ന്യൂഡൽഹി, 2026 ജൂലൈ 23
2023 ജൂലൈ മുതൽ 2026 ജൂൺ വരെയുള്ള മൂന്ന് വർഷത്തിനിടെ ഇന്ത്യ 12 വിക്ഷേപണ വാഹന ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കി. 11 ഇന്ത്യൻ ഉപഗ്രഹങ്ങളും വിദേശ ഉപയോക്താക്കൾക്കായി ഒമ്പത് ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. രാജ്യസഭയിൽ നൽകിയ എഴുത്തുപരമായ മറുപടിയിലാണ് കേന്ദ്ര ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഇക്കാര്യം അറിയിച്ചത്. വിക്ഷേപണ സൗകര്യങ്ങൾ വികസിപ്പിച്ചും സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൂട്ടിയുമാണ് ഇന്ത്യ ബഹിരാകാശ രംഗത്ത് മുന്നേറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചന്ദ്രന്റെ ദക്ഷിണധ്രുവം മുതൽ ബഹിരാകാശ ഡോക്കിങ് വരെ
ചന്ദ്രയാൻ-3 ദൗത്യത്തിലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം വിജയകരമായി മൃദുവായി ഇറങ്ങിയ ആദ്യ രാജ്യമായി ഇന്ത്യ മാറി. പി.എസ്.എൽ.വി. ഉപയോഗിച്ച് ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ-എൽ1 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള നൂറാമത്തെ വിക്ഷേപണമെന്ന നേട്ടവും ഈ കാലയളവിൽ കൈവരിച്ചു.
സ്പേഡെക്സ് ദൗത്യത്തിലൂടെ ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുകയും വേർപെടുത്തുകയും ചെയ്ത നാലാമത്തെ രാജ്യമായും ഇന്ത്യ മാറി. ചെറു ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ മൂന്നാമത്തെ വികസന പറക്കലോടെ അതിന്റെ നിർമാണം പൂർത്തിയാക്കി. സാങ്കേതികവിദ്യ ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് കൈമാറാനുള്ള കരാറും ഒപ്പുവച്ചു.
നിസാർ വിക്ഷേപണവും ഭാരമേറിയ ഉപഗ്രഹങ്ങളുടെ റെക്കോർഡും
നാസയും ഐ.എസ്.ആർ.ഒയും ചേർന്ന് വികസിപ്പിച്ച ആദ്യ സിന്തറ്റിക് അപ്പർച്ചർ റഡാർ ദൗത്യമായ നിസാർ, ഇന്ത്യയുടെ ജി.എസ്.എൽ.വി. റോക്കറ്റിൽ വിജയകരമായി വിക്ഷേപിച്ചു. സി.എം.എസ്.-03 ദൗത്യത്തിൽ എൽ.വി.എം.-3 ഉപയോഗിച്ച് ഇന്ത്യയിൽനിന്ന് ഭൂസ്ഥിര കൈമാറ്റ ഭ്രമണപഥത്തിലേക്ക് അയച്ചതിൽ ഏറ്റവും ഭാരമേറിയ ഉപഗ്രഹവും വിക്ഷേപിച്ചു.
തുടർന്നുള്ള എൽ.വി.എം.-3 ദൗത്യത്തിൽ അമേരിക്കൻ ഉപയോക്താവിനുവേണ്ടി ഇന്ത്യയിൽനിന്ന് ഇതുവരെ വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹവും ഭ്രമണപഥത്തിലെത്തിച്ചു. ഭൂനിരീക്ഷണം, വാർത്താവിനിമയം, ദിശാനിർണയം, ബഹിരാകാശ ശാസ്ത്രം, പര്യവേക്ഷണം, വാണിജ്യ വിക്ഷേപണം എന്നിവയ്ക്കായി പി.എസ്.എൽ.വി, ജി.എസ്.എൽ.വി, ജി.എസ്.എൽ.വി മാർക്ക്-3, എസ്.എസ്.എൽ.വി എന്നീ നാല് വിക്ഷേപണ വാഹനങ്ങളാണ് രാജ്യം പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്.
ശ്രീഹരിക്കോട്ടയിൽ മൂന്നാം വിക്ഷേപണത്തറ
ഐ.എസ്.ആർ.ഒയുടെ അടുത്ത തലമുറ വിക്ഷേപണ വാഹനങ്ങൾക്കായി ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ മൂന്നാമത്തെ വിക്ഷേപണത്തറ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. നിലവിലുള്ള രണ്ടാം വിക്ഷേപണത്തറയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന സംവിധാനമായും ഇത് പ്രവർത്തിക്കും.
തമിഴ്നാട്ടിലെ കുലശേഖരപട്ടണത്ത് ഇന്ത്യയുടെ രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി എസ്.എസ്.എൽ.വി. വിക്ഷേപണ സമുച്ചയം വികസിപ്പിക്കുകയാണ്. ചെറു ഉപഗ്രഹ വിക്ഷേപണ വാഹനങ്ങൾക്കുപുറമെ സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെയും സർക്കാരിതര സ്ഥാപനങ്ങളുടെയും ദൗത്യങ്ങൾക്കും ഇവിടെ സൗകര്യം ലഭിക്കും.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിലവിലുള്ള ഒന്നും രണ്ടും വിക്ഷേപണത്തറകൾ, വരാനിരിക്കുന്ന മൂന്നാം വിക്ഷേപണത്തറ, കുലശേഖരപട്ടണം സമുച്ചയം എന്നിവ രാജ്യത്തിന്റെ വിക്ഷേപണ ആവശ്യങ്ങൾ നിറവേറ്റാൻ മതിയായ ശേഷി നൽകുമെന്ന് സർക്കാർ വ്യക്തമാക്കി.
