തിരുച്ചിറപ്പള്ളി / 2026 / നവംബർ 14
സുസ്ഥിര കുടിവെള്ള സേവനവും ജലവിതരണ സംവിധാനങ്ങളുടെ നടത്തിപ്പിൽ ജനങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കാൻ ആഹ്വാനം ചെയ്ത് ജൽ ജീവൻ മിഷൻ രണ്ടാംഘട്ടത്തിന്റെ ആദ്യ മേഖലാ സമ്മേളനം തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ സമാപിച്ചു. രണ്ടുദിവസത്തെ സമ്മേളനത്തിൽ ഏഴ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പങ്കെടുത്തു. നവംബർ 14ന് നടന്ന രണ്ടാംദിന പരിപാടികളുടെ ഭാഗമായി കേന്ദ്ര ജലശക്തി മന്ത്രാലയത്തിലെ കുടിവെള്ള, ശുചിത്വ വകുപ്പ് സെക്രട്ടറി അശോക് കെ. കെ. മീണ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഞ്ച് സംഘങ്ങൾ ഗ്രാമീണ കുടിവെള്ള പദ്ധതികൾ സന്ദർശിച്ചു. അഞ്ച് ഗ്രാമങ്ങളിലെ ജൽ അർപ്പൺ ദിവസ് ആഘോഷങ്ങളിലും സംഘങ്ങൾ പങ്കെടുത്തു. ജലവിതരണ സംവിധാനങ്ങൾ ഗ്രാമപഞ്ചായത്തുകൾക്ക് ഔദ്യോഗികമായി കൈമാറുന്നതും നേരിൽ കണ്ടു.
പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ 2026 സെപ്റ്റംബറിൽ നടന്ന വകുപ്പുതല ഉച്ചകോടിയുടെ തുടർച്ചയായാണ് സമ്മേളനം സംഘടിപ്പിച്ചത്. ജൽ ജീവൻ മിഷൻ രണ്ടാംഘട്ടത്തിലെ പരിഷ്കാരങ്ങളുടെ പുരോഗതി വിലയിരുത്തുക, അനുഭവങ്ങൾ പങ്കുവെക്കുക, വകുപ്പുകൾ ഒന്നിച്ചുള്ള പ്രവർത്തനത്തിനും കൂട്ടായ നടപടികൾക്കുമുള്ള സാധ്യതകൾ കണ്ടെത്തുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. ആദ്യദിനത്തിൽ കേന്ദ്ര ജലശക്തി മന്ത്രി സി. ആർ. പാട്ടീൽ, ശേഷിക്കുന്ന പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും ഗ്രാമീണ കുടിവെള്ള സേവനം സുസ്ഥിരമാക്കാനുള്ള പ്രധാന ഘടനാപരമായ പരിഷ്കാരങ്ങൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രാലയങ്ങൾ, സാങ്കേതിക സ്ഥാപനങ്ങൾ, പങ്കെടുത്ത സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുടെ ചർച്ചകളിൽ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തൽ, വകുപ്പുകൾ തമ്മിലുള്ള ഏകോപനം, നടത്തിപ്പിനും അറ്റകുറ്റപ്പണിക്കും സ്ഥിരമായ ധനസഹായം, ജലസ്രോതസ്സുകളുടെ നിലനിൽപ്പ്, പരിശീലനം, ഗ്രാമപഞ്ചായത്തുകൾ നേതൃത്വം നൽകുന്ന ജലഭരണം എന്നിവയ്ക്ക് പ്രാധാന്യം നൽകി.

