ന്യൂഡൽഹി / 2026 / നവംബർ 19
ആപ്പ് വഴിയുള്ള സേവനങ്ങൾ കൂടുതൽ പേർക്ക് തൊഴിലും വരുമാനവും നൽകുകയും യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാതാ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. നവംബർ 18ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ‘റൈഡ് – മൂവിങ് ഇന്ത്യ ഫോർവേഡ്’ പരിപാടിയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഡ്രൈവർമാരുടെ ക്ഷേമവും യാത്രക്കാർക്കുള്ള സേവനവും മെച്ചപ്പെടുത്താൻ 2025ലെ മോട്ടോർ വാഹന അഗ്രിഗേറ്റർ മാർഗരേഖ നടപ്പാക്കണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. യാത്രക്കാരെ കൊണ്ടുപോകുന്നതിൽ തുടങ്ങിയ ആപ്പ് സേവനങ്ങൾ ഇന്ന് ചരക്കും ഭക്ഷണവും എത്തിക്കുന്നതിലേക്കും വളർന്നിട്ടുണ്ട്. ഇതിലൂടെ വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വരുമാനമാർഗങ്ങൾ തുറന്നെന്നും സാങ്കേതികവിദ്യയും നവീകരണവും സംരംഭകത്വവും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുമെന്നും ഗഡ്കരി പറഞ്ഞു.

ഊബർ, ഒല, റാപ്പിഡോ, ഭാരത് ടാക്സി, സൊമാറ്റോ, സ്വിഗ്ഗി, പോർട്ടർ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ആപ്പ് സേവനങ്ങൾ തൊഴിൽ, യാത്രാസൗകര്യം, ഉപജീവനം എന്നിവയ്ക്ക് നൽകുന്ന സംഭാവനകൾ ചർച്ച ചെയ്യാൻ വ്യവസായ പ്രതിനിധികളും ഡ്രൈവർമാരും ഗിഗ് തൊഴിലാളികളും ഗുണഭോക്താക്കളും ഒത്തുചേർന്നു. റാപ്പിഡോ സഹസ്ഥാപകൻ പവൻ ഗുണ്ടുപള്ളി, ഊബർ ഇന്ത്യ ഡയറക്ടർ ശിവ ശൈലേന്ദ്രൻ, പോർട്ടർ മുഖ്യ നിർവഹണ ഉദ്യോഗസ്ഥൻ ഉത്തം ദിഗ, ഒല ബിസിനസ് മേധാവി അങ്കുഷ് അഗർവാൾ, സ്വിഗ്ഗി വൈസ് പ്രസിഡന്റ് നേഹ സിങ്വി, സൊമാറ്റോയുടെ പൊതുനയ വിഭാഗത്തിലെ ജസ്കിരൺ ബേദി, നടനും പ്രഭാഷകനുമായ ശരദ് കേൽക്കർ എന്നിവർ പങ്കെടുത്തു.
ഗ്രാമങ്ങളിൽ നിന്ന് പഠനകേന്ദ്രങ്ങളിലേക്കും ചന്തകളിലേക്കും യാത്ര എളുപ്പമാക്കണം
കൂടുതൽ സംസ്ഥാനങ്ങൾ മാർഗരേഖ നടപ്പാക്കുന്നത് സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിലവസരങ്ങൾ ലഭിക്കാൻ സഹായിക്കുമെന്ന് ഗഡ്കരി പറഞ്ഞു. ആപ്പ് സേവനങ്ങൾ പ്രവർത്തിക്കാൻ അനുകൂല സാഹചര്യമൊരുക്കണമെന്നും വളർന്നുവരുന്ന ഗതാഗത മേഖലയിൽ കൂടുതൽ പേർക്ക് പങ്കാളികളാകാൻ അവസരം നൽകണമെന്നും അദ്ദേഹം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. യന്ത്രസഹായത്തോടെ പ്രവർത്തിക്കുന്ന ഇ-റിക്ഷകളും ഇ-കാർട്ടുകളും പരമ്പരാഗത തൊഴിലുകളിൽ മാറ്റം വരുത്തുകയും കായികാധ്വാനം കുറയ്ക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ഗ്രാമങ്ങളിൽ പ്രധാന ഗതാഗത കേന്ദ്രങ്ങളിൽ നിന്ന് ആളുകളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തണം. പഠിക്കാനും ജോലിക്കുമായി പോകാനും ചന്തകളിലെത്താനും ഇതു സഹായിക്കും. കാർഷിക ഉൽപ്പന്നങ്ങൾ നഗരങ്ങളിലേക്ക് എത്തിക്കാനും എളുപ്പമാകും.

