പ്രധാന വിവരങ്ങൾ
- എംപിമാർ കേരളത്തിന്റെ ആവശ്യങ്ങൾക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കണം.
- മാരിടൈം–ഏവിയേഷൻ വികസനത്തിന് കേന്ദ്രസഹായം തേടും.
- സംസ്ഥാനത്തിന്റെ കടബാധ്യതയും ഗ്രാന്റ് കുറവും പരിഹരിക്കണം.
- റെയിൽവേ, ദേശീയപാത പദ്ധതികൾ വേഗത്തിലാക്കും.
- കേന്ദ്രപദ്ധതികൾ നിരീക്ഷിക്കാൻ പ്രത്യേക ഡാഷ്ബോർഡ് ഒരുക്കും
തിരുവനന്തപുരം/2026 ജൂലൈ 10
ഡൽഹിയിൽ കേരളത്തിന്റെ ‘യഥാർഥ അംബാസിഡർമാരായി’ എല്ലാ എം പിമാരും ഒരു ടീമായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങളും വികസന പദ്ധതികളും ചർച്ച ചെയ്യുന്നതിനായി തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ ചേർന്ന എം പിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് പുതിയ ഗവൺമെന്റ് അധികാരത്തിൽ വന്നതിനു ശേഷം ആദ്യമായാണ് ഇത്തരത്തിൽ എം പിമാരുടെ ഔദ്യോഗിക യോഗം വിളിച്ചുചേർക്കുന്നത്. പാർലമെന്റ് സമ്മേളനത്തിന് മുൻപ് സംസ്ഥാനത്തിന്റെ മുൻഗണനാവിഷയങ്ങൾ തയ്യാറാക്കി എം പിമാരുടെ മുന്നിൽ അവതരിപ്പിക്കുക എന്ന പതിവ് രീതിയുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. പാർലമെന്റിനകത്തും പുറത്തും കേന്ദ്രമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ഒരുമിച്ചും ഒറ്റയ്ക്കും സംസാരിച്ച്, അതത് നിയോജകമണ്ഡലങ്ങളിലെ ആവശ്യങ്ങൾക്കൊപ്പം കേരളത്തിന്റെ പൊതുവായ താത്പര്യങ്ങൾ കൂടി ഉയർത്തിപ്പിടിച്ച് കാര്യങ്ങൾ നേടിയെടുക്കാൻ എം പിമാർ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അഭ്യർഥിച്ചു.
കേരളം ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവിലാണ്. കേരളത്തിൽ ഇപ്പോൾ വലിയ തരത്തിലുള്ള ഡെമോഗ്രാഫിക് മാറ്റങ്ങളാണ് നടക്കുന്നത്. യുവജനങ്ങളുടെ എണ്ണം കുറയുകയും പ്രായമേറിയവരുടെ സംഖ്യ വലുതായി വരികയുമാണ് ചെയ്യുന്നത്. സംസ്ഥാനത്തെ ഉയർന്ന ആയുർദൈർഘ്യമാണ് ഇതിന് പ്രധാന കാരണം. സംസ്ഥാനത്തിന്റെ ഇക്കോണമിയെയും പദ്ധതികളെയും ബാധിക്കുന്ന ഈ വിഷയം മുൻനിർത്തിയാണ് ഇന്ത്യയിലാദ്യമായി മുതിർന്ന പൗരന്മാർക്ക് വേണ്ടി ഒരു പ്രത്യേക വകുപ്പ് കേരളത്തിൽ രൂപീകരിച്ചത്. ഇതൊരു വെൽഫെയർ പ്രോജക്റ്റ് മാത്രമല്ലെന്നും മുതിർന്ന പൗരന്മാരെ വീടിനകത്ത് ഒതുക്കാതെ സംസ്ഥാനത്തിന്റെ വികസനത്തിൽ സജീവ പങ്കാളികളാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ വലിയ സ്വപ്നങ്ങളായ പ്രധാന കാര്യങ്ങൾ മുഖ്യമന്ത്രി അവതരിപ്പിച്ചു. രണ്ട് രാജ്യാന്തര തുറമുഖങ്ങളും ഒരു കണ്ടെയ്നർ ടെർമിനലും 17 മിനി തുറമുഖങ്ങളും 600 കിലോമീറ്റർ കടൽത്തീരവുമുള്ള കേരളത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മുഴുവൻ സംസ്ഥാനത്തെയും ഒരു തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കും എന്നതാണ് ഒന്നാമത്തെ കാര്യം. നാല് രാജ്യാന്തര വിമാനത്താവളങ്ങളെ പരസ്പരം ഇന്റഗ്രേറ്റ് ചെയ്ത് 27 ഓളം ഏവിയേഷൻ പ്രോജക്ടുകൾ ഗവൺമെന്റ് തയ്യാറാക്കിയിട്ടുണ്ടെന്നും അതിലേക്ക് സ്വകാര്യ നിക്ഷേപങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ സമ്പത് വ്യവസ്ഥ നിലവിൽ വലിയ കടബാധ്യത നേരിടുകയാണ്. ഖജനാവ് നിറഞ്ഞാൽ മാത്രമേ വികസന പ്രവർത്തനങ്ങളും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ. പൊതുസമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഇത്തരം ക്ഷേമപ്രവർത്തനങ്ങൾ ഭംഗിയായി മുൻപോട്ട് കൊണ്ടുപോകണമെങ്കിൽ സംസ്ഥാനത്ത് നല്ല രീതിയിൽ സാമ്പത്തിക പ്രവർത്തനങ്ങൾ ഉണ്ടാകണം. ഇതിന് കേന്ദ്ര ഗവൺമെന്റിന്റെ പൂർണമായ സഹായം ആവശ്യമാണ്. കേന്ദ്ര സർക്കാരിന്റെ പ്രധാന വരുമാനം സംസ്ഥാനങ്ങളിൽ നിന്നാണ്. കേരളത്തിൽ നിന്നുള്ള ജിഎസ്ടിയുടെ 50 ശതമാനവും ഇൻകം ടാക്സ് മുഴുവനും കേന്ദ്രത്തിലേക്കാണ് പോകുന്നത്. അതുകൊണ്ട് സംസ്ഥാനത്തിന് അവകാശപ്പെട്ട കൃത്യമായ പങ്ക് വാങ്ങിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. പല ഗ്രാന്റുകളും കുറഞ്ഞതോടെ വലിയൊരു സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ ഗവൺമെന്റ് നേരിടുന്നത്. ഈ കുറവ് വേറെ ഏതെങ്കിലും തരത്തിൽ നികത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തേണ്ടതുണ്ട്.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അടുത്തിടെ ഡൽഹിയിൽ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി, പോർട്ട് മന്ത്രി എന്നിവരെ നേരിൽ കണ്ട് മെമ്മോറാണ്ടങ്ങൾ സമർപ്പിച്ചിരുന്നു. കേരളത്തെ ഇന്റഗ്രേറ്റഡ് മാരിടൈം ഏവിയേഷൻ ഗേറ്റ്വേ ആക്കി മാറ്റുന്നതിന് കേന്ദ്ര സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കടമെടുപ്പുമായി ബന്ധപ്പെട്ടും വലിയ പ്രതിസന്ധിയുണ്ട്. വൈദ്യുതി മേഖലയിൽ ഉൾപ്പെടെ തുടങ്ങിയ ധാരാളം പ്രോജക്ടുകൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണിപ്പോൾ.