സ്വകാര്യ സ്ഥാപനങ്ങൾക്ക് ഐ.എസ്.ആർ.ഒയിൽ പരീക്ഷണ സൗകര്യം
സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സർക്കാരിതര സ്ഥാപനങ്ങൾക്ക് ഐ.എസ്.ആർ.ഒയുടെ കേന്ദ്രങ്ങളിൽ താത്കാലിക പരീക്ഷണ സൗകര്യങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകിയിട്ടുണ്ട്. നിർണായക അടിസ്ഥാനസൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയുന്നതിലൂടെ വിക്ഷേപണ സംവിധാനങ്ങളുടെ വികസനത്തിനും പരിശോധനയ്ക്കുമുള്ള സമയവും ചെലവും കുറയ്ക്കാനാകും.
കുലശേഖരപട്ടണത്തെ രണ്ടാമത്തെ വിക്ഷേപണ സമുച്ചലത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്. ഇത് പ്രവർത്തനം തുടങ്ങുന്നതോടെ ചെറു ഉപഗ്രഹ വിക്ഷേപണങ്ങളുടെ ശേഷിയും വിക്ഷേപണങ്ങളുടെ എണ്ണവും ഉയരും. വർധിച്ചുവരുന്ന വാണിജ്യ വിക്ഷേപണ ആവശ്യങ്ങൾ കൂടുതൽ സൗകര്യപ്രദമായി നിറവേറ്റാനും കഴിയും.
നൂതന ആശയങ്ങൾ, തദ്ദേശീയ സാങ്കേതികവിദ്യ, സ്വകാര്യ പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കാൻ ഇൻ-സ്പേസ് വിവിധ നയപരിഷ്കാരങ്ങളും പ്രോത്സാഹന പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സാമ്പത്തിക സഹായം, അനുമതി നടപടികൾ ലളിതമാക്കൽ, നൈപുണ്യ പരിശീലനം, സാങ്കേതികവിദ്യയുടെ വാണിജ്യവൽക്കരണം, ബഹിരാകാശ ഉൽപ്പാദന കൂട്ടായ്മകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വിക്ഷേപണ വരുമാനത്തിലും പുതിയ സാങ്കേതികവിദ്യകളിലും മുന്നേറ്റം
ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡിന് വിക്ഷേപണ സേവനങ്ങളിൽനിന്ന് 2024-25ൽ 44,743.13 ലക്ഷം രൂപയും 2023-24ൽ 21,821.10 ലക്ഷം രൂപയും 2022-23ൽ 1,16,613.16 ലക്ഷം രൂപയും വരുമാനം ലഭിച്ചു. ഓഡിറ്റ് ചെയ്ത സാമ്പത്തിക കണക്കുകളിലാണ് ഈ വിവരമുള്ളത്.
200 ടൺ തള്ളുശക്തിയുള്ള സെമി ക്രയോജനിക് എൻജിൻ, എൽ.വി.എം.-3ന്റെ ചരക്കുവഹിക്കൽ ശേഷി കൂട്ടുന്ന സെമി ക്രയോജനിക് ബൂസ്റ്റർ ഘട്ടം, ലംബമായി പറന്നുയർന്ന് ലംബമായി ഇറങ്ങുന്ന സാങ്കേതികവിദ്യയിലൂടെ ബൂസ്റ്റർ തിരിച്ചിറക്കൽ എന്നിവ ഐ.എസ്.ആർ.ഒ വികസിപ്പിക്കുകയാണ്.
ഉയർന്ന തള്ളുശക്തിയുള്ള ദ്രവ ഓക്സിജൻ-മീഥെയ്ൻ എൻജിൻ, ഭാഗികമായി വീണ്ടും ഉപയോഗിക്കാവുന്ന അടുത്ത തലമുറ വിക്ഷേപണ വാഹനം, ചിറകുകളുള്ള ഭ്രമണപഥ പുനഃപ്രവേശന വാഹനം, വായു ഉപയോഗിച്ചുള്ള പ്രൊപ്പൽഷൻ സാങ്കേതികവിദ്യ എന്നിവയും വികസനത്തിലാണ്. പുനരുപയോഗ വിക്ഷേപണ വാഹനം ഭ്രമണപഥത്തിലെത്തിച്ചശേഷം അന്തരീക്ഷത്തിലേക്ക് തിരിച്ചിറക്കി റൺവേയിൽ ഇറക്കാനാണ് പദ്ധതി.
2033ഓടെ ഇന്ത്യയുടെ ബഹിരാകാശ സമ്പദ്വ്യവസ്ഥ 44 ബില്യൺ അമേരിക്കൻ ഡോളറിലെത്തിക്കുകയാണ് ഇൻ-സ്പേസിന്റെ ലക്ഷ്യം. അടിസ്ഥാനസൗകര്യ വികസനം, സ്വകാര്യ പങ്കാളിത്തം, നൂതന ആശയങ്ങൾ, ഉൽപ്പാദനം, ആഗോള മത്സരശേഷി എന്നിവ ശക്തിപ്പെടുത്തിയാണ് ഈ ലക്ഷ്യം കൈവരിക്കാൻ ഉദ്ദേശിക്കുന്നത്.