സ്വന്തം വാഹനമുള്ള ഡ്രൈവർമാർക്ക് നിരക്കിന്റെ കുറഞ്ഞത് 80 ശതമാനം
മേഖലയുടെ വളർച്ചയ്ക്ക് വഴിയൊരുക്കുന്നതിനൊപ്പം ഡ്രൈവർമാരുടെയും ഉപഭോക്താക്കളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുകയാണ് സർക്കാർ നയത്തിന്റെ ലക്ഷ്യമെന്ന് ഗഡ്കരി പറഞ്ഞു. ചട്ടങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ വ്യവസായ മേഖലയിലുള്ളവർ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കണമെന്നും നിർദേശങ്ങൾ പങ്കുവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാങ്കേതിക പുരോഗതിയുടെ ഗുണം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ലഭിക്കണമെന്നും അത് 2047ലെ വികസിത് ഭാരത് ലക്ഷ്യത്തിന് കരുത്തേകണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ നേരത്തേ, കേന്ദ്ര റോഡ് ഗതാഗത, ദേശീയപാതാ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സി. എൻ. സിങ് 2025ലെ മോട്ടോർ വാഹന അഗ്രിഗേറ്റർ മാർഗരേഖയിലെ പ്രധാന വ്യവസ്ഥകൾ വിശദീകരിച്ചു. സംസ്ഥാന സർക്കാരുകൾ, അഗ്രിഗേറ്റർ കമ്പനികൾ, ബന്ധപ്പെട്ട മറ്റു വിഭാഗങ്ങൾ എന്നിവരുമായി ചർച്ച ചെയ്താണ് മാർഗരേഖ പുതുക്കിയത്. സ്വന്തം വാഹനം ഉപയോഗിക്കുന്ന ഡ്രൈവർക്ക് ബാധകമായ യാത്രാനിരക്കിന്റെ കുറഞ്ഞത് 80 ശതമാനം ലഭിക്കണം. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും കുറഞ്ഞത് പത്ത് ലക്ഷം രൂപയുടെ ടേം ഇൻഷുറൻസും ഉറപ്പാക്കണം. ഒന്നിലധികം പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യാൻ ഡ്രൈവർമാർക്ക് അവസരമുണ്ട്. ജോലിയിൽ പ്രവേശിക്കുമ്പോൾ 40 മണിക്കൂർ പരിശീലനം നൽകണം. ഡ്രൈവർമാരുടെയും യാത്രക്കാരുടെയും പരാതികൾ പരിഹരിക്കാൻ അഗ്രിഗേറ്ററുടെ കോൾ സെന്റർ വഴി മുഴുവൻ സമയവും ബന്ധപ്പെടാവുന്ന ഉദ്യോഗസ്ഥനെ നിയമിക്കണം.
സാമ്പത്തിക സ്വാതന്ത്ര്യം നേടിയ അനുഭവങ്ങൾ പങ്കുവച്ച് വനിതകൾ
ഡ്രൈവർമാരുടെ ക്ഷേമം ഉറപ്പാക്കാനും സേവനനിലവാരം ഉയർത്താനും എളുപ്പത്തിൽ പരാതി നൽകാനും പരിഹാരം തേടാനും കഴിയുന്ന സംവിധാനം ഒരുക്കാനുമാണ് മാർഗരേഖ ലക്ഷ്യമിടുന്നതെന്ന് സി. എൻ. സിങ് പറഞ്ഞു. ആപ്പ് വഴിയുള്ള ഗതാഗത സേവനങ്ങളിൽ ഡ്രൈവർമാർക്ക് പ്രധാന പങ്കുണ്ട്. മേഖലയുടെ സുസ്ഥിര വളർച്ചയ്ക്ക് അവരുടെ ക്ഷേമവും അന്തസ്സും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ഗുണഭോക്താക്കൾ ആപ്പ് സേവനങ്ങളിലൂടെ ജീവിതത്തിലുണ്ടായ മാറ്റങ്ങൾ പങ്കുവച്ചു. സ്വന്തം വരുമാനത്തിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടിയതെങ്ങനെയെന്ന് വനിതകൾ പറഞ്ഞു. ജോലി നേടാനും സംരംഭങ്ങൾ തുടങ്ങാനും ബിസിനസ് വികസിപ്പിക്കാനും ഈ പ്ലാറ്റ്ഫോമുകൾ തുറന്ന അവസരങ്ങളെക്കുറിച്ച് ഡ്രൈവർമാരും മറ്റു തൊഴിലാളികളും സംസാരിച്ചു. ആളുകൾക്ക് ലക്ഷ്യസ്ഥാനത്തെത്താനുള്ള യാത്രാസൗകര്യം മെച്ചപ്പെട്ടതും അവർ ചൂണ്ടിക്കാട്ടി.
അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിച്ചവർക്ക് ആദരം
റോഡ് സുരക്ഷയെക്കുറിച്ചും സർക്കാരിന്റെ രാഹ് വീർ പദ്ധതിയെക്കുറിച്ചും പരിപാടിയിൽ വിശദീകരിച്ചു. റോഡപകടത്തിൽപ്പെട്ടവർക്ക് സമയത്ത് സഹായം നൽകേണ്ടതിന്റെ പ്രാധാന്യം പങ്കെടുത്തവരെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അപകടത്തിനു ശേഷമുള്ള നിർണായക മണിക്കൂറുകളിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കാൻ സഹായിച്ച ഗിഗ് തൊഴിലാളികളെയും ഡ്രൈവർമാരെയും ഗഡ്കരി ആദരിച്ചു. ഡ്രൈവർമാർ, പങ്കെടുത്ത പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികൾ, വ്യവസായ മേഖലയിലെ പ്രമുഖർ, പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധേയ നേട്ടം കൈവരിച്ച വനിതാ ഗുണഭോക്താക്കൾ എന്നിവരെയും പരിപാടിയിൽ ആദരിച്ചു.

.