തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാർ അധികാരത്തിൽ നിന്ന് ഒഴിയുന്നതിന് മുമ്പ് പൊതുമേഖലയിൽ സ്വകാര്യവൽക്കരണ നീക്കങ്ങൾ നടത്തിയെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ ആരോപിച്ചു. ഹൈദരാബാദ് ആസ്ഥാനമായ കമ്പനിക്ക് മോണസൈറ്റ് ക്രാക്കിങ്ങിന് അനുമതി നൽകിയെന്നും കെഎംഎംഎല്ലിന്റെ ധാതുമേഖലയിൽ പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതി നടപ്പാക്കാൻ നടപടികൾ സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മിഡ് വെസ്റ്റ് കമ്പനിക്കായി കരാർ നടപടികൾ 267-ാമത് ബോർഡ് യോഗത്തിൽ തയ്യാറാക്കിയെന്നും എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ യുഡിഎഫിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
സംസ്ഥാനത്ത് നികുതിവെട്ടിപ്പ് വ്യാപകമാണെന്നും അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും വി. ഡി. സതീശൻ പറഞ്ഞു. നികുതി വെട്ടിക്കുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സർക്കാർ കർശന നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് 40 മുതൽ 50 ലക്ഷം വരെ ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നും അവർ സമ്പാദിക്കുന്ന പണത്തിന്റെ വലിയൊരു ഭാഗം ഡിജിറ്റൽ ഇടപാടിലൂടെ സ്വന്തം നാട്ടിലേക്ക് അയയ്ക്കുന്നതായും ഇത് കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ ബാധിക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തൊഴിലാളികളെ ഒഴിവാക്കാനല്ല, ഈ വിഷയത്തെ സമഗ്രമായി പഠിക്കാനാണ് സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.