ന്യൂഡൽഹി / 2026 / സെപ്റ്റംബർ 19
പരിസ്ഥിതിയുടെയും കാലാവസ്ഥാ മാറ്റങ്ങളുടെയും ഭാവിയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്തു. ദേശീയ ഹരിത ട്രിബ്യൂണൽ സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ സമ്മേളനം സെപ്റ്റംബർ 19, 20 തീയതികളിലാണ് നടക്കുന്നത്. വികസനവും പരിസ്ഥിതി സുസ്ഥിരതയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് ഇന്ത്യ തെളിയിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
കാർബൺ പുറന്തള്ളലിൽ വികസിത രാജ്യങ്ങളെ ചൂണ്ടിക്കാട്ടി
വികസ്വര രാജ്യങ്ങളെയാണ് പലപ്പോഴും കാർബൺ പുറന്തള്ളലിന് ഉത്തരവാദികളാക്കുന്നതെന്ന് മോദി പറഞ്ഞു. എന്നാൽ ഇന്ത്യയുടെ പ്രതിശീർഷ കാർബൺ പുറന്തള്ളൽ ആഗോള ശരാശരിയുടെ പകുതിയിലും താഴെയാണെന്നാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ചില വികസിത രാജ്യങ്ങളുടെ പ്രതിശീർഷ പുറന്തള്ളൽ ഇന്ത്യയേക്കാൾ ആറിരട്ടി വരെയാണെന്നും അദ്ദേഹം പറഞ്ഞു. പാരീസ് കാലാവസ്ഥാ ഉച്ചകോടിയിൽ ഏറ്റെടുത്ത ലക്ഷ്യങ്ങൾ നിശ്ചിത സമയത്തിന് മുമ്പ് പൂർത്തിയാക്കിയ ജി-20 രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
സൗരോർജ ശേഷി രണ്ട് ജിഗാവാട്ടിൽ നിന്ന് 160 കടന്നു
കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യ പുനരുപയോഗ ഊർജമേഖലയിൽ വലിയ മുന്നേറ്റം നടത്തിയെന്ന് മോദി പറഞ്ഞു. സൗരോർജ ശേഷി ഏകദേശം രണ്ട് ജിഗാവാട്ടിൽ നിന്ന് 160 ജിഗാവാട്ടിലേറെയായി ഉയർന്നതായി അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി സൂര്യഘർ സൗജന്യ വൈദ്യുതി പദ്ധതിയിലൂടെ 50 ലക്ഷത്തിലധികം വീടുകൾ സൗരോർജ സംവിധാനത്തിലേക്ക് എത്തിയെന്നും വീടൊന്നിന് 80,000 രൂപ വരെ സാമ്പത്തിക സഹായം നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കുസും പദ്ധതിയിലൂടെ 30 ലക്ഷം കർഷകർക്ക് സൗരോർജ പമ്പുകൾ ലഭിച്ചതായും അദ്ദേഹം അറിയിച്ചു.
ഹൈഡ്രജൻ ട്രെയിനും വൈദ്യുത വാഹനങ്ങളും
രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ അടുത്തിടെ ആരംഭിച്ചതായും ഇത് ശുദ്ധ ഗതാഗതത്തിന്റെ പുതിയ ഘട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014ന് മുമ്പ് മൂവായിരത്തിൽ താഴെയായിരുന്ന വൈദ്യുത വാഹന വിൽപ്പന കഴിഞ്ഞ വർഷം ഏകദേശം 25 ലക്ഷത്തിലെത്തിയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. റെയിൽവേ വൈദ്യുതീകരണം, ചരക്ക് ഇടനാഴികൾ, ഉൾനാടൻ ജലപാതകൾ, ആയിരം കിലോമീറ്ററിലധികമായ മെട്രോ ശൃംഖല എന്നിവയും ഇന്ധന ഉപയോഗവും മലിനീകരണവും കുറയ്ക്കാൻ സഹായിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ജലസംരക്ഷണത്തിൽ 70,000 അമൃത് സരോവറുകൾ
രാജ്യത്ത് 70,000ത്തിലധികം അമൃത് സരോവറുകളും ഒന്നരക്കോടി മഴവെള്ള സംഭരണ സംവിധാനങ്ങളും നിർമ്മിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ആധുനിക ജലസേചന രീതികൾ രണ്ടുകോടിയിലധികം കർഷകർക്ക് വെള്ളം ലാഭിക്കാൻ സഹായിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 12.5 ലക്ഷം ഹെക്ടറിലായി 24,000 പ്രകൃതികൃഷി കൂട്ടായ്മകൾ രൂപീകരിച്ചതായും 3,000 കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള വിളയിനങ്ങൾ വികസിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
മാലിന്യത്തെ വിഭവമാക്കാൻ വൃത്താകാര സമ്പദ്വ്യവസ്ഥ
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ഏർപ്പെടുത്തിയ വിലക്കും മാലിന്യം കുറയ്ക്കൽ, പുനരുപയോഗം, പുനഃസംസ്കരണം എന്നിവ അടിസ്ഥാനമാക്കിയ വൃത്താകാര സമ്പദ്വ്യവസ്ഥയും പരിസ്ഥിതി നയത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമീണ ജൈവമാലിന്യത്തെ ഉപയോഗപ്രദമായ വിഭവങ്ങളാക്കുന്ന ഗോബർധൻ പദ്ധതിയും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 12 വർഷത്തിനിടെ അതിസാന്ദ്ര വനവിസ്തൃതി 22 ശതമാനത്തിലധികം വർധിച്ചതായും ‘ഏക് പേഡ് മാ കേ നാം’ പ്രചാരണത്തിലൂടെ കോടിക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
സുപ്രീംകോടതി, ഹൈക്കോടതി, ജില്ലാ കോടതികളിലെ ജഡ്ജിമാർ, പരിസ്ഥിതി വിദഗ്ധർ, സർക്കാർ ഉദ്യോഗസ്ഥർ, വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 17 രാജ്യങ്ങളിൽ നിന്നുള്ള ജഡ്ജിമാരും നിയമപ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാണ്. പരിസ്ഥിതി നയരൂപീകരണം, നടപ്പാക്കൽ, നിയമനിർവഹണം എന്നിവയിലെ പോരായ്മകളും രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും സമ്മേളനം ചർച്ച ചെയ്യും.
.