ഗ്രാമങ്ങളിലെ ജലവിതരണം നേരിൽകണ്ട് അഞ്ച് സംഘങ്ങൾ
സെക്രട്ടറി അശോക് കെ. കെ. മീണയുടെ സന്ദർശനം കാവേരി നദിയിലെ ചരിത്രപ്രസിദ്ധമായ ഗ്രാൻഡ് അനിക്കട്ട് എന്ന കല്ലണയിൽനിന്നാണ് ആരംഭിച്ചത്. തുടർന്ന് വടുഗകുടിയിലെ നദീതട ജലശേഖരണ കിണറുകളും ജലവിതരണത്തിന്റെ പ്രാരംഭ സംവിധാനങ്ങളും സന്ദർശിച്ചു. പാലമനേരി ഗ്രാമത്തിൽ കുടിവെള്ള സംവിധാനങ്ങൾ ഗ്രാമപഞ്ചായത്തിന് ഔദ്യോഗികമായി കൈമാറുന്ന ജൽ അർപ്പൺ ദിവസ് ആഘോഷത്തിൽ അദ്ദേഹം നാട്ടുകാർക്കൊപ്പം പങ്കെടുത്തു. വൃക്ഷത്തൈ നട്ട അദ്ദേഹം ഗ്രാമ ജല, ശുചിത്വ സമിതി അംഗങ്ങളുമായും സംസാരിച്ചു. വീടുകളിൽ പൈപ്പ് കണക്ഷൻ ലഭിച്ചതോടെ ദൈനംദിന ജീവിതത്തിലുണ്ടായ മാറ്റങ്ങൾ അംഗങ്ങൾ വിശദീകരിച്ചു. സുജലം ശക്തി സംഘത്തിലെ സ്ത്രീകൾ സ്ഥലത്തുവെച്ച് പരിശോധന നടത്താനുള്ള കിറ്റുകൾ ഉപയോഗിച്ച് ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന രീതിയും അവതരിപ്പിച്ചു.

കുടിവെള്ള, ശുചിത്വ വകുപ്പ് സെക്രട്ടറി, ദേശീയ ജൽ ജീവൻ മിഷൻ അഡീഷണൽ സെക്രട്ടറിയും മിഷൻ ഡയറക്ടറും, കുടിവെള്ള, ശുചിത്വ വകുപ്പ് ജോയിന്റ് സെക്രട്ടറി, ദേശീയ ജൽ ജീവൻ മിഷൻ ഡയറക്ടർ, എസ്.പി.എം. നിവാസ് ഡയറക്ടർ എന്നിവരാണ് അഞ്ച് സംഘങ്ങൾക്ക് നേതൃത്വം നൽകിയത്. പങ്കെടുത്ത സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികളും സംഘങ്ങളിലുണ്ടായിരുന്നു. വടുഗകുടി, തിരുച്ചിനംപൂണ്ടി, തിണ്ടുകരൈ, നൊച്ചിയം, കീഴാൻബിൽ എന്നിവിടങ്ങളിലെ ജലവിതരണത്തിന്റെ പ്രാരംഭ സംവിധാനങ്ങൾ സംഘങ്ങൾ സന്ദർശിച്ചു. തുടർന്ന് യഥാക്രമം പാലമനേരി, അംബേദ്കർ നഗർ, തീരൻമാനഗർ, അയ്യമ്പാളയം, പുതു ഉത്തമനൂർ എന്നീ ഗ്രാമങ്ങളിലെ ജൽ അർപ്പൺ ദിവസ് ആഘോഷങ്ങളിൽ പങ്കെടുത്തു. ജനങ്ങളുടെ പങ്കാളിത്തവും ജലവിതരണ സംവിധാനങ്ങൾ പഞ്ചായത്തുകൾക്ക് കൈമാറുന്നതും സംഘങ്ങൾ നേരിൽ വിലയിരുത്തി.
ജൽ അർപ്പൺ കൈമാറ്റച്ചടങ്ങിനപ്പുറമുള്ള കൂട്ടായ ഉത്തരവാദിത്വം
സമാപന സമ്മേളനത്തിൽ സംസാരിച്ച അശോക് കെ. കെ. മീണ, ജൽ അർപ്പണിനെ അടിസ്ഥാനസൗകര്യങ്ങൾ കൈമാറുന്ന ഒരു ചടങ്ങായി മാത്രം കാണരുതെന്ന് പറഞ്ഞു. സംസ്ഥാന സർക്കാർ, പദ്ധതി നടപ്പാക്കുന്ന വകുപ്പ്, ഗ്രാമപഞ്ചായത്ത് എന്നിവ തമ്മിലുള്ള തുടർച്ചയായ പങ്കാളിത്തത്തിന്റെ തുടക്കമാണിത്. വീടുകളിൽ പൈപ്പ് കണക്ഷൻ നൽകുന്നതിനപ്പുറം കൃത്യമായും വിശ്വസനീയമായും സുരക്ഷിതമായും കുടിവെള്ളം ലഭിക്കുന്ന സേവനമാണ് രണ്ടാംഘട്ടം ലക്ഷ്യമിടുന്നത്. ദീർഘകാല ലക്ഷ്യം വീടുകളിലെ പൈപ്പിലൂടെ ഇരുപത്തിനാലു മണിക്കൂറും കുടിക്കാൻ അനുയോജ്യമായ വെള്ളം ലഭ്യമാക്കുകയാണ്. ജലത്തിന്റെ ഗുണനിലവാരത്തിൽ ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കാൻ ജൽ അർപ്പണിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർ ഗ്രാമങ്ങളിലെ പൈപ്പിൽനിന്ന് നേരിട്ട് വെള്ളം കുടിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. കുടിവെള്ള സേവനങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ പഞ്ചായത്തുകൾക്ക് തുടർച്ചയായ സാങ്കേതിക സഹായവും പ്രവർത്തന മാർഗനിർദേശവും ശേഷി വികസനവും വേണം. തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രതിനിധികൾക്ക് പരിശീലനം നൽകണമെന്നും പരിശീലനസാമഗ്രികൾ പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജലക്ഷാമം വർധിക്കുന്ന സാഹചര്യത്തിൽ മഴവെള്ള സംഭരണം, ഭൂഗർഭജല പുനർനിറവ്, ജലസ്രോതസ്സുകളുടെ നിലനിൽപ്പ് ഉറപ്പാക്കുന്ന മറ്റു നടപടികൾ എന്നിവ ആസൂത്രണം ചെയ്യാൻ തീരുമാന സഹായ സംവിധാനം ഉപയോഗിക്കണം. സമ്മേളനം വിജയകരമായി സംഘടിപ്പിച്ച തമിഴ്നാട് സർക്കാരിനെ അഭിനന്ദിച്ച അദ്ദേഹം, സംസ്ഥാനങ്ങൾ അനുഭവങ്ങൾ പങ്കുവെക്കുന്നതും പരസ്പരം പഠിക്കുന്നതും തുടരണമെന്നും ആവശ്യപ്പെട്ടു.


ദേശീയ ജൽ ജീവൻ മിഷൻ അഡീഷണൽ സെക്രട്ടറിയും മിഷൻ ഡയറക്ടറുമായ കമൽ കിഷോർ സോൻ, രണ്ടാംഘട്ടത്തിലെ പരിഷ്കാരങ്ങൾ താഴെത്തട്ടിൽ ഫലപ്രദമായി നടപ്പാക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം ശക്തിപ്പെടുത്തണമെന്നും പറഞ്ഞു. ജൽ അർപ്പൺ ദിവസ് സന്ദർശനത്തിനിടെ അദ്ദേഹം ഒരു വീട്ടിലെ പൈപ്പിൽനിന്ന് നേരിട്ട് വെള്ളം കുടിച്ചു. വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരത്തിലും സുരക്ഷയിലും ജനങ്ങളുടെ വിശ്വാസം ഉറപ്പിക്കാനായിരുന്നു ഇത്. ഗ്രാമീണ കുടിവെള്ള സേവനങ്ങളിൽ പൊതുജനവിശ്വാസം വളർത്താൻ മറ്റു ഉദ്യോഗസ്ഥരും സന്ദർശനങ്ങളിൽ ഇതേ രീതി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ജൽ അർപ്പൺ സംവിധാനങ്ങളുടെ കൈമാറ്റം മാത്രമല്ലെന്നും സുസ്ഥിര ജലസേവനത്തിനുള്ള കൂട്ടായ ഉത്തരവാദിത്വത്തിലേക്കുള്ള ചുവടുവെപ്പാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തണം. പ്രത്യേകിച്ച് വലിയ അറ്റകുറ്റപ്പണികളും സംവിധാനങ്ങളുടെ തകരാറുകളും ഉണ്ടാകുമ്പോൾ പദ്ധതി നടപ്പാക്കുന്ന വകുപ്പുകളുടെ സാങ്കേതിക സഹായം തുടരുമെന്ന് പഞ്ചായത്തുകൾക്ക് ഉറപ്പുനൽകണം. ഗ്രാമീണ ജലവിതരണ സംവിധാനങ്ങൾ കൈകാര്യം ചെയ്യാനുള്ള അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പരിഷ്കാരങ്ങൾക്ക് സമയക്രമം; ഫെബ്രുവരിയിൽ ദേശീയ അവലോകനം
