തിരുവനന്തപുരം, 2026 ജൂൺ 4
സംസ്ഥാനത്ത് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തൃശൂർ മുണ്ടത്തിക്കോട്ടെ പടക്കനിർമാണശാല അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
കണ്ണൂർ മുൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നവീൻ ബാബുവിന്റെ മരണത്തിൽ കേന്ദ്ര അന്വേഷണ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവീൻ ബാബുവിന്റെ മകൾക്ക് പ്രത്യേക കേസായി പരിഗണിച്ച് ആശ്രിത നിയമനം നൽകാൻ റവന്യൂ വകുപ്പിന് മന്ത്രിസഭ നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ബോർഡുകളിലും കോർപ്പറേഷനുകളിലും മുൻ സർക്കാരിന്റെ കാലത്ത് നിയമിതരായി ഇപ്പോഴും തുടരുന്ന അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും നിയമാനുസൃതമായി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഈ ഒഴിവുകളിലേക്ക് പിന്നീട് പുതിയ നിയമനങ്ങൾ നടത്തുമെന്നും സർക്കാർ വ്യക്തമാക്കി. കൂടാതെ സംസ്ഥാനത്ത് ഈ മാസം 10 മുതൽ ജൂലായ് 31 വരെ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം ഏർപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിൽ എടുത്ത പ്രധാന തീരുമാനങ്ങളാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്.