ന്യൂഡൽഹി / 2026 / ഓഗസ്റ്റ് 3
ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള വ്യാപാരം അടുത്ത മൂന്നുവർഷത്തിനകം ഇരട്ടിയാക്കണമെന്ന് കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ആവശ്യപ്പെട്ടു. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ–ഉസ്ബെക്കിസ്ഥാൻ വ്യാപാരവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു രാജ്യങ്ങളിലെയും സ്ഥാപനങ്ങൾ ഒരുമിച്ച് നിക്ഷേപിക്കാനും ഉൽപ്പാദനം നടത്താനും പുതിയ ആശയങ്ങൾ വികസിപ്പിക്കാനും മുന്നോട്ടുവരണമെന്ന് മന്ത്രി പറഞ്ഞു. പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും സമൃദ്ധിയെക്കുറിച്ചുള്ള പൊതുകാഴ്ചപ്പാടിലും അധിഷ്ഠിതമായ തന്ത്രപ്രധാന പങ്കാളിത്തം വ്യാപാരവും നിക്ഷേപവും സാമ്പത്തിക സഹകരണവും വികസിപ്പിക്കാൻ വലിയ അവസരമാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്നര ബില്യൺ ഡോളർ കടന്ന വ്യാപാരം
ഇന്ത്യയെയും ഉസ്ബെക്കിസ്ഥാനെയും സമ്പന്നമായ ചരിത്രവും ആഴത്തിലുള്ള സാംസ്കാരിക ബന്ധവും മാത്രമല്ല, ഇനിയും പൂർണമായി ഉപയോഗിക്കാത്ത വലിയ വ്യാപാരസാധ്യതയും ബന്ധിപ്പിക്കുന്നുണ്ടെന്ന് പീയൂഷ് ഗോയൽ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 1.5 ബില്യൺ ഡോളർ കടന്നെങ്കിലും, രണ്ട് സമ്പദ്വ്യവസ്ഥകൾക്കും കൈവരിക്കാവുന്നതിന്റെ ചെറിയൊരു ഭാഗം മാത്രമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വലിയതും വളരുന്നതുമായ വിപണി, വിശ്വസ്ത പങ്കാളിത്തം, വൈദഗ്ധ്യമുള്ള യുവ തൊഴിൽശക്തി, നവീകരണാധിഷ്ഠിത വളർച്ചയ്ക്കുള്ള വേദി എന്നിവ ഇന്ത്യ ഉസ്ബെക്കിസ്ഥാന് നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അടുത്തിടെ ഒപ്പുവച്ച ഉഭയകക്ഷി നിക്ഷേപ ഉടമ്പടി നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ദീർഘകാല പങ്കാളിത്തം സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഖനനം മുതൽ ആരോഗ്യരംഗം വരെ അവസരങ്ങൾ
ഉസ്ബെക്കിസ്ഥാനിലെ ഖനനമേഖലയിൽ ഇന്ത്യൻ നിക്ഷേപത്തിന് വലിയ സാധ്യതയുണ്ടെന്ന് പീയൂഷ് ഗോയൽ പറഞ്ഞു. പരുത്തി ഉൽപ്പാദനത്തിലെ ഉസ്ബെക്കിസ്ഥാന്റെ ശക്തിയും വസ്ത്രവ്യവസായത്തിലെ ഇന്ത്യയുടെ മുന്നേറ്റവും പ്രയോജനപ്പെടുത്തി വസ്ത്രനിർമാണം, രൂപകൽപ്പന, ആഗോള വിപണി എന്നിവയിൽ സംയുക്തമായി മുന്നേറാം. ലോകത്തിന്റെ ഔഷധശാലയായി അറിയപ്പെടുന്ന ഇന്ത്യയ്ക്ക് കുറഞ്ഞ വിലയിലുള്ള മരുന്നുകൾ, ചികിത്സാ ഉപകരണങ്ങൾ, രോഗനിർണയം, വിദൂര ചികിത്സ, ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും പരിശീലനം, ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങൾ എന്നിവയിലൂടെ ഉസ്ബെക്കിസ്ഥാന്റെ ആരോഗ്യരംഗത്തെ നവീകരിക്കാൻ സഹായിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ആയുർവേദം, യോഗ, യുനാനി തുടങ്ങിയ പരമ്പരാഗത ചികിത്സാരീതികളിലെ സഹകരണം പുനരുജ്ജീവിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
