ന്യൂഡൽഹി / 2026 / ഒക്ടോബർ 27
സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ ശുചിത്വം ഉറപ്പാക്കാനും കെട്ടിക്കിടക്കുന്ന കാര്യങ്ങൾ തീർപ്പാക്കാനുമായി നടത്തുന്ന പ്രത്യേക പ്രചാരണം ആറിന്റെ പുരോഗതി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിലയിരുത്തി. ഒക്ടോബർ 27ന് നടക്കുന്ന ഏകദിന കായകൽപ് ശുചിത്വ പ്രവർത്തനങ്ങളുടെ ഒരുക്കങ്ങളും പരിശോധിച്ചു. കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവയുടെ അധ്യക്ഷതയിൽ ഒക്ടോബർ 26ന് ന്യൂഡൽഹിയിലെ കർത്തവ്യ ഭവൻ ഒന്നിൽനിന്ന് ഓൺലൈനായാണ് യോഗം ചേർന്നത്. കേന്ദ്ര സർക്കാർ ആശുപത്രികൾ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര സർക്കാർ ആരോഗ്യപദ്ധതി, ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴിലുള്ള മറ്റ് ഓഫീസുകൾ, യൂണിറ്റുകൾ എന്നിവയുടെ മേധാവികൾ പങ്കെടുത്തു. ശുചിത്വം പതിവ് പ്രവർത്തനത്തിന്റെ ഭാഗമാക്കുകയും പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം.

ചടങ്ങിൽ ഒതുങ്ങരുത്; മാറ്റം കാണാനാകണം
പ്രചാരണം പ്രതീകാത്മക പ്രവർത്തനങ്ങളിൽ ഒതുങ്ങരുതെന്ന് ആരോഗ്യ സെക്രട്ടറി നിർദേശിച്ചു. ശുചിത്വം, സ്ഥലത്തിന്റെ ഉപയോഗം, പൊതുജനാരോഗ്യ സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള പരിപാലനം എന്നിവയിൽ വ്യക്തമായ പുരോഗതി ഉണ്ടാകണം. ദിവസവും ധാരാളം ആളുകൾ എത്തുന്ന ഇടങ്ങളാണ് ആരോഗ്യസ്ഥാപനങ്ങൾ. അതിനാൽ കാര്യക്ഷമമായ സേവനത്തിനും സേവനനിലവാരം ഉയർത്തുന്നതിനും രോഗികളുടെയും സന്ദർശകരുടെയും അനുഭവം മെച്ചപ്പെടുത്തുന്നതിനും ശുചിത്വം അനിവാര്യമാണ്. കായകൽപ് പ്രവർത്തനങ്ങളിൽ സ്ഥാപനങ്ങൾ പൂർണമനസ്സോടെ പങ്കെടുക്കണം. പരിസരങ്ങളുടെ കാഴ്ചയിലും സന്ദർശകരുടെ അനുഭവത്തിലും വേറിട്ട മാറ്റമുണ്ടാകണം. ഈ മാറ്റങ്ങൾ നേരിട്ട് കാണാനും പരിശോധിച്ച് ഉറപ്പാക്കാനും കഴിയണമെന്നും സെക്രട്ടറി പറഞ്ഞു. ശുചീകരണത്തിനായി കണ്ടെത്തിയ സ്ഥലങ്ങളെല്ലാം വൃത്തിയാക്കിയതായും പൊതുജന പരാതികളിലെ അപ്പീലുകൾ ഏതാണ്ട് പൂർണമായി തീർപ്പാക്കിയതായും അവർ അറിയിച്ചു. ലേലവും ഉപയോഗശൂന്യമായ വസ്തുക്കൾ നീക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും വഴി ഏകദേശം 50 ലക്ഷം രൂപ വരുമാനവും ലഭിച്ചു.
മാലിന്യം കുറയ്ക്കാനും സ്ഥലം വീണ്ടെടുക്കാനും നടപടികൾ
ഉപയോഗം കുറയ്ക്കുക, വീണ്ടും ഉപയോഗിക്കുക, പുനഃചംക്രമണം ചെയ്യുക എന്നീ തത്വങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് യോഗം പ്രാധാന്യം നൽകി. ശുചിത്വ നടപടികൾക്കൊപ്പം കീടനിയന്ത്രണം, ജൈവചികിത്സാ മാലിന്യങ്ങളുടെ പരിപാലനം, ഇലക്ട്രോണിക് മാലിന്യങ്ങൾ നീക്കൽ, പൊതുഇടങ്ങളുടെ മെച്ചപ്പെട്ട പരിപാലനം എന്നിവയും ചർച്ചയായി. കാലഹരണപ്പെട്ട രേഖകളും ഉപയോഗശൂന്യമായ വസ്തുക്കളും ഒഴിവാക്കി ഉപയോഗിക്കാവുന്ന സ്ഥലം കണ്ടെത്തണം. സാധ്യമായിടത്ത് ഇലക്ട്രോണിക് ലേലത്തിലൂടെ ഇവ നീക്കി വരുമാനവും നേടണം. ഏറെക്കാലമായി കെട്ടിക്കിടന്ന പാഴ്വസ്തുക്കൾ അംഗീകൃത ലേല സംവിധാനങ്ങളിലൂടെ വിറ്റഴിച്ച അനുഭവങ്ങൾ വിവിധ സ്ഥാപനങ്ങൾ പങ്കുവച്ചു. ഇതിലൂടെ വരുമാനം ലഭിച്ചതിനൊപ്പം സ്ഥാപനങ്ങളുടെ പരിസരത്ത് കൂടുതൽ സ്ഥലം ഉപയോഗിക്കാൻ കഴിഞ്ഞതായും അവ അറിയിച്ചു.