ദേശീയപാതാ നിർമാണത്തിനായി സംസ്ഥാന ഗവൺമെന്റ് 5,000 കോടിയിലധികം രൂപ നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെ പോർട്ട് കണക്ടിവിറ്റിക്കായി ഔട്ടർ റിങ് റോഡിനായി മാത്രം 3,000 കോടിയിലധികം രൂപ സംസ്ഥാനം നൽകേണ്ടി വരും. കേന്ദ്രത്തിലേക്ക് തിരിച്ചുപോയ ഈ പണം കൂടി കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രിയോട് ആവശ്യപ്പെട്ടപ്പോൾ അവർ തത്വത്തിൽ അത് അംഗീകരിച്ചിട്ടുണ്ടെന്നും അതിനെ പ്രായോഗിക തലത്തിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസിന്റെ ആധുനികവത്ക്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളും പ്രധാനമാണ്. പരിസ്ഥിതിലോല പ്രദേശങ്ങൾ നിർണയിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ ഒരു കേന്ദ്രസംഘം കേരളത്തിലേക്ക് വരുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മുൻപ് കസ്തൂരിരംഗൻ റിപ്പോർട്ട് വന്നതിനു ശേഷം ഉമ്മൻ വി ഉമ്മൻ കമ്മിറ്റി നൽകിയ നിർദേശപ്രകാരം ആദ്യം 123 വില്ലേജുകളായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വില്ലേജുകൾ വിഭജിച്ചപ്പോൾ അത് 131 ആയി മാറുകയും കഴിഞ്ഞ ഗവൺമെന്റ് അത് 98 വില്ലേജുകളാക്കി കുറയ്ക്കുകയും ചെയ്തു. ഇപ്പോൾ വരുന്ന സംഘവുമായി സംസാരിച്ച്, കേരളത്തിലെ പശ്ചിമഘട്ട മേഖലയിലെ കർഷകരെയും അവിടെ ജീവിക്കുന്ന ജനങ്ങളെയും ബാധിക്കാത്ത തരത്തിൽ ഈ വിഷയം കൈകാര്യം ചെയ്യാൻ യോഗം ചേർന്ന് കാര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്രസംഘത്തിന്റെ സന്ദർശനത്തിന് ശേഷം അവരുമായി സംസാരിച്ച് വിവരങ്ങൾ എം പിമാരെ അറിയിക്കും. സമാനമായ പ്രശ്നം ഇഎസ്ഇസഡുമായി (ESZ) ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ ചില താലൂക്കുകളിലുമുണ്ട്. ജനവാസ കേന്ദ്രങ്ങൾ ഇഎസ്ഇസഡ് ആയി പ്രഖ്യാപിച്ചതിൽ ജനങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ട്.
സതേൺ കേരള ഇക്കണോമിക് കോറിഡോർ (തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തുടങ്ങിയ മേഖലകളെ ഉൾപ്പെടുത്തി), വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി തുടങ്ങിയ പ്രഖ്യാപിത പദ്ധതികൾക്ക് കേന്ദ്രസഹായം ആവശ്യമാണ്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്ന് ആയിരത്തിലധികം കോടി രൂപ ലഭിക്കാനുണ്ട്. സപ്ലൈകോ ഇതിനായുള്ള ഓഡിറ്റഡ് അക്കൗണ്ട്സ് സമർപ്പിച്ചിട്ടും തുക ലഭിച്ചിട്ടില്ല.
റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് അങ്കമാലി-ശബരി റെയിൽവേ, കാഞ്ഞങ്ങാട്-പാണത്തൂർ-കാണിയൂർ റെയിൽവേ പാത, തലശ്ശേരി-മൈസൂർ, നിലമ്പൂർ-നഞ്ചൻകോട് തുടങ്ങിയ പദ്ധതികളും ദേശീയപാതാ വികസനം, പിഡിഎസ് മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കൽ, മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ, വ്യോമയാന മേഖലയിലെ കാര്യങ്ങൾ എന്നിവയും അജണ്ടയിലുണ്ട്. സ്ട്രാറ്റജിക് പോർട്ട് റെയിൽ ആൻഡ് ഹൈവേ കണക്ടിവിറ്റി, ഇന്റഗ്രേറ്റഡ് മാരിടൈം ലോജിസ്റ്റിക്സ് ആൻഡ് എയർപോർട്ട് കാർഗോ ഇക്കോസിസ്റ്റം, എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ ആൻറ് ഏവിയേഷൻ കപ്പാസിറ്റി, ഫിഷറീസ് എക്സ്പോർട്സ്, ഗ്രീൻ മാരിടൈം ഫ്യൂവൽ ആൻഡ് ബങ്കറിങ് എക്കോസിസ്റ്റം, എയർപോർട്ട് മൾട്ടി മോഡൽ ഇന്റഗ്രേഷൻ തുടങ്ങിയ മേഖലകളിൽ വലിയ നിക്ഷേപ പിന്തുണ ആവശ്യമാണ്. കേന്ദ്ര പദ്ധതികളുടെ സ്റ്റേറ്റ് ഷെയർ വെച്ചുകൊണ്ടുള്ള പ്രോജക്ടുകളും കൂടുതൽ കേന്ദ്രസഹായവും നമുക്ക് ലഭിക്കേണ്ടതുണ്ട്. കേരളത്തിൽ നിന്നുള്ള എം പിമാർ പാർലമെന്റിൽ കാര്യങ്ങൾ നന്നായി അവതരിപ്പിക്കുന്നവരാണെന്നും ഈ പൊതുവിഷയങ്ങൾ കൂടി പാർലമെന്റിനകത്തും പുറത്തും ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും ഇടയിൽ ഫലപ്രദമായി അവതരിപ്പിച്ച് പിന്തുണ നേടിയെടുക്കാൻ കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
എം പിമാരും സംസ്ഥാന സർക്കാരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കേരളത്തിന്റെ വിഷയങ്ങൾ എം പിമാരെ ബോധ്യപ്പെടുത്തുന്നതിന് ഡൽഹിയിൽ കുറച്ചുകൂടി ഫലപ്രദമായ സംവിധാനം വേണമെന്നതുമാണ് യോഗത്തിൽ ഉയർന്ന പ്രധാന നിർദേശങ്ങളിലൊന്ന്. ഇതിന് മികച്ചതും ഫലപ്രദവുമായ ഒരു സംവിധാനം ഉറപ്പാക്കുമെന്നും ക്യാബിനറ്റിൽ ചർച്ച ചെയ്ത് വളരെ ഗൗരവത്തോടെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ട്രാറ്റജിക് പോർട്ട്, റെയിൽ ഹൈവേ കണക്ടിവിറ്റി, ഇന്റഗ്രേറ്റഡ് മാരിടൈം ലോജിസ്റ്റിക്സ്, എയർപോർട്ട് കാർഗോ എക്കോസിസ്റ്റം, എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ, ഏവിയേഷൻ കപ്പാസിറ്റി എൻഹാൻസ്മെന്റ്, ഫിഷറീസ് എക്സ്പോർട്ട്, ഗ്രീൻ മാരിടൈം ഫ്യൂവൽ തുടങ്ങിയ പ്രോജക്ടുകളെല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ സംസ്ഥാന ഗവൺമെന്റ് വിശദമായി പരിശോധിച്ചിരുന്നു. ഈ പ്രോജക്ടുകളെ പി എം ഗതിശക്തി, ഭാരത്മാല പരിയോജന, സാഗർമാല റെയിൽ കണക്ടിവിറ്റി, നാഷണൽ ലോജിസ്റ്റിക്സ് പോളിസി, മിനിസ്ട്രി ഓഫ് സിവിൽ ഏവിയേഷന്റെ ക്യാപിറ്റൽ പ്രോഗ്രാം, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിപാടികൾ, ഉഡാൻ, നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്ലൈൻ തുടങ്ങിയ കേന്ദ്ര പദ്ധതികളുമായി എങ്ങനെ കണക്ട് ചെയ്യാമെന്ന് വിശദമായി പഠനം നടത്തിയാണ് ഇൻഡിക്കേറ്റീവ് ഇൻവെസ്റ്റ്മെന്റ് സപ്പോർട്ട് തുക നിശ്ചയിച്ചത്. കേന്ദ്രത്തിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചല്ലാതെ അങ്ങോട്ട് പ്രൊപ്പോസൽ കൊടുത്താൽ അംഗീകാരം ലഭിക്കില്ല. അതുകൊണ്ട് പോർട്ട്, ഷിപ്പിങ്, സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് നമ്മുടെ ടീം നന്നായി പരിശ്രമിച്ചാണ് ഈ പ്രോജക്ട് ഉണ്ടാക്കിയത്. ഇതിന്റെ വിശദവിവരങ്ങൾ പാർലമെന്റ് തുടങ്ങുന്നതിന് മുൻപ് തന്നെ എല്ലാ എംപിമാർക്കും ലഭ്യമാക്കും.
