ചെന്നൈ / 2026 / ഒക്ടോബർ 6
ഇന്ത്യയിലെ പ്രമുഖ കാറ്റാടി ഊർജ പ്രദർശനമായ വിൻഡർജി ഇന്ത്യയുടെ എട്ടാം പതിപ്പ് ഒക്ടോബർ ഏഴുമുതൽ ഒമ്പതുവരെ ചെന്നൈ ട്രേഡ് സെന്ററിൽ നടക്കും. കേന്ദ്ര നവീന–പുനരുപയോഗ ഊർജം, വിദ്യാഭ്യാസം, ഉപഭോക്തൃകാര്യം, ഭക്ഷ്യ–പൊതുവിതരണ വകുപ്പ് മന്ത്രി പ്രലാദ് ജോഷി ഒക്ടോബർ എട്ടിന് ഉദ്ഘാടനം ചെയ്യും. കാറ്റാടി ഊർജ മേഖലയിലെ ആഗോള കമ്പനികളെയും വിദഗ്ധരെയും നയരൂപീകരണ രംഗത്തുള്ളവരെയും ഒരുമിപ്പിക്കുന്ന പരിപാടിയിൽ പ്രദർശനവും സമ്മേളനവും സാങ്കേതിക ചർച്ചകളും ഉണ്ടാകും.
ധാരണാപത്രങ്ങളും റിപ്പോർട്ടുകളും; മുന്നിലുള്ള സംസ്ഥാനങ്ങൾക്ക് ആദരം
കേന്ദ്ര നവീന–പുനരുപയോഗ ഊർജ, വൈദ്യുതി സഹമന്ത്രി ശ്രീപദ് യെസ്സോ നായിക്കും തമിഴ്നാട് ഊർജവിഭവ–നിയമ മന്ത്രി സി. ടി. ആർ. നിർമൽ കുമാറും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. കേന്ദ്ര–സംസ്ഥാന സർക്കാരുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, കാറ്റാടി ഊർജ സംഘടനകളുടെ പ്രതിനിധികൾ, വ്യവസായ പ്രമുഖർ എന്നിവരും എത്തും. മൂന്നുദിവസത്തെ പരിപാടിയുടെ തന്ത്രപരമായ ദിശ വ്യക്തമാക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ആഗോള ധാരണാപത്രങ്ങൾ പ്രഖ്യാപിക്കും. മേഖലയുമായി ബന്ധപ്പെട്ട പ്രധാന റിപ്പോർട്ടുകളും പുറത്തിറക്കും. കാറ്റാടി ഊർജ രംഗത്ത് നേതൃത്വം കാട്ടുന്ന സംസ്ഥാനങ്ങളെ ആദരിക്കും.
റെക്കോർഡ് നേട്ടവുമായി ഇന്ത്യയുടെ കാറ്റാടി ഊർജ മേഖല
2025–26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ പുതുതായി കൂട്ടിച്ചേർത്തത് റെക്കോർഡ് നേട്ടമായ 6.05 ഗിഗാവാട്ട് കാറ്റാടി വൈദ്യുതി ശേഷിയാണ്. 2026 ഓഗസ്റ്റോടെ രാജ്യത്തിന്റെ ആകെ ശേഷി 58.52 ഗിഗാവാട്ടിലെത്തി. 28 ഗിഗാവാട്ട് ശേഷിയുള്ള പദ്ധതികളുടെ നിർവഹണം പുരോഗമിക്കുകയാണ്. 2030ഓടെ 100 ഗിഗാവാട്ട് ശേഷിയിലെത്താനുള്ള ലക്ഷ്യത്തിന് ഈ പദ്ധതികൾ പിന്തുണ നൽകും.
ഇരുപതിലേറെ രാജ്യങ്ങളിൽനിന്ന് നാനൂറോളം പ്രദർശകർ
വിൻഡർജി ഇന്ത്യയിൽ മൂന്നുദിവസത്തെ വ്യാപാര പ്രദർശനവും രണ്ടുദിവസത്തെ സമ്മേളനവും നടക്കും. സാങ്കേതിക സെഷനുകൾ, വട്ടമേശ ചർച്ചകൾ, തത്സമയ പ്രവർത്തന പ്രദർശനങ്ങൾ എന്നിവയും ഉണ്ടാകും. വ്യവസായങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചകൾക്കും വ്യവസായ–സർക്കാർ കൂടിക്കാഴ്ചകൾക്കും വിദ്യാഭ്യാസ–ഗവേഷണ സ്ഥാപനങ്ങളുമായുള്ള ബന്ധം ശക്തമാക്കുന്നതിനും വേദിയൊരുക്കും. ഇരുപതിലേറെ രാജ്യങ്ങളിൽനിന്നുള്ള നാനൂറോളം പ്രദർശകരും അഞ്ഞൂറ് പ്രതിനിധികളും പങ്കെടുക്കും. ഡെൻമാർക്ക്, ജർമനി, സ്പെയിൻ എന്നീ രാജ്യങ്ങൾക്ക് പ്രത്യേക പവിലിയനുകളുണ്ടാകും. കാറ്റാടി ഊർജ മേഖലയിലെ പ്രധാന ആഗോള സംഗമവേദിയായി ഈ പതിപ്പ് മാറും.
പുതിയ ടർബൈനുകളും കടലിലെ കാറ്റാടി പദ്ധതികളും ചർച്ചയിൽ
ആഭ്യന്തര മൂല്യവർധന, അടുത്ത തലമുറയിലെ അത്യാധുനിക ടർബൈൻ സംവിധാനങ്ങൾ, ഉയർന്ന ഭാരം കൈകാര്യം ചെയ്യുന്ന ഗിയർബോക്സുകൾ എന്നിവ പരിപാടിയിൽ അവതരിപ്പിക്കും. നിർമിതബുദ്ധി ഉപയോഗിച്ചുള്ള പ്രവർത്തനവും പരിപാലനവും കടലിലെ കാറ്റാടി ഊർജ വികസനശേഷിയും പ്രധാന വിഷയങ്ങളാകും. നയചട്ടക്കൂടുകൾ, ഉൽപ്പാദനത്തിലെ മത്സരക്ഷമത, നിലവിലെ കാറ്റാടി സംവിധാനങ്ങളുടെ ശേഷി ഉയർത്താനുള്ള തന്ത്രങ്ങൾ, കടലിലെ കാറ്റാടി ഊർജത്തിന്റെ പുതിയ സാധ്യതകൾ എന്നിവയിൽ സമാന്തരമായി ഉന്നതതല ചർച്ചകൾ നടക്കും. ഇന്ത്യൻ വിൻഡ് ടർബൈൻ മാനുഫാക്ചറേഴ്സ് അസോസിയേഷനും പി. ഡി. എ. വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്ര നവീന–പുനരുപയോഗ ഊർജ മന്ത്രാലയവും വൈദ്യുതി മന്ത്രാലയവും പിന്തുണ നൽകുന്നു. ഇന്ത്യയുടെ പുനരുപയോഗ ഊർജ ശേഷി വർധിപ്പിക്കാനുള്ള ദേശീയ–അന്തർദേശീയ കൂട്ടായ പ്രതിബദ്ധത ഉദ്ഘാടനച്ചടങ്ങ് അടിവരയിടും.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.