തിരുവനന്തപുരം | മേയ് 30
തിരുവനന്തപുരം വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ എൻജിനീയറിംഗ് കോളജിൽ കോളജ് ഡേ പരിപാടിക്കിടെ പുറത്തുനിന്നെത്തിയ സംഘം വിദ്യാർഥികളെ ക്രൂരമായി മർദിച്ചതായി പരാതി. ആക്രമണത്തിൽ വിദ്യാർഥിയായ അൽ അമീന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.
ചെങ്കോട്ടുകോണം സ്വദേശിയും കോളജിലെ വിദ്യാർഥിയുമായ അൽ അമീനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. കോളജ് ഡേ പരിപാടിക്കിടെയുണ്ടായ തർക്കമാണ് പിന്നീട് ആക്രമണത്തിലേക്ക് മാറിയത്.
മദ്യപിച്ചെത്തിയ സംഘമാണ് വിദ്യാർഥികളുമായി ആദ്യം വാക്കുതർക്കത്തിൽ ഏർപ്പെട്ടതെന്നാണ് വിവരം. പിന്നീട് സംഘം വിദ്യാർഥികളെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. അൽ അമീന്റെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണ് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായതായി സ്ഥിരീകരിച്ചത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് കോളജ് ക്യാംപസിലും വിദ്യാർഥികൾക്കിടയിലും ഉയരുന്നത്.
അതേസമയം ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.