എംപിമാർ വിവിധ കമ്മിറ്റികളിൽ അംഗങ്ങളായതിനാൽ മൂന്നോ നാലോ പേരുള്ള ടീം രൂപീകരിച്ച് പ്രവർത്തിക്കുക എന്ന നിർദേശം വളരെ നല്ലതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പ്രൊപ്പോസലുകൾക്കും എല്ലാവരും കൂടി പോകുന്നതിന് പകരം, അതത് കമ്മിറ്റിയിലെ അംഗങ്ങളായ ആളുകൾ ആ വിഷയങ്ങൾ ലീഡ് ചെയ്യണം. നാഷണൽ ഹൈവേ പോലുള്ള പ്രധാന കാര്യങ്ങളിൽ എല്ലാ എം പിമാരും കൂടി മന്ത്രിമാരെ കാണാൻ പോകുന്നതാകും ഉചിതം.
നാഷണൽ ഹൈവേ നിർമ്മാണത്തിന്റെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളിൽ സ്ഥലം ധാരാളമുള്ളതുകൊണ്ട് അവർക്ക് എളുപ്പമാണ്. എന്നാൽ കേരളത്തിൽ ലാൻഡ് അക്വിസിഷൻ കോസ്റ്റ് ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും വരാത്ത അത്രയും കൂടുതലാണ്. അതുകൊണ്ട് പല പ്രോജക്ടുകൾക്കും പല മോഡലുകൾ ചെയ്യേണ്ടി വരും. ചിലതിന് ലാൻഡ് അക്വിസിഷൻ നമ്മൾ ചെയ്യണം, ചിലതിന് മൂന്നിലൊന്നു നമ്മൾ കൊടുക്കേണ്ടി വരും, ചിലതിൽ എസ്ജിഎസ്ടി ഒഴിവാക്കേണ്ടി വരും. എൻഎച്ചുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച ഒരു പ്രത്യേക യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മൺസൂൺ തുടങ്ങുന്നതിന് മുൻപ് തന്നെ അപകടസാധ്യതാ മേഖലകൾ കണ്ടെത്താൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിരുന്നു. കളക്ടർമാർ അപകടസാധ്യതയുള്ള സ്ഥലങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് ഹൈവേ അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട് വലിയ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ചൊവ്വാഴ്ചത്തെ മീറ്റിംഗിൽ കളക്ടർമാരുടെ റിപ്പോർട്ട് വാങ്ങി പ്രശ്നബാധിത പ്രദേശങ്ങൾ പൂർണമായി മനസ്സിലാക്കും.
