളും കപ്പലുകളുടെ പ്രതിരോധശേഷിയും പ്രതിരോധമില്ലായ്മയും ഒരുമിച്ച് വിലയിരുത്തണം. ചിലയിടങ്ങളിൽ അതേ ശേഷി അത്ര ഫലപ്രദമാകണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആധുനിക യുദ്ധത്തിൽ ഡ്രോണുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം അംഗീകരിച്ചു. “ഡ്രോണുകൾ വളരെ പ്രധാനപ്പെട്ട സംവിധാനങ്ങളാണെന്നതിൽ സംശയമില്ല. ഇന്ത്യൻ നാവികസേനയും ഡ്രോണുകളിൽ വലിയതോതിൽ നിക്ഷേപം നടത്തുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.