ന്യൂഡൽഹി / 2026 / സെപ്റ്റംബർ 09
കേന്ദ്ര കൽക്കരി മന്ത്രാലയവും കോൾ ഇന്ത്യ ലിമിറ്റഡും ചേർന്ന് ഇന്ത്യൻ കൽക്കരി കമ്പനികൾക്കായുള്ള സമഗ്ര കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത ചട്ടക്കൂട് പുറത്തിറക്കി. കേന്ദ്ര കൽക്കരി-ഖനി മന്ത്രി ജി. കിഷൻ റെഡ്ഡിയാണ് സെപ്റ്റംബർ എട്ടിന് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ചട്ടക്കൂട് പുറത്തിറക്കിയത്. ഇതോടൊപ്പം കോൾ ഇന്ത്യയുടെ പ്രധാന സാമൂഹിക ഉത്തരവാദിത്ത പദ്ധതികളായ തലസീമിയ ബാൽ സേവ യോജനയുടെയും നൻഹാ സാ ദിലിന്റെയും നേട്ടങ്ങളും ആഘോഷിച്ചു. തലസീമിയ ബാൽ സേവ യോജനയിലൂടെ 1,050-ലധികം മജ്ജ മാറ്റിവയ്ക്കൽ ചികിത്സകളും നൻഹാ സാ ദിൽ പദ്ധതിയിലൂടെ 1,500-ലധികം ഹൃദയ ശസ്ത്രക്രിയകളും പൂർത്തിയാക്കി.
അപൂർവ രക്തരോഗങ്ങളുള്ള കുട്ടികൾക്ക് ചികിത്സാ സഹായം
തലസീമിയ, അപ്ലാസ്റ്റിക് അനീമിയ എന്നീ അപൂർവ ജനിതക രക്തരോഗങ്ങളുള്ള കുട്ടികളുടെ ചികിത്സയ്ക്കായാണ് തലസീമിയ ബാൽ സേവ യോജന ആരംഭിച്ചത്. നാല് ആശുപത്രികളുമായി തുടങ്ങിയ പദ്ധതിയുടെ ശൃംഖല ഇപ്പോൾ രാജ്യത്തെ 21 അംഗീകൃത ആശുപത്രികളിലേക്ക് വളർന്നു. ഇത്തരം അപൂർവ ജനിതക രക്തരോഗങ്ങൾക്കായി ഇത്രയും വലിയ ആരോഗ്യപദ്ധതി ഏറ്റെടുത്ത ഇന്ത്യയിലെ ഏക കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് കോൾ ഇന്ത്യയെന്ന് മന്ത്രാലയം അറിയിച്ചു.
നാല് ഘട്ടങ്ങളിലായി 130 കോടി രൂപയാണ് പദ്ധതിയുടെ ആകെ വിഹിതം. മജ്ജ മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി ഓരോ രോഗിക്കും പരമാവധി 10 ലക്ഷം രൂപ നേരിട്ട് അംഗീകൃത ആശുപത്രികൾക്ക് നൽകുന്നു. ഇതുവരെ 1,050-ലധികം മജ്ജ മാറ്റിവയ്ക്കൽ ചികിത്സകൾ പൂർത്തിയാക്കി. ചികിത്സ ലഭിച്ച കുട്ടികളിൽ ഭൂരിഭാഗവും ഇപ്പോൾ സാധാരണ ആരോഗ്യകരമായ ജീവിതം നയിക്കുന്നതായും മന്ത്രാലയം അറിയിച്ചു. തലസീമിക്സ് ഇന്ത്യയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിരീക്ഷണ മാർഗനിർദേശവും പദ്ധതിക്കുണ്ട്.
രണ്ട് ലക്ഷത്തിലധികം കുട്ടികൾക്ക് ഹൃദയ പരിശോധന
ജന്മനാ ഉണ്ടാകുന്ന ഹൃദയവൈകല്യങ്ങൾ കണ്ടെത്തി ചികിത്സിക്കുന്നതിനാണ് നൻഹാ സാ ദിൽ പദ്ധതി. ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 2.4 ലക്ഷം നവജാത ശിശുക്കൾക്ക് ഇത്തരം ഹൃദയവൈകല്യങ്ങൾ ഉണ്ടാകുന്നതായാണ് കണക്ക്. ഇവരിൽ ഏകദേശം അഞ്ച് ശതമാനത്തിന് മാത്രമാണ് സമയബന്ധിത ചികിത്സ ലഭിക്കുന്നത്.