പണി തീർത്ത സ്ഥലങ്ങളിൽ പോലും സേഫ്റ്റി ഓഡിറ്റിങ് വേണമെന്ന എംപിമാരുടെ നിർദേശം ഗൗരവമുള്ളതാണ്. കേരളത്തിലെ സോയിൽ സ്ട്രക്ചർ ഓരോ സ്ഥലത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. മണ്ണ് പരിശോധന നടത്താതെയാണ് പലയിടത്തും ഹൈവേ കൺസ്ട്രക്ഷൻ നടന്നിരിക്കുന്നത്. വയനാട്ടിലെയും പശ്ചിമഘട്ടത്തിലെയും മണ്ണ് ഒരു എക്സ്പ്ലോഷനോ നിർമാണമോ നടക്കുമ്പോൾ തന്നെ ലൂസ് ആകും. പിന്നീട് നല്ല മഴ പെയ്യുമ്പോൾ ഈ മണ്ണ് താഴേക്ക് ഇരുന്നാണ് മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. പണ്ട് പാലം പണിയുമ്പോൾ സോയിൽ ടെസ്റ്റ് നടത്തി പാറ കണ്ടെത്തിയാണ് പില്ലർ വെച്ചിരുന്നത്. എന്നാൽ കേരളത്തിന്റെ സോയിൽ സ്ട്രക്ചറിനെ കുറിച്ച് കൃത്യമായ പഠനം നടത്താതെയാണ് പലയിടത്തും ഹൈവേ സ്ട്രക്ചർ ഉണ്ടായിട്ടുള്ളത്. അതിന്റെ പരിമിതികൾക്കുള്ളിൽ നിന്ന് സേഫ്റ്റി ഓഡിറ്റ് നടത്തി പരിഹരിക്കും. സെക്കൻഡ് റീച്ചിന്റെയും തേർഡ് റീച്ചിന്റെയും കാര്യം മുന്നോട്ട് കൊണ്ടുപോകുന്നത് ഗൗരവമുള്ള പ്രശ്നമാണ്. ശബരി റെയിൽ ഉൾപ്പെടെയുള്ള റെയിൽവേ പ്രോജക്ടുകളുടെയും എൻ എച്ച് പ്രോജക്ടുകളുടെയും കാര്യത്തിൽ പ്രത്യേക മീറ്റിങ് വിളിച്ച് കേന്ദ്രത്തിന് നൽകാനുള്ള പ്രൊപ്പോസലുകൾ തയ്യാറാക്കും.
അടിസ്ഥാനപരമായ ഒരു പ്രശ്നം ഭൂമി ഏറ്റെടുകളിൽ വരുന്ന താമസമാണ്. അത് കേന്ദ്ര പ്രോജക്ടുകൾക്കായാലും സ്റ്റേറ്റ് പ്രോജക്ടുകൾക്കായാലും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. ഇത് പരിഹരിക്കാൻ ആവശ്യമായ സർവേയർമാരെ റവന്യൂ ഡിപ്പാർട്ട്മെന്റിൽ നിന്ന് നൽകാൻ പ്രഖ്യാപിച്ച നടപടികൾ ഉടൻ ആരംഭിക്കും. ഇത് സ്റ്റേറ്റിന് ലാഭമായിരിക്കും.
ശബരിമലയിലേക്കുള്ള പ്രധാന റോഡുകളെല്ലാം എൻ എച്ച് ആക്കി മെയിന്റെയിൻ ചെയ്യാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. അങ്കമാലി ഹൈവേക്ക് വേണ്ടി ഒരു സ്പെഷ്യൽ സർവേ ടീമിനെ നിയോഗിക്കും. അങ്കമാലി-ശബരി റെയിലിനായി എസ്ജിഎസ്റ്റി ഉപേക്ഷിക്കുന്ന കാര്യം ആലോചനയിലാണ്, താമസം കൂടാതെ തന്നെ കൂടിയാലോചന നടത്തി ഇതിൽ ക്ലിയറൻസ് കൊടുക്കും.
