ഡൽഹി: മധ്യപൂർവേഷ്യ സംഘർഷാവസ്ഥയിൽ നിലനിൽക്കവെ ഇന്ത്യൻ പൗരന്മാർ ആവശ്യമായ മുൻകരുതലുകളെടുക്കണമെന്ന നിർദേശവുമായി ഇന്ത്യ. സംഘർഷങ്ങളുടെ പ്രഭവകേന്ദ്രങ്ങളായ ഇസ്രയേലിലെയും ഇറാനിലെയും ഇന്ത്യൻ പൗരന്മാർ അങ്ങേയറ്റം ജാഗ്രത പാലിക്കണമെന്ന് ഇരുരാജ്യങ്ങളിലെയും ഇന്ത്യൻ എംബസികൾ അറിയിച്ചിട്ടുണ്ട്.
ഇസ്രയേലിനുള്ളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം
സംഘർഷസാധ്യത നിലനിൽക്കുന്ന മിഡിൽ ഈസ്റ്റിലെ യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും ആവശ്യമായ മുൻകരുതലുകളെടുക്കാൻ ഇന്ത്യൻ പൗരർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇസ്രയേലിനുള്ളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി ഇന്ത്യൻ പൗരർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ പൗരർ ടെൽ അവീവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും നിർദേശത്തിൽ പറയുന്നു. cons1.telaviv<\@>mea.gov.in എന്നതാണ് ഇസ്രയേലിലെ ഇന്ത്യൻ എംബസിയുടെ മെയിൽ. +972547520711, +972542428378 എന്ന നമ്പറിലും ബന്ധപ്പെടാം.
ഇറാനിലുള്ള ഇന്ത്യൻ പൗരർ പരമാവധി വീടുകൾക്കുള്ളിൽതന്നെ കഴിയണമെന്നും നിർദേശം
ഇറാനിലുള്ള ഇന്ത്യൻ പൗരർ പരമാവധി വീടുകൾക്കുള്ളിൽതന്നെ കഴിയണമെന്നും വാർത്തകൾ നിരീക്ഷിച്ച് സാഹചര്യ അവബോധം നിലനിർത്തണമെന്നും ടെഹ്റാനിലെ ഇന്ത്യൻ എംബസിയും അറിയിച്ചിട്ടുണ്ട്.+989128109115, +989128109109, +989128109102, +989932179359 എന്നിവയാണ് ഇറാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനുള്ള നമ്പറുകൾ.
നോർക്ക റൂട്ട്സും ഹെൽപ്ഡെസ്ക് ആരംഭിച്ചിട്ടുണ്ട്.
അതേസമയം, പ്രവാസികളായ മലയാളികൾക്കുവേണ്ടി നോർക്ക റൂട്ട്സും ഹെൽപ്ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിലെ ഹെൽപ് ഡെസ്ക് നമ്പറുകളായ +918802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നന്പർ, ഇന്ത്യയിൽനിന്ന്) എന്നിവയുമായി ബന്ധപ്പെടാം.
Tags : War and fear India warns citizens Iran – Isreal war
