ന്യൂഡൽഹി / 2026 / ഓഗസ്റ്റ് 26
രാജ്യത്ത് ഇപ്പോൾ കണ്ടുവരുന്ന സീസണൽ ഇൻഫ്ലുവൻസയും മറ്റ് ശ്വാസകോശ രോഗങ്ങളും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ആരോഗ്യ ഗവേഷണ വകുപ്പ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ എന്നിവയുടെ ഏകോപനത്തിലാണ് രാജ്യവ്യാപക നിരീക്ഷണം. നിലവിലെ സാഹചര്യത്തിൽ പരിഭ്രാന്തിയോ ആശങ്കയോ വേണ്ടെന്ന് ആരോഗ്യ ഗവേഷണ വകുപ്പ് സെക്രട്ടറിയും ഐസിഎംആർ ഡയറക്ടർ ജനറലുമായ ഡോ. രാജീവ് ബാൽ ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ രാജ്യത്ത് പ്രചരിക്കുന്ന ഇൻഫ്ലുവൻസ വൈറസുകൾ കഴിഞ്ഞ വർഷങ്ങളിൽ കണ്ടുവന്ന സീസണൽ രീതിയുമായി പൊരുത്തപ്പെടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
73 ലബോറട്ടറികളിലൂടെ വൈറസുകളെ നിരീക്ഷിക്കുന്നു
ആരോഗ്യ ഗവേഷണ വകുപ്പ്–ഐസിഎംആർ ശൃംഖലയിലുള്ള 73 വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറികളിലൂടെയാണ് ജനിതകവും രോഗവ്യാപനവുമായി ബന്ധപ്പെട്ടതുമായ നിരീക്ഷണം നടക്കുന്നത്. നിലവിൽ പ്രചരിക്കുന്ന ഇൻഫ്ലുവൻസ എ എച്ച്1എൻ1 വൈറസുകളെ എ/മിസോറി/11/2025 എച്ച്1എൻ1 പിഡിഎം09 സമാന വൈറസുകൾ എന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഹീമഗ്ലൂട്ടിനിൻ ജീൻ പരിശോധനയിൽ ഇവ ക്ലേഡ് 6ബി.1എ.5എ2എ, സബ്ക്ലേഡ് ഡി.3.1.1 വിഭാഗത്തിലാണ് ഉൾപ്പെടുന്നതെന്ന് കണ്ടെത്തി.
ഈ വൈറസ് വിഭാഗം 2025 മുതൽ ഇന്ത്യയിൽ തുടർച്ചയായി പ്രചരിക്കുന്നുണ്ടെന്ന് ഡോ. രാജീവ് ബാൽ അറിയിച്ചു. ഇപ്പോൾ കണ്ടെത്തിയ ജനിതക മാറ്റങ്ങൾ സീസണൽ ഇൻഫ്ലുവൻസ വൈറസുകളിൽ സാധാരണയായി സംഭവിക്കുന്ന ആന്റിജെനിക് ഡ്രിഫ്റ്റിന്റെ ഭാഗമാണ്. വൈറസ് പ്രചരിക്കുമ്പോൾ ഇത്തരം ചെറിയ ജനിതക മാറ്റങ്ങൾ പതിവായി സംഭവിക്കും. അതുകൊണ്ടുമാത്രം പുതിയതോ അപകടകരമായതോ ആയ വൈറസ് വകഭേദം രൂപപ്പെട്ടുവെന്ന് പറയാനാകില്ല. ഇപ്പോഴത്തെ കണ്ടെത്തലുകൾ പുതിയ ഇൻഫ്ലുവൻസ ഭീഷണി ഉയർന്നതായി സൂചിപ്പിക്കുന്നില്ലെന്നും സീസണൽ ഇൻഫ്ലുവൻസ വൈറസുകളുടെ സ്വാഭാവിക മാറ്റങ്ങളുമായി ഇത് പൊരുത്തപ്പെടുന്നതാണെന്നും ഡോ. ബാൽ വ്യക്തമാക്കി.
മിക്കവരിലും രോഗം നേരിയതായിരിക്കും
ഇൻഫ്ലുവൻസ എ എച്ച്1എൻ1 ഉൾപ്പെടെയുള്ള സീസണൽ ഇൻഫ്ലുവൻസ പൊതുവെ ആരോഗ്യവാന്മാരിൽ നേരിയതും സ്വയം ഭേദമാകുന്നതുമായ ശ്വാസകോശ രോഗമാണ്. പനി, ചുമ, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, ബലഹീനത എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. മിക്കവരിലും മതിയായ വിശ്രമം, വെള്ളം കുടിക്കൽ തുടങ്ങിയ പരിചരണത്തിലൂടെ രോഗലക്ഷണങ്ങൾ കുറയും. എച്ച്1എൻ1 കണ്ടെത്തി എന്നതുകൊണ്ടുമാത്രം ഒരാൾക്ക് ഗുരുതര രോഗം വരുമെന്നോ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുമെന്നോ അർഥമില്ല.
എന്നാൽ പ്രായമായവർ, ചെറിയ കുട്ടികൾ, മറ്റ് രോഗങ്ങളോ അനുബന്ധ ആരോഗ്യപ്രശ്നങ്ങളോ ഉള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവർ കൂടുതൽ ജാഗ്രത പുലർത്തണം. ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ സമയബന്ധിതമായി വൈദ്യോപദേശം തേടണമെന്നും ഡോ. ബാൽ നിർദേശിച്ചു.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുൻകരുതൽ വേണം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മൂടണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുകയോ അനുയോജ്യമായ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുകയോ വേണം. അസുഖമുള്ളപ്പോൾ വീട്ടിൽ കഴിയുകയും മറ്റുള്ളവരുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുകയും ചെയ്യണം. ആവശ്യത്തിന് വെള്ളം കുടിക്കണം, മതിയായ വിശ്രമം എടുക്കണം, ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കണം. രോഗലക്ഷണങ്ങൾ ഗുരുതരമാകുകയോ നീണ്ടുനിൽക്കുകയോ കൂടുതൽ മോശമാകുകയോ ചെയ്താൽ വൈദ്യോപദേശം തേടണം. പരിശോധനയുടെയും ചികിത്സയുടെയും കാര്യത്തിൽ ഡോക്ടറുടെ നിർദേശം പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
എച്ച്1എൻ1 കണ്ടെത്തിയെന്ന കാരണത്താൽ പരിഭ്രാന്തരാകരുത്. വൈദ്യോപദേശമില്ലാതെ ആന്റിവൈറൽ മരുന്നുകളോ ആന്റിബയോട്ടിക്കുകളോ കഴിക്കരുത്. രോഗലക്ഷണങ്ങളുള്ളപ്പോൾ മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കണം. കഴുകാത്ത കൈകൾകൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവ തൊടുന്നതും ഒഴിവാക്കണം.
പുതിയ വകഭേദത്തിന് തെളിവില്ല
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ആരോഗ്യ ഗവേഷണ വകുപ്പ്, ഐസിഎംആർ, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ എന്നിവ രാജ്യത്തെ ഇൻഫ്ലുവൻസ പ്രവണതകൾ നിരീക്ഷിക്കാൻ രോഗവ്യാപന, വൈറസ്, ജനിതക നിരീക്ഷണം തുടർച്ചയായി നടത്തുന്നുണ്ട്. വിപുലമായ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറി ശൃംഖലയിലൂടെ പ്രചരിക്കുന്ന ശ്വാസകോശ വൈറസുകളെ സമയബന്ധിതമായി കണ്ടെത്താനും അവയുടെ സ്വഭാവം തിരിച്ചറിയാനും സാധിക്കും. പുതിയ പ്രവണതകൾ ഉണ്ടായാൽ അതനുസരിച്ച് പൊതുജനാരോഗ്യ സംവിധാനങ്ങൾക്ക് പ്രതികരിക്കാനും ഈ ശൃംഖല സഹായിക്കും.
ഇൻഫ്ലുവൻസ വ്യാപനത്തിലെ മാറ്റങ്ങൾ, പ്രചരിക്കുന്ന വൈറസ് വിഭാഗങ്ങൾ, രോഗത്തിന്റെ തീവ്രത എന്നിവ നിരീക്ഷിക്കുന്നത് തുടരും. എന്നാൽ നിലവിലുള്ള തെളിവുകളിൽ എച്ച്1എൻ1 ഇൻഫ്ലുവൻസയുടെ സ്വഭാവത്തിൽ അസാധാരണമായ മാറ്റമോ പുതിയ വൈറസ് വകഭേദത്തിന്റെ ആവിർഭാവമോ കണ്ടെത്തിയിട്ടില്ല. അതിനാൽ ജനങ്ങൾ വിവരങ്ങൾ അറിഞ്ഞ് ജാഗ്രത പാലിക്കണം, എന്നാൽ ആശങ്കപ്പെടേണ്ടതില്ല. സീസണൽ ഇൻഫ്ലുവൻസ പതിവായി നിരീക്ഷിക്കുന്ന പരിചിതമായ ശ്വാസകോശ അണുബാധയാണ്. ലളിതമായ പ്രതിരോധ മാർഗങ്ങൾ പാലിക്കുകയും ആവശ്യമായപ്പോൾ സമയബന്ധിതമായി വൈദ്യോപദേശം തേടുകയും അനാവശ്യമായി മരുന്നുകൾ കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നത് വ്യക്തികളെയും സമൂഹത്തെയും സംരക്ഷിക്കാൻ സഹായിക്കും.