കൊച്ചി, 2026 ജൂൺ 10 –
നടി അൻസിബ നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ വനിതാ സെൽ എസ്ഐ രേഷ്മയ്ക്കുമെതിരെ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തി. പരാതിയിൽ കേസ് എടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപി കമ്മിഷണർക്ക് റിപ്പോർട്ട് നൽകി. അൻസിബയ്ക്കെതിരെ ലക്ഷ്മിപ്രിയ നൽകിയ പരാതിയിലും അടിസ്ഥാനമില്ലെന്ന് പോലീസ് വ്യക്തമാക്കി.
ലക്ഷ്മിപ്രിയ നൽകിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ വനിതാ സെല്ലിൽ മൂന്ന് മണിക്കൂറോളം നിയമവിരുദ്ധമായി തടഞ്ഞുവച്ച് മാനസികമായി പീഡിപ്പിച്ചുവെന്നായിരുന്നു അൻസിബയുടെ പരാതി. മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറിയതിനെ തുടർന്ന് തൃക്കാക്കര എസിപി ഇരുനടിമാരുടെയും എസ്ഐയുടെയും മൊഴിയെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പരാതിയിൽ തുടർനടപടിക്ക് അടിസ്ഥാനമില്ലെന്ന നിഗമനത്തിലെത്തിയത്.
എസ്ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും ആവശ്യമായ വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. അൻസിബയും ലക്ഷ്മിപ്രിയയും തമ്മിൽ ഫോണിലൂടെ അയച്ച സന്ദേശത്തെ ചൊല്ലിയുള്ള തർക്കം മാത്രമാണ് വിഷയമെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.