സിലിഗുരി (പശ്ചിമ ബംഗാൾ) /2026 / ഓഗസ്റ്റ് 22
പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ചുള്ള പ്രദർശനം കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ ഓഗസ്റ്റ് 21ന് ഉദ്ഘാടനം ചെയ്തു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ മഹേഷ് ദീക്ഷിത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കാൻ തുടങ്ങിയിട്ടും മുൻ പശ്ചിമ ബംഗാൾ സർക്കാർ ആവശ്യമായ വിജ്ഞാപനം ഇറക്കിയില്ലെന്ന് അമിത് ഷാ ആരോപിച്ചു. പുതിയ നിയമങ്ങളിലൂടെ സാങ്കേതികവിദ്യ ഉപയോഗിച്ച് വേഗത്തിലും സുതാര്യമായും ഇരകളെ കേന്ദ്രീകരിച്ചും നീതി ഉറപ്പാക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഭയത്തിന് പകരം വിശ്വാസമെന്ന് അമിത് ഷാ
സംസ്ഥാനത്ത് പുതിയ നിയമങ്ങൾ നടപ്പാക്കിയിരുന്നെങ്കിൽ സിൻഡിക്കേറ്റ്, കട്ട് മണി, അനധികൃത പിരിവ്, ഭീതിയുടെ അന്തരീക്ഷം എന്നിവ തകരുമായിരുന്നുവെന്നും അതുകൊണ്ടാണ് മുൻ സർക്കാർ നടപടിയെടുക്കാതിരുന്നതെന്നും അമിത് ഷാ ആരോപിച്ചു. തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് ഭയത്തിന് പകരം വിശ്വാസത്തിന്റെ സർക്കാർ നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും സുവേന്ദു അധികാരി മുഖ്യമന്ത്രിയായ ഉടൻ പുതിയ നിയമങ്ങൾ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. പൗരന്മാരെയും അവരുടെ സ്വത്തിനെയും അന്തസ്സിനെയും മൂന്ന് പുതിയ നിയമങ്ങൾ എങ്ങനെ സംരക്ഷിക്കുമെന്നാണ് പ്രദർശനത്തിൽ വിശദീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർ.ജി. കർ മെഡിക്കൽ കോളജ് സംഭവം, സന്ദേശ്ഖാലി, ദുർഗാപൂർ മെഡിക്കൽ കോളജിലെ ബലാത്സംഗം, സൗത്ത് കൊൽക്കത്ത ലോ കോളജിലെ പീഡനം എന്നിവ ചൂണ്ടിക്കാട്ടിയ അമിത് ഷാ, മുൻ സർക്കാർ നടപടിയെടുത്തില്ലെന്നും ആരോപിച്ചു. സർക്കാർ മാറിയതോടെ 15 വർഷത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും നിയമവാഴ്ച ഉറപ്പാകുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
സാങ്കേതികവിദ്യയിലൂടെ വേഗത്തിൽ നീതി
പുതിയ ക്രിമിനൽ നിയമങ്ങളിൽ സാങ്കേതികവിദ്യയ്ക്ക് വലിയ പ്രാധാന്യം നൽകിയതിനാൽ അന്വേഷണത്തിൽ പൊലീസിന് കൂടുതൽ സാങ്കേതിക തെളിവുകൾ ലഭിക്കുമെന്നും നീതി ലഭിക്കുന്ന സമയം കുറയുമെന്നും അമിത് ഷാ പറഞ്ഞു. പ്രോസിക്യൂഷൻ, പൊലീസ് അന്വേഷണം, നീതിന്യായ നടപടികൾ എന്നിവയ്ക്ക് സമയപരിധി കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് പുതിയ നിയമങ്ങൾ പൂർണമായി നടപ്പാക്കിയതിന് ശേഷം ഏതൊരു എഫ്.ഐ.ആറിലും സുപ്രീംകോടതി വരെയുള്ള നടപടികളിൽ മൂന്ന് വർഷത്തിനുള്ളിൽ നീതി ലഭ്യമാക്കാനാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സീറോ എഫ്.ഐ.ആർ, ഇ-എഫ്.ഐ.ആർ സംവിധാനങ്ങൾ സംസ്ഥാനത്തിന് പുറത്തു പഠിക്കുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും ബാങ്കിങ് തട്ടിപ്പിന് ഇരയാകുന്നവർക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പശ്ചിമ ബംഗാൾ സ്വദേശികൾക്കും സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഏഴ് വർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ ഫോറൻസിക് പരിശോധനയും റിപ്പോർട്ടും നിർബന്ധമാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് രേഖകൾ കോടതികൾ സ്വീകരിക്കേണ്ടതായും വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘ടെക്നോളജി, ട്രാൻസ്പരൻസി, ടൈംലൈൻ’
പുതിയ നീതിന്യായ സംവിധാനം ശിക്ഷയെക്കാൾ ഇരകളെ കേന്ദ്രീകരിക്കുന്നതാണെന്നും സ്ത്രീകൾക്കും കുട്ടികൾക്കും മുൻഗണന നൽകിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. സിഖ് വിരുദ്ധ കലാപത്തിൽ മൂന്ന് പതിറ്റാണ്ടിന് ശേഷവും നീതി ലഭിക്കാത്ത സാഹചര്യം ഉണ്ടായെന്നും ഭോപ്പാൽ വാതക ദുരന്തത്തിൽ 26 വർഷവും അജ്മീർ കൂട്ടബലാത്സംഗക്കേസിൽ 32 വർഷവും നീതിക്കായി കാത്തിരിക്കേണ്ടിവന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനി ‘ടെക്നോളജി, ട്രാൻസ്പരൻസി, ടൈംലൈൻ’ എന്ന മൂന്ന് ഘടകങ്ങളിലൂടെ നീതിന്യായ സംവിധാനം മാറുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിൽ ഇനി കേഡർ ഭരണത്തിനും ഗുണ്ടാ ഭരണത്തിനും പകരം നിയമവാഴ്ച ഉറപ്പാകുകയാണെന്നും അമിത് ഷാ അവകാശപ്പെട്ടു.