കൃഷിയിലും ഡിജിറ്റൽ മേഖലയിലും സഹകരണം
ഭക്ഷ്യസംസ്കരണം, പൊതിയൽ, ശീതീകരണ ശൃംഖല, കാർഷിക സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം ഇരുരാജ്യങ്ങളിലെയും കർഷകർക്ക് ഗുണകരമായ ആഗോള മൂല്യശൃംഖലകൾ സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. വിവരസാങ്കേതികവിദ്യയിലും ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലും ഉസ്ബെക്കിസ്ഥാനുമായി സഹകരിക്കാൻ ഇന്ത്യ തയ്യാറാണ്. ഡിജിറ്റൽ പൊതുഅടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിനൊപ്പം സാമ്പത്തിക സാങ്കേതികവിദ്യ, കാർഷിക സാങ്കേതികവിദ്യ, ചികിത്സാ സാങ്കേതികവിദ്യ എന്നീ മേഖലകളിലും സഹകരണം ശക്തമാക്കാം. എൻജിനിയറിങ് ഘടകങ്ങൾ, നൂതന ഉൽപ്പാദനം, വാഹനഘടകങ്ങൾ, വാഹനനിർമാണം എന്നിവയും ഭാവിയിലെ സഹകരണത്തിന് പ്രതീക്ഷ നൽകുന്ന മേഖലകളാണെന്ന് അദ്ദേഹം പറഞ്ഞു.
വ്യാപാരതടസ്സങ്ങൾ നീക്കണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവും ഇരുരാജ്യങ്ങളിലെയും ജനങ്ങളെ കൂടുതൽ അടുപ്പിക്കുകയും പങ്കാളിത്തത്തിന് വ്യക്തമായ രാഷ്ട്രീയദിശ നൽകുകയും ചെയ്തതായി പീയൂഷ് ഗോയൽ പറഞ്ഞു. സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപെടൽ ശക്തമാക്കി സാമ്പത്തികബന്ധവും നിക്ഷേപവും തൊഴിലവസരങ്ങളും വർധിപ്പിച്ചാൽ മാത്രമേ ബന്ധത്തിന്റെ പൂർണസാധ്യത പ്രയോജനപ്പെടുത്താനാകൂ. വ്യാപാരതടസ്സങ്ങൾ നീക്കണം. നിലവാരങ്ങൾ, അനുമതികൾ, പരിശോധനകൾ, സർട്ടിഫിക്കേഷൻ നടപടികൾ എന്നിവ പരസ്പരം അംഗീകരിക്കണം. കൂടുതൽ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ കസ്റ്റംസ് സംവിധാനങ്ങളെ ബന്ധിപ്പിക്കുകയും കാര്യക്ഷമമായ വ്യാപാരപാതകൾ സൃഷ്ടിക്കുകയും വേണം. സമയബന്ധിതവും ഫലാധിഷ്ഠിതവുമായ സാമ്പത്തിക പങ്കാളിത്തത്തിനായി ഇരുസർക്കാരുകളും പ്രവർത്തിക്കുന്നുണ്ടെന്നും നിയന്ത്രണ ഏജൻസികളും നിലവാരം നിശ്ചയിക്കുന്ന സ്ഥാപനങ്ങളും സഹകരണം ശക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യ–ഉസ്ബെക്കിസ്ഥാൻ സാമ്പത്തിക പങ്കാളിത്തം കൂടുതൽ വ്യാപാരവും നിക്ഷേപവും സ്ഥാപന സഹകരണവും വഴി ആഴത്തിലാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.