കർണാടക ഗവൺമെന്റുമായി സംസാരിക്കേണ്ട രാത്രികാല യാത്രാ നിരോധനം, തലശ്ശേരി-മൈസൂർ റെയിൽ പാത, കാഞ്ഞങ്ങാട് പാത ഉൾപ്പെടെയുള്ള 50:50 റോഡ് പദ്ധതികൾ, ബൈരക്കുപ്പ ബ്രിഡ്ജ് വിഷയം എന്നിവയ്ക്കായി കർണാടക മുഖ്യമന്ത്രിയുമായി ഉടൻതന്നെ യോഗം ചേരും. ഇതിൽ വയനാട്, കാസർഗോഡ് എംപിമാരും പങ്കെടുക്കും.
മനുഷ്യ – വനന്യജീവി സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുവാദം വേണം. വനാതിർത്തിയിലും സമീപ പ്രദേശങ്ങളിലും മാത്രമല്ല, അടൂരും ചെങ്ങന്നൂരും മറ്റു ടൗണുകളിലേക്കും പന്നി ഇറങ്ങുന്ന ഗൗരവമായ സാഹചര്യമാണുള്ളത്. ഈ വിഷയങ്ങളിലെല്ലാം എം പിമാരുടെ പിന്തുണ ആവശ്യമാണ്. ഈ വിവരങ്ങളെല്ലാം എംപിമാർക്ക് അതത് സമയത്ത് അപ്ഡേറ്റ് ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു പ്രത്യേക ഡാഷ് ബോർഡ് സംവിധാനം ഉണ്ടാക്കും. ഈ ഡാഷ് ബോർഡിൽ കേന്ദ്ര പ്രോജക്ടുകളുടെ നിലവിലെ പൊസിഷൻ, ലാൻഡ് അക്വിസിഷൻ വിവരങ്ങൾ എന്നിവ ട്രാക്ക് ചെയ്യാൻ പറ്റും. കൂടാതെ കേന്ദ്ര സ്കീമുകൾക്കായി ഒരു നോഡൽ ഓഫീസറെ കൂടി അഡീഷണലായി നിയമിക്കും. കേന്ദ്രത്തിൽ നിന്ന് കൂടുതൽ പണം ലഭ്യമാക്കാനും പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുമുള്ള ഈ മെക്കാനിസം നല്ല രീതിയിൽ കൊണ്ടുപോകുമെന്നും എല്ലാവരും ഒരു ടീമായി നിന്ന് കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ കൂട്ടായ പരിശ്രമം നടത്തണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ മുരളീധരൻ, സണ്ണി ജോസഫ്, എൻ ഷംസുദ്ദീൻ, പി സി വിഷ്ണുനാഥ്, എം ലിജു, ബിന്ദു കൃഷ്ണ, കെ എ തുളസി, ഒ ജെ ജനീഷ്, റോജി എം ജോൺ, കെ എം ഷാജി, വി ഇ അബ്ദുൽ ഗഫൂർ, സി പി ജോൺ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്; എംപിമാരായ കെ സുധാകരൻ, രാജ്മോഹൻ ഉണ്ണിത്താൻ, എം കെ രാഘവൻ, എം പി അബ്ദുസമദ് സമദാനി, ഇ ടി മുഹമ്മദ് ബഷീർ, വി കെ ശ്രീകണ്ഠൻ, കെ രാധാകൃഷ്ണൻ, ബെന്നി ബെഹനാൻ, കെ ഫ്രാൻസിസ് ജോർജ്, കൊടിക്കുന്നിൽ സുരേഷ്, എൻ കെ പ്രേമചന്ദ്രൻ, അടൂർ പ്രകാശ്, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, പി പി സുനീർ, വി ശിവദാസൻ, പി വി അബ്ദുൾ വഹാബ്, ഹാരിസ് ബീരാൻ, സി സദാനന്ദൻ മാസ്റ്റർ, പി സന്തോഷ് കുമാർ, എ എ റഹീം, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.