പൗരത്വവും അതിർത്തി സുരക്ഷയും
ബംഗ്ലാദേശിൽ നിന്ന് എത്തിയ ഹിന്ദു, സിഖ്, ജൈന അഭയാർഥികൾക്ക് ആറുമാസത്തിനുള്ളിൽ പൗരത്വം നൽകുമെന്നും പശ്ചിമ ബംഗാളിലെ എട്ട് കളക്ടർമാർക്ക് പൗരത്വം അനുവദിക്കാനുള്ള അധികാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. എല്ലാ അഭയാർഥികൾക്കും മാന്യമായി ഇന്ത്യൻ പൗരത്വം ലഭിക്കുമെന്നും നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി സംസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിർത്തി സുരക്ഷയ്ക്കായി ആവശ്യമായ ഭൂമി സംസ്ഥാന സർക്കാർ നൽകിയെന്നും വേലി നിർമാണത്തിനായി ഏകദേശം 1,129 ഏക്കർ ഭൂമി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാ മാറ്റം പരിശോധിക്കുന്ന സമിതിയുമായി സഹകരിക്കാമെന്ന് സംസ്ഥാന സർക്കാർ ഉറപ്പുനൽകിയതായും അദ്ദേഹം വ്യക്തമാക്കി. കട്ട് മണി, സിൻഡിക്കേറ്റ് പിരിവ്, അനധികൃത റോഡ് നികുതി എന്നിവയ്ക്കെതിരെ പരാതി നൽകാൻ മൂന്ന് ടോൾഫ്രീ നമ്പറുകൾ ആരംഭിച്ചതായും പരാതികളിൽ നടപടി സ്വീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
കർഷകർ മുതൽ സ്ത്രീകൾ വരെ പദ്ധതികൾ
ഉരുളക്കിഴങ്ങ് ഒഡീഷ, ജാർഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ഇനി തടസ്സമുണ്ടാകില്ലെന്നും സർക്കാർ രൂപീകരിച്ച ആദ്യദിവസം തന്നെ സുവേന്ദു അധികാരി ഗതാഗത വിലക്ക് നീക്കിയെന്നും അമിത് ഷാ പറഞ്ഞു. ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയതായും 20 ശതമാനം ഡി.എ പ്രഖ്യാപിച്ചതായും യുവാക്കൾക്ക് പ്രായപരിധിയിൽ ഇളവ് നൽകിയതായും അദ്ദേഹം പറഞ്ഞു. ഓരോ ‘ദീദി’ക്കും 3,000 രൂപ നൽകുന്നത് ആരംഭിച്ചതായും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ പാവപ്പെട്ടവർക്ക് അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ലഭ്യമാക്കിയതായും പറഞ്ഞു. മാതംഗിനി ഹസ്ര, റാണി ശിരോമണി വനിതാ ബറ്റാലിയനുകൾ പ്രഖ്യാപിച്ചെന്നും വടക്കൻ ബംഗാളിൽ കാൻസർ ആശുപത്രിയുടെ നിർമാണം തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. കർഷകർക്ക് 6,000 രൂപയ്ക്ക് പകരം 9,000 രൂപ നൽകുമെന്ന വാഗ്ദാനവും നടപ്പാക്കിയതായി പറഞ്ഞു. അഞ്ചുവർഷത്തെ പ്രകടനപത്രികയിലെ പ്രവർത്തനങ്ങളിൽ 43 ശതമാനം 100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയെന്നാണ് അമിത് ഷായുടെ അവകാശവാദം. മുമ്പ് ഗുണ്ടകളും സിൻഡിക്കേറ്റ് പ്രവർത്തകരുമാണ് കാര്യങ്ങൾ തീരുമാനിച്ചിരുന്നതെങ്കിൽ ഇപ്പോൾ പൊലീസ് സ്റ്റേഷനുകളും കളക്ടർമാരും ജനപ്രതിനിധികളും മന്ത്രിമാരും ജനങ്ങളെ കേൾക്കുന്നുണ്ടെന്നും സ്ത്രീകൾക്ക് ശക്തരായവർക്കെതിരെയും ഭയമില്ലാതെ പരാതി നൽകാനാകുന്ന സാഹചര്യം വന്നെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വർഷം പൂർത്തിയാകുന്നതിന് മുമ്പ് സ്വാമി വിവേകാനന്ദൻ, രവീന്ദ്രനാഥ ടാഗോർ, ബങ്കിംചന്ദ്ര ചട്ടോപാധ്യായ എന്നിവർ സ്വപ്നം കണ്ട ‘സോനാർ ബംഗാൾ’ സൃഷ്ടിക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു.