ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം കർണാടകത്തിൽ വർധിക്കുന്നതായി കണക്കുകൾ കാണിക്കുന്നു. 2025 ഒക്ടോബർ വരെ സംസ്ഥാനത്ത് 2,623 ബാലികാ വിവാഹ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തതായി വനിതാ-ശിശുക്ഷേമ വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു. ഐടി നഗരമായ ബെംഗളൂരുവിൽ ഉൾപ്പെടെ ബാലികാവിവാഹങ്ങൾ നടക്കുന്നതായും ഇത് സൂചിപ്പിക്കുന്നു. ബെംഗളൂരുവിൽ 2023 മുതൽ 2025 ഒക്ടോബർ വരെ 324 ബാലികാ വിവാഹ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തു. വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ നിയമസഭയിൽ വെളിപ്പെടുത്തിയതാണ് ഈ വിവരങ്ങൾ.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ 2,170 വിവാഹങ്ങൾ, 8,351 ബാലികാ വിവാഹ ശ്രമങ്ങൾ
കഴിഞ്ഞ മൂന്നു വർഷത്തിനിടെ 8,351 ബാലികാ വിവാഹ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 6,181 വിവാഹങ്ങൾ തടസ്സപ്പെടുത്തി പെൺകുട്ടികളെ രക്ഷപ്പെടുത്താനായി. 2,170 വിവാഹങ്ങൾ തടയാനായില്ല. ഇത്രയും ബാലികാവിവാഹങ്ങളിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായും മന്ത്രി ചോദ്യത്തിനുത്തരമായി എഴുതി നൽകിയ മറുപടിയിൽ വ്യക്തമാക്കി
