കൊച്ചി: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒൻപത് വയസ്സുകാരി വിനോദിനിക്ക് ഇനി കൃത്രിമ കൈ താങ്ങാകും. കൊച്ചിയിലെ ആശുപത്രിയിൽ വെച്ചാണ് വിനോദിനിക്ക് കൃത്രിമ കൈ ഘടിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കുട്ടിക്ക് കൃത്രിമ കൈ വെക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം നൽകുന്നത്.
സഹായത്തിനായി സർക്കാർ സംവിധാനങ്ങളെ സമീപിച്ചെങ്കിലും അനുകൂലമായ നടപടികൾ ഉണ്ടായില്ല
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൈ ഒടിഞ്ഞതിനെ തുടർന്ന് പല്ലശ്ശന സ്വദേശിയായ വിനോദിനി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ ചികിത്സാ പിഴവിനെ തുടർന്ന് കുട്ടിയുടെ വലതുകൈ മുറിച്ചു മാറ്റേണ്ട സാഹചര്യമുണ്ടായി. ഇതോടെ സ്‌കൂളിൽ പോകാൻ പോലും കഴിയാതെ വിനോദിനിയുടെ ജീവിതം പ്രതിസന്ധിയിലായി. സഹായത്തിനായി സർക്കാർ സംവിധാനങ്ങളെയും മറ്റും സമീപിച്ചെങ്കിലും എവിടെ നിന്നും അനുകൂലമായ നടപടികൾ ഉണ്ടായില്ലെന്ന് കുടുംബം വേദനയോടെ ഓർക്കുന്നു.
.കൈത്താങ്ങായി പ്രതിപക്ഷ നേതാവ്
കൈത്താങ്ങായി പ്രതിപക്ഷ നേതാവ് വിനോദിനിയുടെ ദുരവസ്ഥയെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രതിപക്ഷ നേതാവ് സഹായഹസ്തവുമായി മുന്നോട്ട് വന്നത്. കുട്ടിയുടെ ചികിത്സാ കാര്യങ്ങൾ ഏറ്റെടുക്കുമെന്ന് അറിയിച്ച അദ്ദേഹം, ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന കൃത്രിമ കൈ ലഭ്യമാക്കാൻ മുൻകൈയെടുത്തു.
സാധാരണ കൈ ഉപയോഗിക്കുന്നതിന് സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന മെക്കാനിസമാണ് ഈ കൃത്രിമ കൈക്കുള്ളത്. .. സാധനങ്ങൾ പിടിക്കാനും എഴുതാനും മറ്റ് ദൈനംദിന കാര്യങ്ങൾ ചെയ്യാനും ആവശ്യമായ പിന്തുണ ഈ കൈ നൽകുമെന്ന് വിദഗ്ധർ പറയുന്നു. കൃത്യമായ പരിശീലനത്തിലൂടെ വിനോദിനിക്ക് ഇത് പൂർണ്ണമായി ഉപയോഗിക്കാൻ സാധിക്കും
