ഇടുക്കി, 2026 സെപ്റ്റംബർ 30 –
വനാതിർത്തിയിലെ തോട്ടങ്ങളിൽ രാത്രി നിയന്ത്രണം
വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇടുക്കിയിൽ പുതിയ നിയന്ത്രണം. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് വനമേഖലയോട് ചേർന്നുള്ള തോട്ടങ്ങളിലൂടെയുള്ള രാത്രി സഞ്ചാരവും രാത്രിയിലെ തോട്ടം ജോലികളും നിർത്തിവയ്ക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെയാണ് നിയന്ത്രണം. മൂന്നാർ, പീരുമേട്, ഉടുമ്പൻചോല മേഖലകളിലെ പ്ലാന്റേഷൻ ഇൻസ്പെക്ടർമാർ വഴി തോട്ടം ഉടമകൾക്കും തൊഴിലാളികൾക്കും കർശന നിർദേശം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
കാട്ടാന ശല്യം രൂക്ഷമായ മേഖലകളിൽ മുൻകരുതൽ
എന്നാൽ നിയന്ത്രണം സംബന്ധിച്ച് ആശങ്കയും പ്രതിഷേധവും ശക്തമാണ്. ഇടുക്കിയിലെ ഭൂരിഭാഗം തോട്ടമേഖലകളും വനത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. വൈകിട്ട് ആറിന് ശേഷം ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നാണ് കർഷക സംഘടനയായ കിഫയുടെ ചെയർമാൻ അലക്സ് ഒഴുകയിൽ ആരോപിച്ചത്. നിയന്ത്രണം ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തോട്ടങ്ങളിലെ റോഡുകൾക്കാണ് നിയന്ത്രണം ബാധകമെന്നും പ്രധാന പൊതുറോഡുകളിലെ യാത്ര നിരോധിച്ചിട്ടില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ആലുവ-മൂന്നാർ റോഡ്, കെ.കെ. റോഡ് തുടങ്ങിയ പ്രധാന റോഡുകളിൽ യാത്രയ്ക്ക് വിലക്കില്ലെന്നാണ് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ബിനു ജോസഫ് വ്യക്തമാക്കിയത്. ഇത് സഞ്ചാരസ്വാതന്ത്ര്യം പൂർണമായി നിരോധിക്കുന്ന ഉത്തരവല്ലെന്നും മുൻകരുതൽ നടപടിയാണെന്നും ഭരണകൂടം വിശദീകരിച്ചു.
തൊഴിലാളികളുടെ ജീവിതത്തിലും ആശങ്ക
തോട്ടം തൊഴിലാളികളുടെ ജോലിയെയും നിയന്ത്രണം ബാധിക്കുമെന്ന ആശങ്കയുണ്ട്. ജോലിക്ക് ശേഷം രാത്രി സമയത്ത് വീടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികളും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുമാണ് പ്രധാനമായും പ്രതിസന്ധിയിലാകുന്നത്. അടിയന്തര ആശുപത്രി ആവശ്യങ്ങൾക്കും മറ്റ് അത്യാവശ്യ യാത്രകൾക്കും നിയന്ത്രണം ബുദ്ധിമുട്ടുണ്ടാക്കുമെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
ഇതിനിടെ നിയന്ത്രണത്തിനെതിരെ ഇടുക്കിയിലെ തോട്ടം മേഖലകളിൽ ഇന്ന് മുതൽ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ സമരം ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ആർ. തിലകൻ അറിയിച്ചു. തൊഴിലാളികളുടെ സഞ്ചാരത്തെ ബാധിക്കുന്ന തീരുമാനം പിൻവലിക്കണമെന്നാണ് സംഘടനയുടെ ആവശ്യം
കാട്ടാനകളുടെ സഞ്ചാരപാത കണ്ടെത്താൻ വിദഗ്ധ സമിതി
ഇതിനിടെ രാജകുമാരി, ചിന്നക്കനാൽ, ശാന്തൻപാറ, രാജകുമാരി പഞ്ചായത്തുകളിലെ കാട്ടാനശല്യത്തിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹാര നിർദേശങ്ങൾ സമർപ്പിക്കാൻ നാലംഗ വിദഗ്ധ സമിതിയെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ചു. ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൻ കൂടിയായ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ടാണ് സമിതി രൂപീകരിച്ചത്.