ശ്രീ സത്യസായി ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ ട്രസ്റ്റുമായി ചേർന്നാണ് കോൾ ഇന്ത്യ പദ്ധതി ആരംഭിച്ചത്. 2024 മാർച്ചിൽ ജാർഖണ്ഡിലെ നാല് ജില്ലകളിൽ തുടങ്ങിയ പദ്ധതി പിന്നീട് കോൾ ഇന്ത്യയുടെ ഉപകമ്പനികളായ എസ്.ഇ.സി.എൽ, സി.സി.എൽ, എൻ.സി.എൽ, ഡബ്ല്യു.സി.എൽ എന്നിവയിലൂടെയും വ്യാപിപ്പിച്ചു. ആധുനിക രോഗനിർണയ സംവിധാനങ്ങൾ ഉപയോഗിച്ച് രണ്ട് ലക്ഷത്തിലധികം കുട്ടികളെ ഇതിനകം പരിശോധിച്ചു. 1,500-ലധികം ഹൃദയവൈകല്യ പരിഹാര ശസ്ത്രക്രിയകളും പൂർത്തിയാക്കി. യാത്രയും ആശുപത്രിവാസവും ഉൾപ്പെടെയുള്ള ചെലവുകൾ കുടുംബങ്ങളിൽ നിന്ന് ഈടാക്കാതെയാണ് ചികിത്സ നൽകുന്നത്.
കൽക്കരി മേഖലയ്ക്ക് ആദ്യ പ്രത്യേക സാമൂഹിക ഉത്തരവാദിത്ത ചട്ടക്കൂട്
ഫലത്തെ അടിസ്ഥാനമാക്കിയുള്ള കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് കൽക്കരി മന്ത്രാലയം പുതിയ ചട്ടക്കൂട് പുറത്തിറക്കിയത്. 2013-ലെ കമ്പനി നിയമപ്രകാരം കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം നിയമപരമാക്കിയതിനുശേഷം ഒരു മേഖലയ്ക്കായി തയ്യാറാക്കുന്ന ആദ്യ പ്രത്യേക സാമൂഹിക ഉത്തരവാദിത്ത ചട്ടക്കൂടാണിത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോർപ്പറേറ്റ് അഫയേഴ്സാണ് ഇത് തയ്യാറാക്കിയത്. കൽക്കരി ഖനന മേഖലകളിൽ താമസിക്കുന്ന ജനങ്ങൾക്ക് കൂടുതൽ പ്രയോജനപ്പെടുന്ന, ഫലപ്രദവും ഫലാധിഷ്ഠിതവുമായ സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങൾക്ക് ഇത് മാർഗനിർദേശം നൽകും.
കഴിഞ്ഞ പത്ത് വർഷമായി ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനം, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിൽ കോൾ ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങൾ ജി. കിഷൻ റെഡ്ഡി എടുത്തുപറഞ്ഞു. തലസീമിയ ബാൽ സേവ യോജന, നൻഹാ സാ ദിൽ, എസ്.ഇ.സി.എല്ലിന്റെ സുശ്രുത് പദ്ധതി എന്നിവയെ അദ്ദേഹം അഭിനന്ദിച്ചു. തലസീമിയയും ജന്മനാ ഹൃദയരോഗവും ബാധിച്ച കുട്ടികളെ സഹായിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും പദ്ധതി നടപ്പാക്കുന്ന ഏജൻസികളും മാതാപിതാക്കളുടെ സംഘടനകളും ഉൾപ്പെടുന്ന സമൂഹത്തിന്റെ കൂട്ടായ സമീപനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികളുടെ മികച്ച ഭാവിക്കായി അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും പിന്തുണ നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി.
മികച്ച ചികിത്സയും അന്തസ്സുള്ള ജീവിതവും എല്ലാ കുട്ടികൾക്കും
കേന്ദ്ര കൽക്കരി-ഖനി സഹമന്ത്രി സതീഷ് ചന്ദ്ര ദുബെ, എല്ലാ കുട്ടികൾക്കും മികച്ച ചികിത്സയും ആവശ്യമായ ആരോഗ്യസൗകര്യങ്ങളും അന്തസ്സോടെ ജീവിക്കാനുള്ള അവസരവും ലഭിക്കണമെന്ന് പറഞ്ഞു. തലസീമിയ ബാധിച്ച കുട്ടികൾക്കും കുടുംബങ്ങൾക്കും കോൾ ഇന്ത്യ നൽകുന്ന സഹായത്തെ അദ്ദേഹം അഭിനന്ദിച്ചു.
