കോഴിക്കോട്, 2026 ജൂൺ 12 –
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഏകദേശം 10 ലക്ഷം രൂപ വിലവരുന്ന 400 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടികൂടി. കാസർകോട് കാളിമുഖ സ്വദേശി അബ്ദുൾ സാക്കിർ (28) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സംഭവം. 16 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 15,000 പാക്കറ്റിലധികം പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.
മൈസൂരിൽ നിന്ന് കോഴിക്കോട് വഴി എറണാകുളത്തേക്ക് ഒരു സ്വിഫ്റ്റ് കാറിൽ പുകയില ഉൽപന്നങ്ങൾ കടത്തുന്നുവെന്ന രഹസ്യവിവരം സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ചിരുന്നു. തുടർന്ന് പന്തീരാങ്കാവ് പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പരിശോധന ശക്തമാക്കി. പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുവന്ന ഹാൻസ് ഉൾപ്പെടെയുള്ള പുകയില ഉൽപന്നങ്ങളുമായി അബ്ദുൾ സാക്കിർ പിടിയിലായത്.
ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായാണ് പരിശോധന നടന്നത്. കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് സംഘവും സിറ്റി പൊലീസും സംയുക്തമായി ശക്തമായ നിരീക്ഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.