ന്യൂഡൽഹി / 2026 / ഒക്ടോബർ 09
ഖാദി ഉത്സവം–2026ന്റെ ഭാഗമായി ഡൽഹിയിലെ ഐഎൻഎ ഡൽഹി ഹാട്ടിൽ പ്രത്യേക ഖാദി–ഗ്രാമവ്യവസായ പ്രദർശനം തുടങ്ങി. ഖാദി ഗ്രാമവ്യവസായ കമ്മീഷൻ ചെയർമാൻ മനോജ് ഗോയൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിന് കീഴിലുള്ള ഖാദി ഗ്രാമവ്യവസായ കമ്മീഷനാണ് സംഘാടകർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനൊത്ത് രാജ്യത്തിന്റെ സാംസ്കാരിക പൈതൃകവും പരമ്പരാഗത കരകൗശലവും സ്വദേശി സംരംഭങ്ങളും ഒരിടത്ത് അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഒക്ടോബർ 15 വരെ നടക്കുന്ന പ്രദർശനത്തിൽ 115 സ്റ്റാളുകളുണ്ട്. ഇതിൽ 48 എണ്ണം ഖാദിയുടേതാണ്. ശേഷിക്കുന്നവ ഗ്രാമവ്യവസായ സംരംഭകരുടെയും കരകൗശല തൊഴിലാളികളുടെയും പ്രധാനമന്ത്രിയുടെ തൊഴിൽ സൃഷ്ടിക്കൽ പദ്ധതിക്ക് കീഴിലുള്ള യൂണിറ്റുകളുടേതുമാണ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിൽനിന്നുമുള്ള കരകൗശല തൊഴിലാളികളും ഖാദി സ്ഥാപനങ്ങളും ഗ്രാമവ്യവസായ യൂണിറ്റുകളും സംരംഭകരും ഉൽപ്പന്നങ്ങൾ എത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രദർശനത്തിൽ ഒരു ചെറുഭാരതത്തിന്റെ കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തിൽ കമ്മീഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, മന്ത്രാലയത്തിലെ എആർഐ വിഭാഗം ജോയിന്റ് സെക്രട്ടറി, കമ്മീഷന്റെ ധനകാര്യ ഉപദേഷ്ടാവ്, ഉദ്യോഗസ്ഥർ, ജീവനക്കാർ, ഖാദി സ്ഥാപനങ്ങളുടെ പ്രതിനിധികൾ, കരകൗശല തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

സ്വദേശി സന്ദേശം പുതുതലമുറയിലേക്കും
പ്രധാനമന്ത്രിയുടെ ‘ഹർ ഘർ സ്വദേശി, ഘർ ഘർ സ്വദേശി’ എന്ന ആഹ്വാനം ജനങ്ങളിലേക്കും പുതുതലമുറയായ ജെൻ സിയിലേക്കും എത്തിക്കാനാണ് പ്രദർശനമെന്ന് മുഖ്യാതിഥിയായ മനോജ് ഗോയൽ പറഞ്ഞു. എല്ലാ വീടുകളിലും സ്വദേശി ഉൽപ്പന്നങ്ങൾ എത്തണമെന്നതാണ് ഈ സന്ദേശം. ഖാദിയും ഗ്രാമവ്യവസായങ്ങളും ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള മാർഗം മാത്രമല്ല. രാജ്യത്തെ ലക്ഷക്കണക്കിന് കരകൗശല തൊഴിലാളികളുടെയും നെയ്ത്തുകാരുടെയും ഗ്രാമീണ സംരംഭകരുടെയും അധ്വാനവും നൈപുണ്യവും സ്വാശ്രയത്വവും അവയിലൂടെ പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവിധ പ്രദേശങ്ങളിലെ ഈ സമ്പന്നമായ പാരമ്പര്യമാണ് ഡൽഹി ഹാട്ടിൽ ഒരേ വേദിയിൽ അവതരിപ്പിക്കുന്നത്. പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുകയും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള സ്വദേശി ബദലുകൾ നൽകുകയും ചെയ്യുന്നത് മേഖലയുടെ സമഗ്ര വളർച്ചയ്ക്ക് ആവശ്യമാണ്. ഡൽഹി നിവാസികളും നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളും പ്രദർശനം സന്ദർശിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഇന്ത്യൻ കരകൗശല തൊഴിലാളികളുടെയും ഗ്രാമീണ സംരംഭകരുടെയും ഉൽപ്പന്നങ്ങൾ കാണാനും വാങ്ങുമ്പോൾ സ്വദേശി ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകാനും അദ്ദേഹം ആവശ്യപ്പെട്ടു.
ഗ്രാമീണ യുവാക്കൾക്ക് പുതിയ അവസരങ്ങൾ
യുവാക്കളെ തൊഴിലുമായി ബന്ധിപ്പിക്കുന്നതിനൊപ്പം നൈപുണ്യം, സംരംഭകത്വം, ധനസഹായം, വിപണി എന്നിവയുമായി ബന്ധിപ്പിക്കുന്ന സമഗ്ര തൊഴിൽ സംവിധാനം മോദി സർക്കാർ ഒരുക്കുകയാണെന്ന് ഗോയൽ പറഞ്ഞു. ഗ്രാമീണ യുവാക്കൾക്ക് പുതിയ അവസരങ്ങൾ നൽകുന്ന ശക്തമായ മാർഗമായി ഖാദിയും ഗ്രാമവ്യവസായങ്ങളും മാറുകയാണ്. ഇന്ത്യയിലെ വിവിധ ഭൂമേഖലകളുടെ പ്രത്യേകതകളുള്ള ഖാദി, തുണിത്തരങ്ങൾ, ഗ്രാമവ്യവസായ ഉൽപ്പന്നങ്ങൾ എന്നിവ ഒരിടത്ത് കാണാനും വാങ്ങാനും കഴിയുന്നതാണ് പ്രദർശനത്തിന്റെ സവിശേഷത.