കേന്ദ്ര കൽക്കരി മന്ത്രാലയ സെക്രട്ടറി വിക്രം ദേവ് ദത്ത്, ആവശ്യക്കാരായ കുട്ടികളിലേക്കും കുടുംബങ്ങളിലേക്കും ജീവൻ രക്ഷിക്കുന്ന ചികിത്സ എത്തിക്കുന്നതിൽ കോൾ ഇന്ത്യയുടെ സാമൂഹിക ഉത്തരവാദിത്ത പദ്ധതികൾ വലിയ മാറ്റമുണ്ടാക്കിയതായി പറഞ്ഞു. ഡോക്ടർമാർ, അംഗീകൃത ആശുപത്രികൾ, പങ്കാളി സംഘടനകൾ എന്നിവരുടെ സേവനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഗുണനിലവാരം ഉറപ്പാക്കിയ ചികിത്സ, തത്സമയ കേസ് നിരീക്ഷണം, സുതാര്യത, ഉത്തരവാദിത്തം, കൂടുതൽ ആളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുള്ള ശേഷി എന്നിവയാണ് പദ്ധതികളുടെ പ്രധാന കരുത്തുകളെന്നും അദ്ദേഹം പറഞ്ഞു.
കൽക്കരി മന്ത്രാലയ അഡീഷണൽ സെക്രട്ടറി രൂപീന്ദർ ബ്രാർ സ്വാഗത പ്രസംഗത്തിൽ, ജനങ്ങളുടെ ജീവിതത്തെ സ്പർശിക്കുകയും സമൂഹങ്ങളെ ശക്തിപ്പെടുത്തുകയും ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ളവർക്ക് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിലാണ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ യഥാർഥ അർഥമെന്ന് പറഞ്ഞു. പ്രാദേശിക ആവശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ളതും കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കുന്നതും വ്യക്തമായ ഫലങ്ങളിലൂടെ വിലയിരുത്തുന്നതുമായിരിക്കണം ഇത്തരം പ്രവർത്തനങ്ങളെന്നും അവർ പറഞ്ഞു. പുതിയ ചട്ടക്കൂട് കൽക്കരി മേഖലയിലെ സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങൾ കൂടുതൽ ക്രമബദ്ധവും സുതാര്യവും ഫലകേന്ദ്രീകൃതവുമാക്കുമെന്നും അവർ വ്യക്തമാക്കി.
മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് യൂണിറ്റ് മേധാവി ഡോ. ശന്തനു സെൻ, ഇന്ത്യയിൽ ഓരോ വർഷവും പതിനായിരത്തിലധികം കുട്ടികൾ തലസീമിയയുമായി ജനിക്കുന്നതായി പറഞ്ഞു. ജീവിതകാലം മുഴുവൻ രക്തം സ്വീകരിക്കേണ്ടിവരുന്ന ഇവരിൽ പലർക്കും ദീർഘകാലം ജീവിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗം ഭേദമാക്കാനുള്ള ചികിത്സ മജ്ജ മാറ്റിവയ്ക്കലാണെന്നും അതിന്റെ വലിയ ചെലവാണ് മാതാപിതാക്കൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. ചെലവേറിയ ഈ ചികിത്സ തലസീമിയ ബാൽ സേവ യോജനയിലൂടെ ലഭ്യമാക്കിയതിന് മെഡിക്കൽ സമൂഹത്തിന്റെ പേരിൽ കോൾ ഇന്ത്യയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
ചികിത്സ ലഭിച്ച കുട്ടികളും കുടുംബങ്ങളും കോൾ ഇന്ത്യ, കൽക്കരി മന്ത്രാലയം, ഡോക്ടർമാർ, ആശുപത്രികൾ, പങ്കാളി സംഘടനകൾ എന്നിവരോട് നന്ദി അറിയിച്ചു. സമയബന്ധിത ചികിത്സ തങ്ങൾക്ക് പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും മികച്ച ഭാവിയിലേക്കുള്ള അവസരവും നൽകിയതായി കുട്ടികൾ പറഞ്ഞു.
ചടങ്ങിൽ തലസീമിയ ബാൽ സേവ യോജനയെക്കുറിച്ചുള്ള പുസ്തകവും പുറത്തിറക്കി. ആരോഗ്യ മേഖലയിലെ കോൾ ഇന്ത്യയുടെ സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഡോക്ടർമാരെയും വിശിഷ്ട വ്യക്തികളെയും ആദരിക്കുകയും ഗുണഭോക്തൃ കുടുംബങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
.