ലണ്ടൻ, 2026 ജൂൺ 12 –
യുകെയിലെ കിഴക്കൻ ലണ്ടനിലെ ഇൽഫോഡിൽ ഒരു കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ജനൽപ്പടിയിൽ അപകടകരമായി തൂങ്ങിനിന്ന മൂന്നുവയസ്സുകാരിയെ താഴേക്ക് വീഴുന്നതിന് മുമ്പ് രക്ഷപ്പെടുത്തി. വൈകിട്ട് 3.23ന് വിവരം ലഭിച്ചതിനെ തുടർന്ന് ആരംഭിച്ച രക്ഷാപ്രവർത്തനം 3.32ഓടെ വിജയകരമായി പൂർത്തിയായി. തിരക്കേറിയ ഹൈറോഡ് പ്രദേശത്തായിരുന്നു സംഭവം.
മലപ്പുറം ചങ്ങരംകുളം മാന്തടം സ്വദേശി മുഹമ്മദ് ജസീലും ഒരു മെട്രോപൊളിറ്റൻ പോലീസ് ഉദ്യോഗസ്ഥനും ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് പുറത്തുണ്ടായ ബഹളം കേട്ട് ജസീൽ സംഭവം ശ്രദ്ധിച്ചത്. സമയം കളയാതെ സ്ഥലത്തെത്തിയ അദ്ദേഹം, താഴെ നിലയുറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥനൊപ്പം കുട്ടിയെ പിടിക്കാൻ തയ്യാറായി നിന്നു. ഏതാനും നിമിഷങ്ങൾക്കുശേഷം കുട്ടിയുടെ പിടിവിട്ടപ്പോൾ ഇരുവരും ചേർന്ന് കുട്ടിയെ സുരക്ഷിതമായി താങ്ങിയെടുത്തു. കുട്ടിക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല.
2019ൽ പഠനത്തിനായി യുകെയിലെത്തിയ മുഹമ്മദ് ജസീൽ നിലവിൽ ലണ്ടനിൽ ജോലി ചെയ്യുകയാണ്. ഒരു നിമിഷം കൂടി വൈകിയിരുന്നെങ്കിൽ ഗുരുതര അപകടം സംഭവിക്കാമായിരുന്ന സാഹചര്യത്തിലാണ് സമയോചിതമായ ഇടപെടൽ ദുരന്തം ഒഴിവാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ജസീലിന് നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.