കേരളത്തിന്റെ തുണിത്തരങ്ങൾ മുതൽ വടക്കുകിഴക്കൻ മുളയുൽപ്പന്നങ്ങൾ വരെ
ദക്ഷിണേന്ത്യയിൽനിന്ന് കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം എന്നിവിടങ്ങളിലെ പ്രതിനിധികൾ പ്രത്യേക ഖാദി, പട്ടുൽപ്പന്നങ്ങളുമായി എത്തിയിട്ടുണ്ട്. കർണാടകയുടെ പട്ടുൽപ്പന്നങ്ങൾ, തമിഴ്നാടിന്റെ പരമ്പരാഗത നെയ്ത്തും പട്ടും, ആന്ധ്രപ്രദേശിന്റെ കളംകാരി ഉൽപ്പന്നങ്ങൾ, തെലങ്കാനയുടെ ഇക്കത്ത് നെയ്ത്ത്, കേരളത്തിന്റെ പരമ്പരാഗത വസ്ത്ര കരകൗശല ശൈലി എന്നിവ സന്ദർശകരെ ആകർഷിക്കുന്നു. കിഴക്കൻ ഇന്ത്യയിൽനിന്ന് പശ്ചിമ ബംഗാളിന്റെ നേർത്ത മസ്ലിനും കൈത്തറി പാരമ്പര്യവും ബിഹാറിന്റെ പട്ടും ടസർ ഉൽപ്പന്നങ്ങളും ഒഡിഷയുടെ പരമ്പരാഗത നെയ്ത്തും ഇക്കത്ത് കരകൗശലവും എത്തിയിട്ടുണ്ട്. വടക്കുകിഴക്കൻ ഇന്ത്യയിലെ ഖാദി, മുള, പ്രകൃതിദത്ത വസ്തുക്കൾ എന്നിവകൊണ്ടുള്ള ഉൽപ്പന്നങ്ങളും പ്രധാന ആകർഷണമാണ്. അസമിന്റെ പരമ്പരാഗത പട്ടുൽപ്പന്നങ്ങൾക്കൊപ്പം വടക്കുകിഴക്കൻ മേഖലയിലെ കരകൗശല, മുളയുൽപ്പന്നങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.

വിറ്റുവരവ് 1.87 ലക്ഷം കോടിക്ക് മുകളിൽ
വടക്കേ ഇന്ത്യയിൽനിന്നും പടിഞ്ഞാറൻ ഇന്ത്യയിൽനിന്നും നിരവധി പേർ തങ്ങളുടെ പ്രത്യേക ഉൽപ്പന്നങ്ങളുമായി എത്തിയിട്ടുണ്ട്. ഗുജറാത്തിന്റെ പരമ്പരാഗത തുണിത്തരങ്ങളും കരകൗശലവും രാജസ്ഥാന്റെ വർണാഭമായ കരകൗശല വസ്തുക്കളും പരമ്പരാഗത പ്രിന്റുകളും പ്രദർശനത്തിലുണ്ട്. ഹിമാചൽ പ്രദേശിന്റെ കമ്പിളി ഉൽപ്പന്നങ്ങൾ, ഉത്തർപ്രദേശിന്റെ പരമ്പരാഗത നെയ്ത്തും കരകൗശലവും, ഹരിയാനയുടെ ഗ്രാമീണ ഉൽപ്പന്നങ്ങൾ, ജാർഖണ്ഡിന്റെയും ഛത്തീസ്ഗഢിന്റെയും പ്രകൃതിദത്തവും ആദിവാസി പാരമ്പര്യമുള്ളതുമായ കരകൗശല വസ്തുക്കളും ഒരുക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർ അതത് പ്രദേശങ്ങളുടെ പരമ്പരാഗത സ്വത്വം പ്രതിഫലിപ്പിക്കുന്ന ഖാദി തുണിത്തരങ്ങൾ, പട്ടുകൾ, കരകൗശല വസ്തുക്കൾ, പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, ഔഷധസസ്യ ഉൽപ്പന്നങ്ങൾ, ഗ്രാമവ്യവസായ ഉൽപ്പന്നങ്ങൾ എന്നിവയും എത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള ചിന്തയും നയങ്ങളും ഖാദി–ഗ്രാമവ്യവസായ മേഖലയിൽ അഭൂതപൂർവമായ പുരോഗതിക്ക് വഴിയൊരുക്കിയെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ ഗോയൽ പറഞ്ഞു. 2025–26 സാമ്പത്തിക വർഷത്തിൽ മേഖലയുടെ വിറ്റുവരവ് 1.87 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തി. 2.04 കോടിയിലധികം പേർക്ക് ഈ മേഖലയിലൂടെ തൊഴിൽ ലഭിക്കുന്നുണ്ട്. വരുംകാലത്ത് 2.51 ലക്ഷം കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യം കൈവരിക്കാനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