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ഡയറക്ടർ ഡോ. പി.എസ്. ഈസ, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പീച്ചിയിലെ ശാസ്ത്രജ്ഞൻ ഡോ. രാജൻ പിലാക്കണ്ടി, പാലാ സെന്റ് തോമസ് കോളേജിലെ മുൻ ബോട്ടണി വിഭാഗം മേധാവി ഡോ. ജോമി അഗസ്റ്റിൻ, ചിന്നക്കനാൽ എൺപതേക്കറിൽ നിന്നുള്ള ആദിവാസി പ്രതിനിധി മുരുകേശൻ എന്നിവരാണ് സമിതിയിലുള്ളത്.
കാട്ടാനകളുടെ സഞ്ചാരപാതകൾ കണ്ടെത്തുക, പരമ്പരാഗത ആനത്താരകളിലെ നിലവിലുള്ള തടസ്സങ്ങളും പ്രതിബന്ധങ്ങളും വിലയിരുത്തുക, കാട്ടാനശല്യമുള്ള പ്രദേശങ്ങളിലെ പാരിസ്ഥിതിക സാഹചര്യം പരിശോധിക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകൾ.
കർഷകരുടെ കാർഷിക വിളകൾ സംരക്ഷിക്കാൻ സ്വീകരിക്കേണ്ട നടപടികളും സമിതി നിർദേശിക്കും. ആനകളെ ആകർഷിക്കുന്ന വിളകൾ ഏതൊക്കെയെന്ന് വിലയിരുത്തും. പ്രദേശത്തെ സസ്യങ്ങളും മരങ്ങളും ആനകളുടെ സഞ്ചാരപാതയെ എങ്ങനെ സ്വാധീനിക്കുന്നു എന്നും ജലലഭ്യത ആനകളുടെ സഞ്ചാരത്തെ എങ്ങനെ ബാധിക്കുന്നു എന്നും പരിശോധിക്കും. വനത്തിലും സമീപപ്രദേശങ്ങളിലും പരിസ്ഥിതി പുനഃസ്ഥാപന നടപടികളും നിർദേശിക്കും.
ഒരു മാസത്തിനകം റിപ്പോർട്ട്
ആവശ്യമായ സ്ഥലപരിശോധനകളും കൂടിയാലോചനകളും സാങ്കേതിക വിലയിരുത്തലുകളും നടത്തിയ ശേഷമായിരിക്കും വിദഗ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കുക. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
സമിതിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഓണറേറിയം, യാത്ര, താമസം എന്നിവയ്ക്കുള്ള ചെലവുകളും ആവശ്യമായ സൗകര്യങ്ങളും ഉപകരണങ്ങളും മൂന്നാർ ഡി.എഫ്.ഒ നൽകണം. സ്ഥലപരിശോധനകൾക്ക് ആവശ്യമായാൽ വനംവകുപ്പിന് പുറമെ റവന്യൂ, സർവേ, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും ഉറപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
മനുഷ്യജീവനും കാട്ടാനകളുടെ സ്വാഭാവിക സഞ്ചാരവും ഒരേസമയം സംരക്ഷിക്കാനുള്ള ശാസ്ത്രീയ പരിഹാരമാണ് ഇനി നിർണായകം. അടുത്ത ഒരു മാസത്തിനുള്ളിൽ വിദഗ്ധ സമിതി നൽകുന്ന റിപ്പോർട്ടാണ് തുടർനടപടികൾക്ക് നിർണായകമാകുക.