രണ്ടുദിവസത്തെ ചർച്ചകൾ സംഗ്രഹിച്ച കുടിവെള്ള, ശുചിത്വ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡി. സെന്തിൽ പാണ്ഡ്യൻ, സെപ്റ്റംബറിലെ വകുപ്പുതല ഉച്ചകോടിക്കുശേഷം ക്രമബദ്ധമായ തുടർനടപടികൾ സ്വീകരിച്ചെന്ന് അറിയിച്ചു. നടപ്പാക്കേണ്ട നിർദിഷ്ട പ്രവർത്തനങ്ങൾ, ഉത്തരവാദിത്വമുള്ള ബന്ധപ്പെട്ട കക്ഷികൾ, സമയപരിധികൾ എന്നിവ നിശ്ചയിച്ചു. തുടർന്ന് പഞ്ചായത്തിരാജ്, നൈപുണ്യ വികസനവും സംരംഭകത്വവും, ഗോത്രകാര്യ, ഗ്രാമവികസന മന്ത്രാലയങ്ങളുമായി കൂടിയാലോചനകൾ നടത്തി. ധനസഹായം, നൈപുണ്യ പരിശീലനം, ഗോത്രമേഖലകളിലെ കുടിവെള്ള ലഭ്യത, ജലസ്രോതസ്സുകളുടെ നിലനിൽപ്പ് എന്നിവയിൽ സംയോജിത പ്രവർത്തനം ശക്തിപ്പെടുത്താനായിരുന്നു ചർച്ചകൾ. സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ഉറപ്പാക്കൽ, അടിസ്ഥാനസൗകര്യങ്ങൾ പഞ്ചായത്തുകൾക്ക് ഔദ്യോഗികമായി കൈമാറൽ, നടത്തിപ്പ്–അറ്റകുറ്റപ്പണി നയങ്ങൾ ഫലപ്രദമായി നടപ്പാക്കൽ, ഗ്രാമ ജല, ശുചിത്വ സമിതികളുടെ ശേഷി വികസനം, പ്രത്യേക ജില്ലാ സാങ്കേതിക യൂണിറ്റുകൾ, ജലഗുണനിലവാര നിരീക്ഷണം, സുജലം ഭാരത് വഴിയുള്ള ഡിജിറ്റൽ ഭൂപടനിർമാണം, തീരുമാന സഹായ സംവിധാനം ഉപയോഗിച്ചുള്ള ജലസ്രോതസ്സ് സംരക്ഷണ ആസൂത്രണം എന്നിവയാണ് പ്രധാന പരിഷ്കാരങ്ങളെന്ന് അദ്ദേഹം വിശദീകരിച്ചു. 2027 ഫെബ്രുവരിയിൽ നടത്താൻ ഉദ്ദേശിക്കുന്ന ദേശീയതല അവലോകനത്തിനു മുന്നോടിയായി സംസ്ഥാനങ്ങൾ ഏറ്റെടുത്ത പരിഷ്കാരങ്ങളുടെ സമയപരിധി പാലിക്കണം. ക്രമബദ്ധമായ അവലോകനത്തിന്റെ ഭാഗമായി അഞ്ച് മേഖലാ സമ്മേളനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
നന്ദിപ്രസംഗം നടത്തിയ ദേശീയ ജൽ ജീവൻ മിഷൻ ഡയറക്ടർ ഹരി നാരായണൻ എം., നേതൃത്വത്തിനും മാർഗനിർദേശത്തിനും കുടിവെള്ള, ശുചിത്വ വകുപ്പ് സെക്രട്ടറി, ദേശീയ ജൽ ജീവൻ മിഷൻ അഡീഷണൽ സെക്രട്ടറിയും മിഷൻ ഡയറക്ടറും, ജോയിന്റ് സെക്രട്ടറി എന്നിവർക്ക് നന്ദി അറിയിച്ചു. മികച്ച ഒരുക്കങ്ങൾക്ക് തമിഴ്നാട് സർക്കാർ, തമിഴ്നാട് ജലവിതരണ–ജലനിർഗമന ബോർഡ്, ബന്ധപ്പെട്ട മറ്റു വകുപ്പുകൾ എന്നിവയെ അദ്ദേഹം അഭിനന്ദിച്ചു. സമ്മേളനം അർഥവത്തും ഫലപ്രദവുമാക്കുന്നതിന് സംഭാവന നൽകിയ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ, സാങ്കേതിക സ്ഥാപനങ്ങൾ, എസ്.പി.എം. നിവാസ്, ദേശീയ ജൽ ജീവൻ മിഷൻ സംഘം എന്നിവർക്കും നന്ദി പറഞ്ഞു.