പാഴ്വസ്തുക്കൾക്ക് പുതിയ ഉപയോഗം; പരാതികൾക്ക് ഡിജിറ്റൽ പരിഹാരം
പ്രചാരണത്തിന്റെ ഭാഗമായി നടപ്പാക്കിയ പുതുമയുള്ള പ്രവർത്തനങ്ങൾ പങ്കുവയ്ക്കാനും സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിച്ചു. ഉപേക്ഷിച്ച വസ്തുക്കൾ ചെടിച്ചട്ടികൾ വയ്ക്കാനുള്ള സ്റ്റാൻഡുകളായും സാധനങ്ങൾ സൂക്ഷിക്കാനുള്ള റാക്കുകളായും മാറ്റുക, ഉപയോഗശൂന്യമെന്ന് വിധിച്ച ഫർണിച്ചറുകൾ പുതുക്കിയെടുക്കുക, ചികിത്സാരേഖകൾ ഡിജിറ്റലാക്കി വിലപ്പെട്ട സ്ഥലം വീണ്ടെടുക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. തൈകൾ നട്ട് ഹരിത ഇടങ്ങൾ ഒരുക്കൽ, സമഗ്ര ശുചീകരണം, പൂന്തോട്ട പരിപാലനം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ആരോഗ്യസ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള അന്തരീക്ഷം മെച്ചപ്പെടുത്തിയ അനുഭവങ്ങളും പങ്കുവച്ചു. പരാതികൾ വേഗത്തിൽ തീർപ്പാക്കാനും കെട്ടിക്കിടക്കുന്നവയുടെ എണ്ണം കുറയ്ക്കാനും ചില സ്ഥാപനങ്ങൾ ഡിജിറ്റൽ പരാതി പരിഹാര സംവിധാനങ്ങൾ ആരംഭിച്ചു. അഭിപ്രായങ്ങൾ അറിയിക്കാൻ ക്യുആർ കോഡ് സംവിധാനവും ഏർപ്പെടുത്തി.
സന്ദർശകരുടെ അഭിപ്രായവും വിലയിരുത്തണം
പ്രചാരണത്തിന്റെ ഫലം സന്ദർശകരിൽനിന്നും ഗുണഭോക്താക്കളിൽനിന്നും നേരിട്ട് അഭിപ്രായം തേടിയും വിലയിരുത്തണമെന്ന് ആരോഗ്യ സെക്രട്ടറി നിർദേശിച്ചു. പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും നേട്ടങ്ങൾ നിശ്ചയിച്ച ഡിജിറ്റൽ വേദികളിലൂടെ പങ്കുവയ്ക്കാനും അവർ ആവശ്യപ്പെട്ടു. രോഗികൾക്കും പെൻഷൻകാർക്കും ജീവനക്കാർക്കും സന്ദർശകർക്കും വൃത്തിയുള്ളതും എളുപ്പത്തിൽ എത്തിച്ചേരാവുന്നതും സൗഹൃദപരവുമായ അന്തരീക്ഷം ഒരുക്കണമെന്ന ആഹ്വാനത്തോടെയാണ് യോഗം അവസാനിച്ചത്. ഗുവാഹത്തി, ഋഷികേശ്, ഭുവനേശ്വർ എന്നിവിടങ്ങളിലെ എയിംസ്, ബെംഗളൂരുവിലെ നിംഹാൻസ്, അഹമ്മദാബാദിലെ കേന്ദ്ര ഔഷധ നിലവാര നിയന്ത്രണ സംഘടന, ലേഡി ഹാർഡിങ് മെഡിക്കൽ കോളേജ്, സഫ്ദർജങ് ആശുപത്രി, ഇംഫാലിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവ ഉൾപ്പെടെ രാജ്യത്തെ 336 കേന്ദ്ര ആരോഗ്യസ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. സർക്കാർ ഓഫീസുകളിൽ ശുചിത്വശീലങ്ങൾ സ്ഥിരമാക്കാനും കെട്ടിക്കിടക്കുന്ന കാര്യങ്ങൾ കുറയ്ക്കാനുമുള്ള പ്രത്യേക പ്രചാരണം ആറ് ഒക്ടോബർ രണ്ടുമുതൽ 31 വരെയാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഒക്ടോബർ 27ന് ശുചിത്വത്തിന് ഊന്നൽ നൽകുന്ന ഏകദിന കായകൽപ് പ്രവർത്തനങ്ങൾ മന്ത്രാലയം നടത്തുന്നത്.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.