ജലപരിശോധന മുതൽ നടത്തിപ്പുവരെ ജനങ്ങളുടെ പങ്കാളിത്തം
ജലസ്രോതസ്സിൽനിന്ന് വീട്ടിലെ പൈപ്പുവരെ വെള്ളമെത്തിക്കുന്ന സംവിധാനങ്ങളെക്കുറിച്ചുള്ള പ്രായോഗിക അറിവാണ് സന്ദർശനങ്ങൾ നൽകിയത്. നദീതട ജലശേഖരണ കിണറുകൾ, വെള്ളം പമ്പ് ചെയ്യുന്നതും വിതരണം ചെയ്യുന്നതുമായ സംവിധാനങ്ങൾ, ജനങ്ങളുടെ നേതൃത്വത്തിലുള്ള നടത്തിപ്പും അറ്റകുറ്റപ്പണിയും എന്നിവ സംഘങ്ങൾ മനസ്സിലാക്കി. ജൽ അർപ്പൺ ദിവസ് ആഘോഷങ്ങളിൽ ഗ്രാമപഞ്ചായത്തുകൾ, ഗ്രാമ ജല, ശുചിത്വ സമിതി അംഗങ്ങൾ, വനിതാ സ്വയംസഹായ സംഘങ്ങൾ, സ്കൂൾ വിദ്യാർഥികൾ, നാട്ടുകാർ എന്നിവർ ആവേശത്തോടെ പങ്കെടുത്തു. കലാപരിപാടികൾ, കോലമിടൽ–ചിത്രരചനാ മത്സരങ്ങൾ, പരിശോധനാ കിറ്റുകൾ ഉപയോഗിച്ചുള്ള ജലഗുണനിലവാര പരിശോധനയുടെ അവതരണം, സമൂഹ പ്രതിജ്ഞകൾ എന്നിവ നടന്നു. പദ്ധതിയുടെ രേഖകളും നിർമാണം പൂർത്തിയായ സംവിധാനങ്ങളുടെ യഥാർഥ രൂപരേഖകളും പഞ്ചായത്തുകൾക്ക് ഔദ്യോഗികമായി കൈമാറി. തുടർന്ന് നടന്ന അനുഭവങ്ങൾ പങ്കുവെക്കുന്ന യോഗത്തിൽ അഞ്ച് സംഘങ്ങളുടെയും പ്രതിനിധികൾ നിരീക്ഷണങ്ങൾ അവതരിപ്പിച്ചു. പുതുമയുള്ള സാങ്കേതിക രീതികൾ, ജലഗുണനിലവാര നിരീക്ഷണത്തിലെ സ്ത്രീപങ്കാളിത്തം, സംവിധാനങ്ങളിൽ ജനങ്ങൾക്കുള്ള ഉടമസ്ഥതാബോധം, നടത്തിപ്പിനും അറ്റകുറ്റപ്പണിക്കും സുസ്ഥിരമായ ധനസഹായം എന്നിവയുടെ പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി.

ആദ്യദിനത്തിലെ നയചർച്ചകൾക്ക് രണ്ടാംദിനത്തിലെ സന്ദർശനങ്ങളും ജൽ അർപ്പൺ ദിവസ് ആഘോഷങ്ങളും പ്രായോഗിക അനുഭവങ്ങൾ പകർന്നു. ഗ്രാമീണ കുടിവെള്ള സംവിധാനങ്ങളിൽ ജനങ്ങളുടെ ഉടമസ്ഥതയും സുസ്ഥിര നടത്തിപ്പും എങ്ങനെ ഉറപ്പാക്കാമെന്ന് മനസ്സിലാക്കാൻ ഇവ സഹായിച്ചു. നയചർച്ചകളും താഴെത്തട്ടിലെ അനുഭവങ്ങളും ചേർന്ന സമ്മേളനഫലങ്ങൾ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ജൽ ജീവൻ മിഷൻ രണ്ടാംഘട്ടത്തിലെ പരിഷ്കാരങ്ങൾ വേഗത്തിലാക്കാനും ഇവ സഹായിക്കും. അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിൽനിന്ന് ജനങ്ങൾ കൈകാര്യം ചെയ്യുന്ന സുസ്ഥിരവും വിശ്വസനീയവുമായ ഗ്രാമീണ കുടിവെള്ള സേവനത്തിലേക്കുള്ള മാറ്റത്തിനും സമ്മേളനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

